Monday, December 27, 2010

ജൂലീ.... ഐ ലവ് യൂ.........


“ജൂലി, ഒരു മഹാമൃത്യുഞ്ജയ ഹോമം”
“നാള്?”, അമ്പലത്തിലെ വഴിപാട് കൌണ്ടറിലിരുന്ന ഭാര്‍ഗ്ഗവന്‍സാര്‍ മുഖമുയര്‍ത്താതെ കണ്ണടയ്ക്കിടയിലൂടെ കണ്ണു മാത്രം മുകളിലേയ്ക്കുയര്‍ത്തി ഒന്ന് നോക്കി. പിന്നെ, അവിശ്വനീയതയോടെ കണ്ണട നേരെയാക്കി മുഖമുയര്‍ത്തി ഒന്നുകൂടി വ്യക്തമായി നോക്കി. അമ്പലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മഹാദേവന്‍! - കരുണന്‍ മാഷിന്റെ മകന്‍! അതും ഒരു പെണ്‍കുട്ടിയുടെ പേരില്‍ മഹാമൃത്യുഞ്ജയഹോമം നടത്താന്‍...
“എന്താ നാള്?” ഭാര്‍ഗ്ഗവന്‍ സാര്‍ ചോദ്യം ആവര്‍ത്തിച്ചു.
“അത്..നാള്...അതറിയില്ല... എന്റെ നാള് പറഞ്ഞാല്‍ മതിയോ?” മഹാദേവന്‍ പരുങ്ങി.
“ആരുടെ പേരിലാ വഴിപാട് അവരുടെ നാള് തന്നെ വേണം”, മഹാദേവന്റെ നെറ്റിയിലും മൂക്കിന്റെ തുമ്പിലും പെട്ടെന്ന് പൊടിഞ്ഞ വിയര്‍പ്പ് കണ്ട് ഭാര്‍ഗ്ഗവന്‍സാര്‍ തന്റെ കണ്ണട ഇടത്തേകൈ കൊണ്ട് എടുത്തിട്ട് ചോദിച്ചു, “അല്ല മോനേ, ആരാ ഈ ജൂലി?” അതൊരു കൃസ്ത്യാനിക്കുട്ടിയുടെ പേരല്ലേയെന്ന് ഭാര്‍ഗ്ഗവന്‍സാറിന് സംശയമായി.
“അത്...അത്...എന്റെ ഫ്രണ്ടാ അങ്കിളേ... നാള് ….. ഹ്ങാ... ച്..ചോതി...” സ്വന്തം നാള് തന്നെ അവര്‍ തട്ടിവിട്ടു. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു അവിടുന്ന്.
“മൃത്യുഞ്ജയഹോമമെന്തിനാ മോനേ? ജീവഭയം ഉണ്ടോ ആ കുട്ടിയ്ക്ക്?” ഭാര്‍ഗ്ഗവന്‍സാര്‍ വിടാന്‍ ഭാവമില്ല.
“അത്...ആഹ്...കാണും...”, ഒരു വിധം അവന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.
                പിന്നെയും എല്ലാ ദിവസവും ജൂലിയുടെ പേരില്‍ അര്‍ച്ചനയും വെടിവഴിപാടുമൊക്കെ നടത്തി പാവം മഹാദേവന്‍.
പക്ഷേ ആരാണീ ജൂലി? ഭാര്‍ഗ്ഗവന്‍സാര്‍ മഹാദേവന്റെ ഉറ്റ ചങ്ങാതിയായ എന്നൊടും ചോദിച്ചു. എനിക്കും ഒരു പിടിയും കിട്ടിയില്ല.
                   അന്ന് ഞങ്ങള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികളായിരുന്നു. ഞങ്ങള്‍ ഒന്നിച്ചായിരുന്നു ദിവസവും കോളേജിലേയ്ക്കെന്നും പറഞ്ഞ് പോകുന്നതും വരുന്നതും. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ (എന്‍ എസ്സ് എസ്സ്)യും, ഫോറസ്ട്രി ക്ലബ്ബിന്റെയും പരിപാടി ഉള്ളപ്പോള്‍ കൃത്യമായി കോളേജില്‍ പോയിരുന്നു. (I am going to college എന്നതും I am going to the college എന്നതും തമ്മിലുള്ള വ്യത്യാസം, “ഞാന്‍ കോളേജില്‍ (പഠിക്കാന്‍ വേണ്ടി) പോകുന്നു” എന്നതും “ഞാന്‍ കോളേജ് വരെ (പഠിക്കാനല്ലാതെ വേറെന്തിനോ) പോകുന്നു” എന്നതുമാണെന്ന് 'the' എന്ന പ്രയോഗം കൂടുതല്‍ മനസ്സിലാക്കിത്തരാന്‍ നമ്മുടെ പ്രിയങ്കരനായിരുന്ന ലജപതി സാര്‍ - ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല – പറഞ്ഞുതന്നത് പ്രായോഗികമായി മനസ്സിലാക്കി. അന്നൊക്കെ ശരിക്കും "…..going to the college” ആയിരുന്നു.)
                     ഹൊ, പറഞ്ഞുവന്ന വിഷയം മാറി.... കോളേജിലും മഹാദേവന് പെണ്‍കുട്ടികളോട് ഒരു അടുപ്പവും ഞാന്‍ കണ്ടിരുന്നില്ല, എന്നു തന്നെയല്ല, പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക് തന്നെ പോകുകേ ഇല്ലായിരുന്നു പാവം മഹാദേവന്‍!!! എന്‍ എസ്സ് എസ്സിന്റെ സാമൂഹിക പ്രവര്‍ത്തനത്തിനും ഫോറസ്ട്രി ക്ലബ്ബിന്റെ സാഹസിക യാത്രകളിലും ഞാനും മഹാദേവനും എപ്പോഴും മത്സരിച്ച് പങ്കെടുത്തിരുന്നു. അഗസ്ത്യകൂടം, തെന്മല തുടങ്ങിയ ട്രെക്കിംഗ് പരിപാടികള്‍ ഫോറസ്ട്രി ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു.
പക്ഷേ ഇത്തവണത്തെ അഗസ്ത്യകൂടം പരിപാടിയ്ക്ക് അവന് വരാന്‍ സാധിച്ചില്ല. അതിരാവിലെ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അവനെ പട്ടി കടിച്ചു. വലതുകാലിലെ പെരുവിരലും അടുത്ത രണ്ട് വിരലുകളും ചെറുതായി മുറിഞ്ഞിട്ടുണ്ട്. അവന്റെ അനിയനാണ് രാവിലെ ആറ് മണിയ്ക്ക് എന്റെ വീട്ടില്‍ വന്നു പറഞ്ഞത്. പുറപ്പെടാനുള്ള തിടുക്കത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എനിക്ക് പറ്റിയില്ല. റോഡില്‍ വച്ച് പട്ടി കടിച്ചതായിരിക്കും, അവന്റെ വീട്ടില്‍ പട്ടി ഇല്ല.
                    എന്തായാലും ഞാന്‍ അവന്റെ വീടു വരെ ഒന്നു പോയി. പട്ടി കടിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു. അവന്‍ ആകെ അസ്വസ്ഥനായിരുന്നു. കടിച്ച പട്ടിക്ക് അസുഖം എന്തെങ്കിലും ഉണ്ടോ എന്ന് അറിയാന്‍ അതിനെ പന്ത്രണ്ട് ദിവസം നിരീക്ഷിക്കാന്‍ ഡോക്ടര്‍ പറഞ്ഞത്രേ. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഉടനേ തിരിച്ചു പോന്നു.
പിറ്റേന്ന് രാവിലെ അയ്യപ്പണ്ണന്റെ കടയില്‍ നിന്ന് പാലും വാങ്ങി ഞാന്‍ തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സുരേഷിന്റെ വീട്ടിന്റെ മതിലിനു മുന്‍പില്‍ ആരോ പതുങ്ങി നില്‍ക്കുന്നു. ചെമ്പരത്തിയുടെ ചില്ലകള്‍ കാരണം മുഖം കാണാന്‍ പറ്റിയില്ല. സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്കു താമസിക്കുന്ന റിസര്‍വ് ബാങ്ക് ജീവനക്കാരനായ ജോണിച്ചേട്ടന്റെ ഭാര്യ ഷേര്‍ളിച്ചേച്ചി ജനല്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ പതുങ്ങി നിന്നവന്‍ തിടുക്കത്തില്‍ സ്ഥലം കാലിയാക്കി. നേരം പരപരാന്ന് വെളുത്ത് വരുന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആളെ പിടി കിട്ടിയില്ല.... ഞാനതത്ര കാര്യമാക്കിയുമില്ല.
                      അടുത്ത ദിവസവും രാവിലെ ഞാന്‍ പാലും വാങ്ങി വരുമ്പോള്‍ തലേന്നത്തെ അതേ സ്ഥലത്ത് ഒരുത്തന്‍....ഞാന്‍ ദൂരെനിന്ന് കണ്ടയുടനെ, “ആരാത്?” എന്ന് ഉറക്കെ വിളിച്ചു ചോദിച്ചതും കള്ളന്‍ ഒറ്റ ഓട്ടം... ഇരുട്ട് മാറാത്തതിനാല്‍ എനിക്കന്നും ആളെ പിടി കിട്ടിയില്ല. ഈ വീട്ടില്‍ എന്തിനായിരിക്കും ഒരുത്തന്‍ ഇങ്ങനെ ദിവസവും എത്തി നോക്കുന്നത്?
അന്ന് കോളേജില്‍ നിന്ന് വരുന്ന വഴി സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ ഷേര്‍ളിച്ചേച്ചിയുടെ കൂടെ ഒരു സുന്ദരിക്കുട്ടി നില്‍ക്കുന്നത് കണ്ടു. വെറുതേ കുശലം അന്വേഷിച്ചപ്പോള്‍ അത് തന്റെ അനുജത്തിയാണെന്ന് ഷെര്‍ളിച്ചേച്ചി പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ നാട്ടില്‍ നിന്ന് വന്നതാണത്രേ... അഞ്ചാറ് ദിവസം ഇവിടെ കാണും. ഷേര്‍ളിച്ചേച്ചിയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ആ സുന്ദരിക്കുട്ടിയെയും ഒന്ന് നോക്കി. ഒരു പോമറേനിയന്‍ കുട്ടി ലിപ്സ്റ്റിക്കിട്ട പോലെയൊരു സുന്ദരി!!! ഒരു വട്ടക്കണ്ണടയും ഒക്കെ വച്ച്..... അവളുടെ ചുണ്ടില്‍ ഒരു കുസൃതി ചിരിയും....(എനിക്കിഷ്ടായി!!!). പതിവു പോലെ മഹാദേവനെ സന്ദര്‍ശിച്ച് (അ)സുഖവിവരമൊക്കെ അറിഞ്ഞ് പോകാന്‍ അവന്റെ വീട്ടിലെത്തി. മഹാദേവന്‍ നായ കടിച്ചതിനുള്ള കുത്തിവയ്പ്പ് എടുത്തിട്ട് വന്നതേയുള്ളൂ. “എടാ നിന്നെ കടിച്ച ആ പട്ടിയെ ഡോക്ടര്‍ പറഞ്ഞ പോലെ നിരീക്ഷിക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു. “ഓ, ഞാന്‍ എന്തായാലും കുത്തി വയ്പ്പെടുക്കുന്നല്ലോ...ആ പട്ടിയ്ക്ക് അസുഖമൊന്നും കാണാന്‍ സാധ്യതയില്ല.” ധൈര്യം അഭിനയിച്ചാണ് അവനത് പറഞ്ഞതെന്ന് എനിക്ക് തോന്നി. “ആട്ടേ, എവിടുത്തെ പട്ടിയാ നിന്നെ കടിച്ചത്?”, അന്നാണ് ഞാന്‍ അവനോട് സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചത്.... “ഇവിടടുത്തെവിടെയെങ്കിലും ഉള്ളതായിരിക്കും. രാവിലെ നമ്മുടെ അഗസ്ത്യകൂടം പരിപാടിക്കിറങ്ങുമ്പോള്‍ കടിച്ചതാ....”
“എവിടെ വച്ചാ, റോഡില്‍ വച്ചാണോ ?” ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടറെപ്പോലെ ആ ഉത്തരത്തില്‍ പിടിച്ചു വലിച്ച് കയറാന്‍ തുടങ്ങി...
“ഹ്ങാ....റോഡില്‍ വച്ചു തന്നെ...ആ സുരേഷിന്റെ വീട്ടിലെ പട്ടി..., പിന്നെ കോളേജില്‍ എന്തൊക്കെ വിശേഷം?” അവന്‍ ബോധപൂര്‍വ്വം വിഷയം മാറ്റാന്‍ ശ്രമിച്ചു. അവന്റെ മുഖത്ത് ഒരു ചമ്മലും പരിഭ്രമവും ഇല്ലേ എന്ന് എനിക്ക് ചുമ്മാ തോന്നി....സുരേഷിന്റെ വീട്ടിലെ പട്ടി റോഡിലിറങ്ങില്ലല്ലോ....
തിരികെ വീട്ടിലേയ്ക്ക് നടന്നപ്പോള്‍ സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയിലേയ്ക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുന്ദരിക്കുട്ടി ഒരു ഹെയര്‍ ക്ലിപ്പുപോലത്തെ സാധനം കടിച്ചു പിടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ നിന്ന് മുടി ചീകുന്നു. മാനം നോക്കി നടന്നത് കൊണ്ട് ഒരു കല്ലില്‍ കാല്‍ തട്ടി ഞാന്‍ വീഴാന്‍ പോയി....... അവള്‍ കണ്ടു. കളിയാക്കി ഒരു ചിരിയും! ഞാനൊന്ന് ചമ്മി... പെട്ടെന്ന് തലയിലൊരു കൊള്ളിയാന്‍ മിന്നി..... രാവിലെ ഒരുത്തന്‍ മതിലിലൂടെ എത്തി നോക്കിയത് ഇവളെക്കാണാനായിരിക്കും....കള്ളിപ്പെണ്ണേ......
                     അടുത്ത ദിവസം രാവിലെ ആ കള്ളനെ പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാലു വാങ്ങി ഞാന്‍ പതുക്കെപ്പതുക്കെ ഓരം ചേര്‍ന്ന് നടന്നു വന്നു..... അവന്‍.... അതാ, ആ ചെമ്പരത്തിച്ചെടിയുടെ അടുത്ത് തന്നെയുണ്ട്.... ഒരു വരയന്‍ ഷര്‍ട്ടിട്ട്.... അവ്യക്തമായി കാണാം....“ടാ.....” ഞാന്‍ അലറി വിളിച്ചു..... പതുങ്ങി നിന്നവന്‍ ഇരുളിലൂടെ ഒറ്റ ഓട്ടം. അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.... ആണുങ്ങളുള്ള ഈ നാട്ടില്‍ ഒരുത്തന്‍ പോക്കിരിത്തരം കാട്ടുന്നോ? പെട്ടെന്ന്, എന്തു ചെയ്യാന്‍ എന്നറിയാതെ ഞാന്‍ റോഡില്‍ കിടന്ന ഒരു കല്ലെടുത്ത് അവനെ ഒറ്റ ഏറ്!!! അതവന്റെ ദേഹത്ത് കൊണ്ടെന്ന് ആ ശബ്ദം കൊണ്ട് മനസ്സിലായി. പെട്ടെന്നത്തെ ആവേശത്തിന് ചെയ്തതാണ് ….. ശരീരം നൊന്തവന്‍ വെറുതെയിരിക്കുമോ.... എനിക്ക് പേടിയായി. ആളറിയാമായിരുന്നെങ്കില്‍ ചെന്ന് ക്ഷമ പറയാമായിരുന്നു. ഛേ....വേണ്ടായിരുന്നു..... സുരേഷിനോട് പറഞ്ഞാലോ...വേണ്ട.... അവന്‍ അത് അതേപോലെ ചെന്ന് ഷേര്‍ളിച്ചേച്ചിയോട് പറയും. പിന്നെ ഗോസിപ്പുണ്ടാക്കിയതിന് ഞാന്‍ പഴി കേള്‍ക്കണം.
                    അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ഇക്കാര്യത്തില്‍ അസ്വസ്ഥനായിരുന്നു. എന്റെ ഏറ് കൊണ്ടവന്‍ തീര്‍ച്ചയായും എനിക്ക് പകരം തരും....ശെ...ഓരോരോ അബദ്ധങ്ങളേ.... മുഷ്ടി ചുരുട്ടി തുടയിലിടിച്ച് ഞാന്‍ എന്നെത്തന്നെ ചീത്ത പറഞ്ഞു......
            എന്തായാലും മഹാദേവനോട് കാര്യം പറയാം..... അവനാണല്ലോ ഏറ്റവും അടുത്ത സുഹൃത്ത്.... അവന്‍ എന്തെങ്കിലും വഴി പറഞ്ഞു തരും.....കോളേജില്‍ നിന്ന് വന്ന് ഒരു ചായ കുടിച്ചെന്ന് വരുത്തി നേരെ മഹാദേവന്റെ വീട്ടിലെത്തി. സംസാരത്തിനിടയ്ക്ക് കാര്യം മുഴുവന്‍ പറഞ്ഞു.... “ഹേയ്, അവളെക്കാണാനൊന്നും ആയിരിക്കില്ല അവന്‍ വന്നത്..... നമ്മളെന്തിനാ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്നത്?.... നീ സൂക്ഷിക്കണം....ഇനി രാവിലെ ആ സമയത്ത് പോകണ്ട.....“ മഹാദേവന്‍ ആകെ തിടുക്കത്തില്‍ എന്നെ ഉപദേശിച്ചു.... മറ്റു കാര്യങ്ങള്‍ പറഞ്ഞപ്പോഴും അവന്‍ ഞാന്‍ കണ്ട ആളിനെ തിരിച്ചറിഞ്ഞോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ടെന്‍ഷന്‍ എനിക്കല്ല, അവനാണെന്ന് എനിക്ക് തോന്നി.....
                       ഗേറ്റ് വരെ എന്നെ അനുഗമിച്ച് തിരികെ നടന്ന അവന്റെ ഇടത് കാലിന്റെ മുട്ടിന് താഴെ പുറകുവശത്ത് ഇന്നലെ വരെ കാണാത്ത ഒരു ബാന്‍ഡേജ്.....”ടാ...എന്തു പറ്റി നിന്റെ കാലില്‍ ?” ഞാന്‍ അവനെ പിറകേ വിളിച്ചു..... പെട്ടെന്ന് അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി...... എന്റെ അടുത്ത് വരാതെ അവിടെ നിന്ന് വിളിച്ചു പറഞ്ഞു....” അത്....പട്ടി.....”..... “അത് വലതു കാലിലെ പെരുവിരലിലല്ലേ” ഞാന്‍ വിട്ടില്ല..... “ഇതും അതിന്റെ കൂടെ ഉള്ളത് തന്നെ..... ശരി അപ്പോള്‍ നാളെക്കാണാം...“ അവന്‍ എനിക്ക് പിടി തരാതെ ഉള്ളിലേയ്ക്ക് കയറിപ്പോയി..... എനിക്കാകെ കണ്‍ഫ്യൂഷനായി.... പെട്ടെന്ന് ഉണങ്ങാനിട്ടിരിക്കുന്ന വരയന്‍ ഷര്‍ട്ട് ഞാന്‍ ശ്രദ്ധിച്ചു.... എല്ലാം കൂട്ടി വായിക്കുമ്പോള്‍ ....... എന്റെ ഉള്ളിലെ സി.ബി.ഐ ജാഗരൂകനായി...... ആകെ അസ്വസ്ഥനായി വീട്ടിലെത്തി....... രാത്രി പെട്ടെന്ന് ആഹാരം കഴിച്ച് എന്റെ മുറിയിലെത്തി.....കതകടച്ച് കിടന്നു......
                ഇപ്പോള്‍ മനസ്സിലായി....... ഇതവന്‍ തന്നെ....എന്റെ ഏറ് കൊണ്ട് കാല് മുറിഞ്ഞിരിക്കുന്നു..... ഷേര്‍ളിച്ചേച്ചിയുടെ അനിയത്തിയെ കാണാന്‍ ചെമ്പരത്തിയ്ക്ക്കീഴില്‍ പതുങ്ങി നിന്നത് ഇവന്‍ തന്നെ...... കേസിന്റെ ചുരുളുകള്‍ അഴിയുകയാണ്..... അപ്പോള്‍ ഇവളാണ് ജൂലി..... അവന്റെ മൃത്യുഞ്ജയഹോമവും, അര്‍ച്ചനയും ഒക്കെ പിടികിട്ടി....ഭാര്‍ഗ്ഗവന്‍ സാര്‍ പറഞ്ഞതൊക്കെ എടുത്ത് ചേര്‍ത്തു വച്ച് ഞാന്‍ കഥയുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്തു.... എടാ കള്ളാ...... ഹാ..... പിന്നെയും കിട്ടി തെളിവുകള്‍ ..... ഇവളെക്കാണാന്‍ മതില്‍ ചാടിയപ്പോഴായിരിക്കും ഇവനെ സുരേഷിന്റെ വീട്ടിലെ പട്ടി കടിച്ചത്..... ശെടാ ഭയങ്കരാ.....പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ ..... അങ്ങനെ വരട്ടേ.... ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ പശ്ചാത്തല സംഗീതം എന്റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.... ഞാന്‍ ഒരു ചെറിയ സേതുരാമയ്യര്‍ തന്നെ.....എനിക്ക് എന്നെക്കുറിച്ചു തന്നെ അസൂയ തോന്നി.....എടാ മഹാദേവാ..... നേരം വെളുത്തോട്ടേ....നിന്നെ ഞാന്‍ നിര്‍ത്തിപ്പൊരിച്ചു തരാം..... ആഹാ......എന്നോടാണോ കളി.......
                പിറ്റേന്ന് എന്തായാലും രണ്ടും കല്‍പ്പിച്ച് ഞാന്‍ ചെമ്പരത്തിച്ചുവട്ടില്‍ നിന്ന് കള്ളനെ കൈയോടെ പിടിച്ചു..... എനിക്ക് തെറ്റിയില്ല.... മഹാദേവന്‍ തന്നെ.....അവനാകെ ചമ്മി വെളുത്തു..... പാലു വാങ്ങാന്‍ ഇറങ്ങിയതല്ലേ ഞാന്‍.... അതുകൊണ്ട് കേസ് വിസ്താരത്തിനു സമയമില്ല..... “ഞാന്‍ അങ്ങോട്ട് വരാം.... നീയവിടെത്തന്നെ കാണണേ.... “ വിജയശ്രീലാളിതനായി ഞാന്‍ അവനെ വിരട്ടി.....
                 വീട്ടിലെത്തി പ്രഭാതഭക്ഷണമൊക്കെ കഴിച്ച് ഞാന്‍ നേരെ മഹാദേവന്റെ വീട്ടിലെത്തി.... അവന്‍ ആകെ ചമ്മി നാറിയിരിക്കുകനാണെന്ന് എനിക്ക് തോന്നി..... ഞാന്‍ കേസുവിസ്താരം ആരംഭിച്ചു..... ഓരോന്നായി ഞാന്‍ തന്നെ പറഞ്ഞു..... ജൂലി..... മൃത്യുഞ്ജയഹോമം.......വെടിവഴിപാട്...... പട്ടി കടിച്ചത്..... ഓരോന്ന് പറയുമ്പോഴും അവന്റെ മുഖത്ത് അവിശ്വസനീയത...... അവന്‍ ആകെ അമ്പരന്ന് എന്റെ മുഖത്ത് തന്നെ നോക്കുന്നു.... പരാജിതന്റെ മുഖം കാണാന്‍ തയ്യാറായി നിന്ന എന്റെ മുഖത്ത് കുറെ നേരം നോക്കിയിരുന്നിട്ട് അവന്‍ ഒറ്റച്ചിരി....അത് പൊട്ടിച്ചിരിയായി......എനിക്കൊന്നും പിടികിട്ടിയില്ല.......അവന്‍ തമാശയായി എന്നെ അഞ്ചാറ് ഇടി ഇടിച്ചു...... ചിരി നിര്‍ത്താന്‍ പാടുപെട്ട അവനു മുന്നില്‍ ഞാന്‍ പെട്ടെന്ന് ഒരു വിഡ്ഡിയായതുപോലെ..... അതോ ഇവന്റെ വിഡ്ഡിച്ചിരിയോ....
“എടാ കഴുതേ..... നീയാളു കൊള്ളാമല്ലോ..... എടാ, ഷേര്‍ളിച്ചേച്ചിയുടെ അനിയത്തി അവിടെ വന്നതേ ഞാനറിഞ്ഞില്ല”
“പിന്നെ നീയെന്തിന് അവിടെ ആരും കാണാതതെത്തി നോക്കിയത്?“
                നന്നായൊന്ന് ചമ്മിയെങ്കിലും അവന്‍ തുടര്‍ന്നു, “നീ ദയവു ചെയ്ത് ആരോടും പറയരുത്..... ഞാന്‍ സുരേഷിന്റെ പട്ടിയെ കാണാന്‍ ചെന്നതാണ്....“ “അയ്യേ...”എന്റെ വായില്‍ നിന്ന് അറിയാതെ ഒരു ശബ്ദം പുറത്തു വന്നു.... മഹാദേവന്‍ തുടര്‍ന്നു... “ഡോക്ടര്‍ പറഞ്ഞു ആ പട്ടിയെ എന്നും നിരീക്ഷിക്കണമെന്ന്... അതിന് അസുഖം വല്ലതും വരുന്നോ എന്ന് ...ഞാനതിനെ ഉപദ്രവിക്കും എന്ന് കരുതി സുരേഷിന്റെ അമ്മ ആ പട്ടിയെ എന്നെ കാണാതെ വീടിന്റെ പിന്നില്‍ കെട്ടിയിട്ടു, അതു കൊണ്ടാ.....”
“ശരി, സമ്മതിച്ചു, അപ്പോള്‍ നീ അമ്പലത്തില്‍ ജൂലി എന്ന പേരില്‍ അര്‍ച്ചന നടത്തിയതോ? ഷേര്‍ളിച്ചേച്ചിയുടെ അനിയത്തിയല്ലേടാ ജൂലി? ...... “ ഞാന്‍ വിട്ടില്ല....
“അത്.... എടാ... നീയാരോടും പറയരുത്....എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാതാവും....ഈ പട്ടിക്ക് അസുഖമൊന്നും വരാതിരിക്കന്നാ ഞാന്‍ മൃത്യുഞ്ജയഹോമം നടത്തിയത്..... എന്നെ കടിച്ചതല്ലേ, അതിന് അസുഖമുങ്ങെങ്കില്‍ അത് എനിക്കും വന്നാലോ.....സാധാരണ പട്ടിക്കിടുന്ന പേരല്ലേ ജൂലി, അതാ ഞാന്‍ ആ പേരില്‍ വഴിപാട് നടത്തിയത്...... പ്ലീസ് നീയിത് ആരോടും പറയരുത്.....” അവന്‍ ദയനീയമായി എന്നെ നോക്കി....
“പക്ഷേ”, എന്റെ ഉള്ളിലെ സി ബി ഐ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.....”നീ അവളെ കാണാന്‍ മതിലു ചാടിയതല്ലെങ്കില്‍ പിന്നെ എന്തിന് സുരേഷിന്റെ പട്ടി നിന്നെ കടിച്ചു? നീയെന്തിന് അവിടെ ഇത്ര രാവിലെ പോയി?”
“നീയാരോടും പറയരുത്... എന്നെ കളിയാക്കി കൊല്ലും.... പ്ലീസ്....” അവന്‍ വീണ്ടും ആവര്‍ത്തിച്ചു.....
“ആരോടും പറയില്ലെടാ..... നീ പറയ്”... ഞാന്‍ ഉറപ്പ് കൊടുത്തു.......
“അത്....എനിക്ക് മല കയറാന്‍ ഷൂസില്ലായിരുന്നു.....സുരേഷിന്റെ ഷൂസ് തരാമെന്ന് പറഞ്ഞിരുന്നു...... അവന്റെ വീട്ടിലെ പടിയില്‍ ഷൂസ് വച്ചിരിക്കും രാവിലെ അത് എടുത്തോളാന്‍ എന്നോട് അവന്‍ പറഞ്ഞിരുന്നു”
               ഒരു കഥ കേള്‍ക്കും പോലെ ഞാന്‍ കേട്ടിരുന്നു......
അവന്‍ തുടര്‍ന്നു, “രാവിലെ നേരം വെളുത്ത് വരുന്നേ ഉണ്ടായിരുന്നുള്ളൂ..... ശരിയായൊന്നും കാണാന്‍ വയ്യായിരുന്നു..... ഞാന്‍ തപ്പിത്തടഞ്ഞു ചെന്ന്, ആരെയും ഉണര്‍ത്തേണ്ട എന്ന് കരുതി..... പടിയില്‍ കിടന്ന ഷൂസില്‍ ആദ്യം ഇടത് കാല്‍ കയറ്റി.....പിന്നെ....” അവന്‍ നിര്‍ത്തി......
“പിന്നെ...”, ഞാന്‍ ധൃതി കൂട്ടി......അടുത്ത് കിടന്ന ആ പട്ടിയെ ഞാന്‍ കണ്ടില്ല.....”




“പിന്നെ......... ഇരുട്ടത്ത്, ഷൂസാണെന്ന് കരുതി അടുത്ത് കിടന്ന ആ കറുത്ത പട്ടിയുടെ വായില്‍ വലത്തേ കാല്‍ തിരുകിക്കയറ്റിപ്പോയി......അത് നല്ല കടിയും തന്നു......”
              ഞാന്‍ പൊട്ടിത്തെറിക്കും പോലെ ഒറ്റച്ചിരി..... ആകെ ശരീരം മുഴുവന്‍ കോച്ചിപ്പിടിച്ചു......എവിടെയൊക്കെയോ കൊളുത്തി വലിച്ചു.....ചിരി നിര്‍ത്താനേ പറ്റുന്നില്ല..... “ഷൂസാണെന്നു കരുതി നായയുടെ വായില്‍ കാലിട്ടവന്‍....... എന്നിട്ട് ആ നായയുടെ പേരില്‍ വഴിപാട് കഴിച്ചവന്‍.....ആ നായയുടെ സുഖവിവരം അറിയാന്‍ നേരം വെളുക്കും മുന്‍പേ മതിലിലൂടെ എത്തിനോക്കി പേരുദോഷം ഉണ്ടാക്കിയവന്‍.......”
                പെട്ടെന്ന് സ്വിച്ചിട്ടതുപോലെ എന്റെ ചിരി നിന്നു.....ശരിക്കും ഇപ്പോള്‍ വിഡ്ഡിയായത് ഞാനല്ലേ.....ഒരു സി.ബി.ഐ......... ചമ്മല്‍ മാറ്റാന്‍ ഞാനറിയാതെ ഒന്നുറക്കെ പറഞ്ഞു.....”ജൂലി, ഐ ലവ്വ് യൂ.....”
ഒരു വോട്ട് കൂടി ചെയ്തിട്ട് പോണേ.....