Saturday, August 28, 2010

"സാറേ, സാറും????" (You too Brutus?????)

     സകല വിദ്വാന്മാരുടെയും ഓണം പോസ്റ്റുകള്‍ വായിച്ചു രസിച്ച് ഇത്തവണത്തെ ഓണം അങ്ങനെയങ്ങ് ആഘോഷിച്ചു.  മാവേലി കണ്ട കേരളം വായിച്ച് വായിച്ച്, ആഘോഷങ്ങളൊക്കെ കാണുമ്പോള്‍ സ്വയം, മാവേലിയുടെ മനസ്സും ഗര്‍വ്വും ഒപ്പം തന്നെ നിരാശയും  തോന്നി.  എന്നാലും അവിടവിടെ ചില ചെറിയ ചെറിയ നുറുങ്ങു രസങ്ങളും കാണാന്‍ പറ്റി.
    കുഞ്ഞു നാളില്‍ ‍, അച്ഛനമ്മമാരോടൊത്ത് നഗരത്തില്‍ ഓണം വാരാഘോഷം കാണാന്‍ പോയതൊക്കെ ഓര്‍മ്മ വന്നു.  അന്നൊക്കെ ശരിക്കും വാരാഘോഷം തന്നെയായിരുന്നു.  ഒരാഴ്ച മുഴുവനും കണ്ടാലും തീരാത്ത കാഴ്ചകള്‍ ‍, വൈവിദ്ധ്യമാര്‍ന്ന മേളകള്‍ ‍, രസകരമായ കലാപരിപാടികള്‍ ‍, ഒടുവില്‍ കലാശക്കൊട്ടായി ഘോഷയാത്രയും.
    ഇന്ന്, അതൊന്നുമില്ല.  ആസ്വദിക്കാനെത്തുന്നവരെക്കാള്‍ നടത്തിപ്പുകാര്‍ക്കായി വാരാഘോഷത്തിന്റെ ആവേശം... ദീപസ്തംഭം മഹാശ്ചര്യം...... ഭാരതീയ കരകൌശലമേള എന്ന്  കമാനങ്ങള്‍ കളവ് പറഞ്ഞിടത്തെല്ലാം ചൈനീസ് ചവറുകളുടെ അപകടകരമായ അധിനിവേശം.... ആരോട് പറയാന്‍!!!  കനകക്കുന്ന്, സൂര്യകാന്തിയിലെ എക്സിബിഷന്‍ സ്റ്റാളുകളിലൊന്നില്‍ നമ്മുടെ കാപ്പിലാന്റെ "ബൂലോകം ഓ
ണ്‍ലൈന്‍" മാസിക എല്ലാപേര്‍ക്കും സൌജന്യമായി വിതരണം ചെയ്യുന്നതും കണ്ടു.
  തലസ്ഥാനത്ത് എതു സമയത്തെയും പോലത്തെ മേളകളേ ഓ
ണത്തിനും കാണാന്‍ കഴിഞ്ഞുള്ളൂ.  പ്രവേശന കവാടത്തിനരികില്‍ തന്നെയുള്ള മുളകുബജിസ്റ്റാള്‍ , കരിമ്പില്‍ ജ്യൂസ് സ്റ്റാള്‍ ‍, പിന്നെ വര്‍ഷങ്ങളായി കണ്ടുമടുത്ത ഉത്തരേന്ത്യന്‍ വള, മാല, കമ്മല്‍ തുടങ്ങിയവ.... ശരിക്കും മടുത്തു ഇവയൊക്കെ. ഹാ, അതൊക്കെ പോട്ടേ.......

    തിരുവോണത്തിന്റെയന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ വീടിനു മുന്നിലുള്ള റോഡില്‍ ‍, ചുറ്റുവട്ടത്തെ പയ്യന്മാരുടെ ഓണാഘോഷത്തിന്റെ ബഹളം... ഷാക്കിറയുടേ 'വക്കാ വക്കാ' കേട്ടാണുണര്‍ന്നത്.  അതിരാവിലെ, അതും തിരുവോണത്തിന്, വക്കാ വക്കാ.....ശരിക്കും ദേഷ്യം വന്നു.  പക്ഷേ, രണ്ടാം നിലയിലെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ചെറിയൊരു  പുഞ്ചിരി ഞാനറിയാതെ എന്റെ മുഖത്ത് വിടര്‍ന്നു.  പുതിയ തലമുറയിലെ കൌമാരക്കാര്‍ ഗംഭീരമായ ഒരു പൂക്കളം ഒരുക്കുന്ന തിരക്കില്‍ ‍. പയ്യന്മാരുടെ ഉത്സാഹം വളരെ നാളുകള്‍ക്ക് ശേഷമാണ് കാണുന്നത്. 
    അത്തപ്പൂക്കളവും, ഓണക്കളികളും എല്ലാം നിറഞ്ഞ ആഘോഷത്തിന്റെ പ്രതീതി.  എല്ലാത്തിനും നേതൃത്വത്തില്‍ത്തന്നെ നമ്മുടെ "ഓടയില്‍ രവിയും" ഉണ്ട്.  നാട്ടിലെ ആസ്ഥാന തെങ്ങ് കയറ്റ മാന്ത്രികനാണ് പുള്ളി; എറ്റവും ഡിമാന്റുള്ള സ്കില്‍ഡ് വര്‍ക്കര്‍ ‍!  ഒരു കഷണം മാംസം ഒരു കുഴലിലൂടെ കടത്തി, അതിന് കയ്യും കാലും വച്ച്, കുറച്ച് അഹങ്കാരവും ചാലിച്ചു ചേര്‍ത്താല്‍ ഓടയില്‍ രവിയായി.  40-45 വയസ്സ് പ്രായത്തില്‍ (കണ്ടാല്‍ പ്രായം തോന്നിക്കുകേ ഇല്ല, സത്യം) ഒരു ഭാര്യയും, അറിയപ്പെടുന്ന മൂന്ന് മക്കളും ഇഷ്ടനു സ്വന്തമായുണ്ട്. രവിയുടെ സകല കലാപരിപാടികളുടെയും പ്രധാന ആസ്വാദകയും വിമര്‍ശകയും (പലപ്പോഴും ചൂലു കൊണ്ട് എന്ന് ചില കുബുദ്ധികള്‍ പറയും) ഇതിയാന്റെ ഭാര്യ ശകുന്തളയാണ്. രാത്രി 9 മണി കഴിഞ്ഞാല്‍ മിക്കവാറും  വെള്ളമടിച്ച് സമീപത്തെ
ടയില്‍ വിശ്രമം.  അതുകൊണ്ടാണ് ഓടയില്‍ രവി എന്ന പേരു വന്നത്. പകല്‍ മുഴുവന്‍ ചീവീട് പോലെ പാറി നടക്കുന്ന രവി രാത്രിയായാല്‍ പാമ്പാവും.
    ഇന്ന്, ഓ
ണാഘോഷത്തിന്റെ പ്രധാന സംഘാടകനായി രാവിലെ മുതല്‍ തന്റെ ടൂത്ത്ബ്രഷ് പോലത്തെ ശരീരവുമായി രവി മുന്നില്‍ തന്നെയുണ്ട്.  നല്ല മൂഡിലെങ്കില്‍ രവി എത്ര മിടുക്കന്‍! 'മറ്റേവന്‍' ഉള്ളില്‍ ചെന്നാലോ, കഴിഞ്ഞു കാര്യം.
    ഞങ്ങളുടെ വീട്ടുമുറ്റത്താണ് പൂക്കള്‍ നിരത്തിയിട്ടിരിക്കുന്നത്.  കുട്ടികളുടെ സംഘത്തിനായിരുന്നു പൂവിറുക്കാന്‍ ആവേശം.  ജമന്തിയും വാടാമുല്ലയും, താമരമൊട്ടും, ചെറിയ ഇലകളും, അരളിയുമൊക്കെയായി നല്ല കളക്ഷന്‍.  ഇതൊക്കെ കണ്ടു നിന്ന എന്റെ അമ്മയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കൊഴിഞ്ഞുകിടക്കുന്ന പൂക്കളുടെ അവശിഷ്ടം നമ്മുടെ തെങ്ങിന്‍ ചുവട്ടിലിടണം - ഭാഗ്യത്തിന് നല്ല പൂച്ചെടികള്‍ അവയില്‍ നിന്ന് കിളിര്‍ത്താലോ...
              ബേക്കറി നടത്തുന്ന കുഞ്ഞുമോന്റെ നാലുവയസ്സുകാരി മകള്‍ മണിക്കുട്ടി എല്ല്ലാ ഉത്സാഹക്കമ്മറ്റിയിലും പോലെ ഇവിടെയും പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.  പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും എല്ലാത്തിനും മണിക്കുട്ടി തന്നെ മുന്നില്‍ , കൂട്ടത്തിലവളുടെ സ്ക്കിപ്പിംഗ് റോപ്പും....സ്ക്കിപ്പിംഗാണ് പ്രധാന വിനോദം, സന്തോഷം, സങ്കടം,  ബോറടി എന്തായാലും  മണിക്കുട്ടി സ്ക്കിപ്പ് ചെയ്യും. . 
    ഉച്ചയോടെയേ പൂക്കളം റെഡിയായുള്ളൂ.  മൊബൈല്‍ ക്യാമറകളില്‍ ഇതൊക്കെ പകര്‍ത്താന്‍ പിള്ളേരുടെ ആവേശം.  കാലം മാറിയ മാറ്റമേ, എന്റെ ഉള്ളിലെ മഹാബലി വര്‍ഷങ്ങള്‍ പിന്നോട്ട് നടന്ന് നെടുവീര്‍പ്പിട്ടു.  അത്തപ്പൂവിന്റെ നടുവില്‍ ചാണക ഉണ്ട കൊണ്ടുള്ള ഗണപതി സങ്കല്‍പ്പത്തിനു മാത്രം മാറ്റം വന്നില്ല.
    വൈകുന്നേരം ആറ് മണിയൊടെ തൊട്ടടുത്ത അരശിന്‍മൂട് അമ്പലത്തിലെ ദീപാരാധനക്കു ശേഷം മത്സരങ്ങള്‍ ആരംഭിക്കുകയായി.  ശ്രീകൃഷ്ണജയന്തിക്ക് കാണുന്ന ഉറിയടി, ആടിച്ചൊവ്വയ്ക്ക് അലങ്കാരമാകുന്ന കൊച്ചു പെണ്‍കുട്ടികളുടെ കോലാട്ടം കളി, കുറുകെ വച്ചുകെട്ടിയ തെങ്ങിന്‍തടിയ്ക്ക് മുകളില്‍ ഇരുന്ന് വൈക്കോല്‍ നിറച്ച തലയിണ കൊണ്ടുള്ള പില്ലോ ഫൈറ്റ്, ഇതിനെല്ലാം അകമ്പടിയായി ആര്‍പ്പുവിളിയും കൈയ്യടിയും, മണിക്കുട്ടി ഇതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പാറി നടക്കുന്നുണ്ട്.....ആകെ രസകരമായ വര്‍ണ്ണക്കാഴ്ച.  ഇടക്കെപ്പോഴോ മുഖ്യസംഘാടകനായ ഓടയില്‍ രവിയെ കാണാതായിരിക്കുന്നു....ഞാന്‍ മാത്രം അത് ശ്രദ്ധിച്ചു.  രസകരമായ പല പ്രകടനങ്ങളും ബോധത്തൊടെയും ബോധമില്ലാതെയും രവി കാഴ്ചവച്ചിട്ടുള്ളത് കൊണ്ട് എന്റെ കണ്ണുകള്‍ അവനെ തിരയുകയായിരുന്നു.
    ഒടുവില്‍ ‍, ചെയിനിട്ട വാസുവേട്ടന്റെ (ആ പേരിനെക്കുറിച്ചും അങ്ങേരുടെ സാഹസങ്ങളെക്കുറിച്ചും പിന്നൊരിക്കല്‍ പറയാം) നേതൃത്വത്തിലുള്ള നാടന്‍ പാട്ടു പരിപാടി കഴിഞ്ഞ്, കലാശക്കൊട്ടായി വടംവലി മത്സരം പ്രഖ്യാപിച്ചു.  "മിസ്സ് വേള്‍ഡ് ലേഡീസ് സ്റ്റോര്‍ ‍" ഉടമ റൊമാന്‍സ് കുമാരന്‍ എന്നറിയപ്പെടുന്ന ചന്ദ്രേട്ടന്‍ സ്പോണ്‍സര്‍ ചെയ്ത ഒരു ട്രോഫിയാണ് സമ്മാനം.   പിങ്ക്‍ നിറത്തിലുള്ള റിബണും ചുറ്റി ട്രോഫി ഒരു മേശയില്‍ ഇരുപ്പുണ്ട്.  മണിക്കുട്ടി സമ്മാനദാനം നിര്‍വ്വഹിക്കാനെന്നപോലെ ട്രോഫിക്കടുത്ത് തന്നെ നില്‍പ്പുണ്ട്, കൈയ്യില്‍ തന്റെ സ്ക്കിപ്പിംഗ് റോപ്പുമുണ്ട്.
    പെട്ടെന്നു തന്നെ രണ്ട് ടീമുകള്‍ രൂപപ്പെട്ടു. 'പുട്ടുപൊടി' വത്സലച്ചേച്ചിയും (വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി അരച്ച മാവും പുട്ടുപൊടിയും പാക്കറ്റിലാക്കി നാട്ടില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത് ഇവരാണ്), ചെയിനിട്ട വാസുവേട്ടന്റെ ഭാര്യ മന്ദാരവും എതിര്‍ ടീമുകളില്‍ നേര്‍ക്കുനേര്‍ നിന്നു.  കിങ്ങിണിപ്പിള്ളേരും പയ്യന്മാരും നിരന്നുനിന്ന് വടം പിടിച്ചു. കൌമാരപ്പൂവാലന്മാര്‍ ഒന്നിലും പങ്കെടുക്കാതെ തോളില്‍ കൈയ്യും ഇട്ട് നിന്ന് ആസ്വദിച്ചു. 
ടയില്‍ രവിയുടെ ഭാര്യ ശകുന്തള, വടത്തിനു നടുവിലായി കര്‍ചീഫ് കെട്ടി അടയാളം രേഖപ്പെടുത്തി.  മണിക്കുട്ടി ഉടനെതന്നെ അത് പരിശോധിച്ച് തൃപ്തിവരുത്തി.  റഫറിയായി സ്ഥലത്തെ പൊതുസമ്മതനായ ഭാര്‍ഗ്ഗവന്‍ സാര്‍ ‍, വേള്‍ഡ് കപ്പ് ഫൈനലിനു നില്ക്കും പോലെ ടെന്‍ഷനിലായി.  ഒന്നു രണ്ട് ട്രയല്‍ വലികള്‍ നടന്നു.  പൊട്ടിച്ചിരികളും ആര്‍പ്പ് വിളികളും അന്തരീക്ഷം രസകരമാക്കി.
    ഒടുവില്‍ ‍, ഫൈനല്‍ വടം വലിക്കായി എല്ലാപേരും സജ്ജരായി.  ഗുസ്തിക്കാരന്‍ നിലത്തുറച്ചു നില്‍ക്കുന്നതുപോലെ ഭാര്‍ഗവന്‍ സാര്‍ ചുവടുറപ്പിക്കുന്നത് കണ്ടാല്‍ ഇങ്ങേരെന്താ ഫുഡ് ബോളിലെ ഗോളി വേഷം പഠിക്കുകയാണോ എന്നു തോന്നിപ്പോകും.  പുട്ടുപൊടി വത്സലയും മന്ദാരവും സ്വയം, ടീമുകളുടെ നായകസ്ഥാനം എന്ന ഭാരിച്ച ഉത്തരവാദിത്വം എറ്റെടുത്ത മുഖഭാവത്തോടെ, ഒളിമ്പ്യന്മാരുടെ ഗമയോടെ പരസ്പരം നോക്കി.  ഭാര്‍ഗ്ഗവന്‍സാര്‍ റെഡി പറയാന്‍ റെഡിയായി. 
    "റെഡി, വണ്‍ ‍..ടൂ...."
    പെട്ടെന്ന് ഒരു അശരീരി.."ആരെടാ അവിടെ? @#&*&%;... ആരോടു ചോദിച്ചൊട്ടാണെടാ?"  അശരീരിക്കൊപ്പം പതുക്കെ ദേഹവും തെളിഞ്ഞു വന്നു.  ഭാര്‍ഗ്ഗവന്‍ സാര്‍ ഒന്നു ഞെട്ടി.  എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ടായി. "ആരോടു ചോദിച്ചിട്ടാണെടേ വഴം വഴി (വടം വലി)?" ശബ്ദം കൂടുന്നതിനനുസരിച്ച് കുഴയുന്നുമുണ്ട്.
    "ദൈവമേ, തിരുവോണത്തിനും ഇങ്ങേരെക്കൊണ്ട്....... "  ശകുന്തളയുടെ  ഉച്ചത്തിലായ ആത്മഗതം ആളെ തിരിച്ചറിയാന്‍ സഹായിച്ചു.  ഓടയില്‍ രവി ഫുള്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കുന്നു.
    "ആരോടു ചോദിച്ചിട്ടാണെടേ ഇവിടെ വഴം വലി വച്ചത്?"
    "ചേട്ടനല്ലെ രാവിലെ വടവും കൊണ്ട് തന്ന് ഈ ഐറ്റത്തിന്റെ ഐഡിയ തന്നത്?" എല്ലാപേരും ഒരു നിമിഷം സൈലന്റായപ്പോള്‍ മേലേവീട്ടിലെ തമ്പിക്കുട്ടന്‍ ഇത്രേം പറയാന്‍ തന്റേടം കാട്ടി.   മണിക്കുട്ടി അറിയാതെ കൈയ്യടിച്ചും പോയി.
    "മോനേ, ഇതെന്റെ അന്നമാടാ..... എന്റെ പണിയായുധം.... ഞാന്‍ തെങ്ങു മുറിക്കാന്‍ കൊണ്ട് പോണ വഴം...", രവി വിതുമ്പി...കണ്ടു നിന്നവരില്‍ സഹതാപം തുളുമ്പി.
    ഉടനേ കപ്പും കൊണ്ട് പോകാമെന്ന് പ്രതീക്ഷിച്ചു നിന്ന വത്സലച്ചേച്ചിയും മാന്ദാരവും ആകെ ചമ്മി, പതുക്കെ കാലുകള്‍ പിന്നിലേക്ക് വച്ച് മുങ്ങാന്‍ ഭാവിച്ചു.
    "വത്സലചേച്ചീ, മന്ദാരമ്മാ, നിങ്ങളും ഇതിനു കൂട്ടാണല്ലേ..." രവി വിങ്ങിപ്പൊട്ടുമെന്ന് തോന്നി.
    ആള്‍ക്കൂട്ടത്തിന്റെ ഉന്തിലും തള്ളിലും പെട്ട് ഒഴിഞ്ഞുമാറാനാവാതെ മുന്‍ നിരയില്‍ തന്നെ പെട്ടുപോയ  ഭാര്‍ഗ്ഗവന്‍ സാറിനോടായി പിന്നെ, "സാറേ, സാറും????" (You too Brutus???? എനിക്കോര്‍മ്മ വന്നുഇത്തവണ രവി ശരിക്കും വിങ്ങിപ്പൊട്ടി.  മണിക്കുട്ടി വലതു കൈകൊണ്ട് വായും മൂക്കും പൊത്തിയതുകൊണ്ട് അവള്‍ ചിരിക്കുകയാണോ ചിന്തിക്കുകയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല.

    രവി പിന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് , കണ്ണീരോടെ  വടം തന്റെ കൈയ്യില്‍ ചുറ്റി എടുക്കാന്‍ തുടങ്ങി.  അടിപൊളിയായി നടന്ന ആഘോഷം ആകെ മ്ലാനമായി.  വിഷമവും, സഹതാപവും, നിശബ്ദതയും ...... ആകെ കുളമായി....എന്തു സന്തോഷവും, ചിരിയും ബഹളവും ആയിരുന്നു അതുവരെ.....
    രവി തന്റെ വടം മുഴുവന്‍ വാരിചുറ്റി കണ്ണും മുഖവും തുടച്ച് പോകാനൊരുങ്ങി.....ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. രവി തിരിഞ്ഞു നടന്നു......
    പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി, "രവിമാമാ, ഇതാ ട്രോഫി....." മണിക്കുട്ടിയുടെ നിഷകളങ്കനായ മുഖം....ട്രോഫി തന്റെ കൊച്ചു കൈയ്യില്‍ എടുത്ത് രവിയുടെ നേരെ നീട്ടി.  
    അരക്ഷണത്തിന്റെ നിശബ്ദത ഭേദിച്ചുകൊണ്ട് എല്ലാപേരും പൊട്ടിച്ചിരിച്ചു.   വടം വലിച്ചു കൊണ്ട് പോകുന്നവരാണല്ലോ വിജയികള്‍ ‍, അവര്‍ക്കാണല്ലോ ട്രോഫി......പാവം മണിക്കുട്ടി വിജയിക്കു തന്നെ ട്രോഫി സമ്മാനിക്കാനൊരുങ്ങുന്നു.  രവിയുടെ മുഖത്ത് എന്തൊക്കെ വികാരങ്ങള്‍ വന്നെന്ന് എനിക്ക് വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല....... ചിരിയും, കരച്ചിലും, ചമ്മലും...... ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ബഹളവും തിരികെയെത്തി...... ആ കുഞ്ഞിന്റെ നിഷ്കളങ്കതക്കുമുന്നില്‍ രവി തോറ്റു പോയോ?  ആകെ ചമ്മി നാറി ചിരിച്ച് രവി വടം തിരികെ വച്ചു...... "ഹേേയ്യ്...." മന്ദാരം അറിയാതെ കൂവിപ്പോയി........ മണിക്കുട്ടിയുടെ മുഖം തുടുത്തു.......നേരത്തേ, വായും  മൂക്കും പൊത്തിനിന്ന് ഈ കിങ്ങിണി ഇതാണോ ആലോചിച്ചത്!!!!!! ടീമുകള്‍ വീണ്ടും അണിനിരക്കുന്നതിനിടെ സന്തോഷം കൊണ്ടവള്‍ക്കിരിക്കാന്‍ വയ്യാതെ...മണിക്കുട്ടി തന്റെ സ്ക്കിപ്പിംഗ് റോപ്പില്‍ ഓണം തകൃതിയായി ആഘോഷിക്കാന്‍ തുടങ്ങി..........
    മണിക്കുട്ടി 
മണിക്കുട്ടി