Monday, December 27, 2010

ജൂലീ.... ഐ ലവ് യൂ.........


“ജൂലി, ഒരു മഹാമൃത്യുഞ്ജയ ഹോമം”
“നാള്?”, അമ്പലത്തിലെ വഴിപാട് കൌണ്ടറിലിരുന്ന ഭാര്‍ഗ്ഗവന്‍സാര്‍ മുഖമുയര്‍ത്താതെ കണ്ണടയ്ക്കിടയിലൂടെ കണ്ണു മാത്രം മുകളിലേയ്ക്കുയര്‍ത്തി ഒന്ന് നോക്കി. പിന്നെ, അവിശ്വനീയതയോടെ കണ്ണട നേരെയാക്കി മുഖമുയര്‍ത്തി ഒന്നുകൂടി വ്യക്തമായി നോക്കി. അമ്പലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മഹാദേവന്‍! - കരുണന്‍ മാഷിന്റെ മകന്‍! അതും ഒരു പെണ്‍കുട്ടിയുടെ പേരില്‍ മഹാമൃത്യുഞ്ജയഹോമം നടത്താന്‍...
“എന്താ നാള്?” ഭാര്‍ഗ്ഗവന്‍ സാര്‍ ചോദ്യം ആവര്‍ത്തിച്ചു.
“അത്..നാള്...അതറിയില്ല... എന്റെ നാള് പറഞ്ഞാല്‍ മതിയോ?” മഹാദേവന്‍ പരുങ്ങി.
“ആരുടെ പേരിലാ വഴിപാട് അവരുടെ നാള് തന്നെ വേണം”, മഹാദേവന്റെ നെറ്റിയിലും മൂക്കിന്റെ തുമ്പിലും പെട്ടെന്ന് പൊടിഞ്ഞ വിയര്‍പ്പ് കണ്ട് ഭാര്‍ഗ്ഗവന്‍സാര്‍ തന്റെ കണ്ണട ഇടത്തേകൈ കൊണ്ട് എടുത്തിട്ട് ചോദിച്ചു, “അല്ല മോനേ, ആരാ ഈ ജൂലി?” അതൊരു കൃസ്ത്യാനിക്കുട്ടിയുടെ പേരല്ലേയെന്ന് ഭാര്‍ഗ്ഗവന്‍സാറിന് സംശയമായി.
“അത്...അത്...എന്റെ ഫ്രണ്ടാ അങ്കിളേ... നാള് ….. ഹ്ങാ... ച്..ചോതി...” സ്വന്തം നാള് തന്നെ അവര്‍ തട്ടിവിട്ടു. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു അവിടുന്ന്.
“മൃത്യുഞ്ജയഹോമമെന്തിനാ മോനേ? ജീവഭയം ഉണ്ടോ ആ കുട്ടിയ്ക്ക്?” ഭാര്‍ഗ്ഗവന്‍സാര്‍ വിടാന്‍ ഭാവമില്ല.
“അത്...ആഹ്...കാണും...”, ഒരു വിധം അവന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.
                പിന്നെയും എല്ലാ ദിവസവും ജൂലിയുടെ പേരില്‍ അര്‍ച്ചനയും വെടിവഴിപാടുമൊക്കെ നടത്തി പാവം മഹാദേവന്‍.
പക്ഷേ ആരാണീ ജൂലി? ഭാര്‍ഗ്ഗവന്‍സാര്‍ മഹാദേവന്റെ ഉറ്റ ചങ്ങാതിയായ എന്നൊടും ചോദിച്ചു. എനിക്കും ഒരു പിടിയും കിട്ടിയില്ല.
                   അന്ന് ഞങ്ങള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികളായിരുന്നു. ഞങ്ങള്‍ ഒന്നിച്ചായിരുന്നു ദിവസവും കോളേജിലേയ്ക്കെന്നും പറഞ്ഞ് പോകുന്നതും വരുന്നതും. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ (എന്‍ എസ്സ് എസ്സ്)യും, ഫോറസ്ട്രി ക്ലബ്ബിന്റെയും പരിപാടി ഉള്ളപ്പോള്‍ കൃത്യമായി കോളേജില്‍ പോയിരുന്നു. (I am going to college എന്നതും I am going to the college എന്നതും തമ്മിലുള്ള വ്യത്യാസം, “ഞാന്‍ കോളേജില്‍ (പഠിക്കാന്‍ വേണ്ടി) പോകുന്നു” എന്നതും “ഞാന്‍ കോളേജ് വരെ (പഠിക്കാനല്ലാതെ വേറെന്തിനോ) പോകുന്നു” എന്നതുമാണെന്ന് 'the' എന്ന പ്രയോഗം കൂടുതല്‍ മനസ്സിലാക്കിത്തരാന്‍ നമ്മുടെ പ്രിയങ്കരനായിരുന്ന ലജപതി സാര്‍ - ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല – പറഞ്ഞുതന്നത് പ്രായോഗികമായി മനസ്സിലാക്കി. അന്നൊക്കെ ശരിക്കും "…..going to the college” ആയിരുന്നു.)
                     ഹൊ, പറഞ്ഞുവന്ന വിഷയം മാറി.... കോളേജിലും മഹാദേവന് പെണ്‍കുട്ടികളോട് ഒരു അടുപ്പവും ഞാന്‍ കണ്ടിരുന്നില്ല, എന്നു തന്നെയല്ല, പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക് തന്നെ പോകുകേ ഇല്ലായിരുന്നു പാവം മഹാദേവന്‍!!! എന്‍ എസ്സ് എസ്സിന്റെ സാമൂഹിക പ്രവര്‍ത്തനത്തിനും ഫോറസ്ട്രി ക്ലബ്ബിന്റെ സാഹസിക യാത്രകളിലും ഞാനും മഹാദേവനും എപ്പോഴും മത്സരിച്ച് പങ്കെടുത്തിരുന്നു. അഗസ്ത്യകൂടം, തെന്മല തുടങ്ങിയ ട്രെക്കിംഗ് പരിപാടികള്‍ ഫോറസ്ട്രി ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു.
പക്ഷേ ഇത്തവണത്തെ അഗസ്ത്യകൂടം പരിപാടിയ്ക്ക് അവന് വരാന്‍ സാധിച്ചില്ല. അതിരാവിലെ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അവനെ പട്ടി കടിച്ചു. വലതുകാലിലെ പെരുവിരലും അടുത്ത രണ്ട് വിരലുകളും ചെറുതായി മുറിഞ്ഞിട്ടുണ്ട്. അവന്റെ അനിയനാണ് രാവിലെ ആറ് മണിയ്ക്ക് എന്റെ വീട്ടില്‍ വന്നു പറഞ്ഞത്. പുറപ്പെടാനുള്ള തിടുക്കത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എനിക്ക് പറ്റിയില്ല. റോഡില്‍ വച്ച് പട്ടി കടിച്ചതായിരിക്കും, അവന്റെ വീട്ടില്‍ പട്ടി ഇല്ല.
                    എന്തായാലും ഞാന്‍ അവന്റെ വീടു വരെ ഒന്നു പോയി. പട്ടി കടിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു. അവന്‍ ആകെ അസ്വസ്ഥനായിരുന്നു. കടിച്ച പട്ടിക്ക് അസുഖം എന്തെങ്കിലും ഉണ്ടോ എന്ന് അറിയാന്‍ അതിനെ പന്ത്രണ്ട് ദിവസം നിരീക്ഷിക്കാന്‍ ഡോക്ടര്‍ പറഞ്ഞത്രേ. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഉടനേ തിരിച്ചു പോന്നു.
പിറ്റേന്ന് രാവിലെ അയ്യപ്പണ്ണന്റെ കടയില്‍ നിന്ന് പാലും വാങ്ങി ഞാന്‍ തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സുരേഷിന്റെ വീട്ടിന്റെ മതിലിനു മുന്‍പില്‍ ആരോ പതുങ്ങി നില്‍ക്കുന്നു. ചെമ്പരത്തിയുടെ ചില്ലകള്‍ കാരണം മുഖം കാണാന്‍ പറ്റിയില്ല. സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്കു താമസിക്കുന്ന റിസര്‍വ് ബാങ്ക് ജീവനക്കാരനായ ജോണിച്ചേട്ടന്റെ ഭാര്യ ഷേര്‍ളിച്ചേച്ചി ജനല്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ പതുങ്ങി നിന്നവന്‍ തിടുക്കത്തില്‍ സ്ഥലം കാലിയാക്കി. നേരം പരപരാന്ന് വെളുത്ത് വരുന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആളെ പിടി കിട്ടിയില്ല.... ഞാനതത്ര കാര്യമാക്കിയുമില്ല.
                      അടുത്ത ദിവസവും രാവിലെ ഞാന്‍ പാലും വാങ്ങി വരുമ്പോള്‍ തലേന്നത്തെ അതേ സ്ഥലത്ത് ഒരുത്തന്‍....ഞാന്‍ ദൂരെനിന്ന് കണ്ടയുടനെ, “ആരാത്?” എന്ന് ഉറക്കെ വിളിച്ചു ചോദിച്ചതും കള്ളന്‍ ഒറ്റ ഓട്ടം... ഇരുട്ട് മാറാത്തതിനാല്‍ എനിക്കന്നും ആളെ പിടി കിട്ടിയില്ല. ഈ വീട്ടില്‍ എന്തിനായിരിക്കും ഒരുത്തന്‍ ഇങ്ങനെ ദിവസവും എത്തി നോക്കുന്നത്?
അന്ന് കോളേജില്‍ നിന്ന് വരുന്ന വഴി സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ ഷേര്‍ളിച്ചേച്ചിയുടെ കൂടെ ഒരു സുന്ദരിക്കുട്ടി നില്‍ക്കുന്നത് കണ്ടു. വെറുതേ കുശലം അന്വേഷിച്ചപ്പോള്‍ അത് തന്റെ അനുജത്തിയാണെന്ന് ഷെര്‍ളിച്ചേച്ചി പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ നാട്ടില്‍ നിന്ന് വന്നതാണത്രേ... അഞ്ചാറ് ദിവസം ഇവിടെ കാണും. ഷേര്‍ളിച്ചേച്ചിയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ആ സുന്ദരിക്കുട്ടിയെയും ഒന്ന് നോക്കി. ഒരു പോമറേനിയന്‍ കുട്ടി ലിപ്സ്റ്റിക്കിട്ട പോലെയൊരു സുന്ദരി!!! ഒരു വട്ടക്കണ്ണടയും ഒക്കെ വച്ച്..... അവളുടെ ചുണ്ടില്‍ ഒരു കുസൃതി ചിരിയും....(എനിക്കിഷ്ടായി!!!). പതിവു പോലെ മഹാദേവനെ സന്ദര്‍ശിച്ച് (അ)സുഖവിവരമൊക്കെ അറിഞ്ഞ് പോകാന്‍ അവന്റെ വീട്ടിലെത്തി. മഹാദേവന്‍ നായ കടിച്ചതിനുള്ള കുത്തിവയ്പ്പ് എടുത്തിട്ട് വന്നതേയുള്ളൂ. “എടാ നിന്നെ കടിച്ച ആ പട്ടിയെ ഡോക്ടര്‍ പറഞ്ഞ പോലെ നിരീക്ഷിക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു. “ഓ, ഞാന്‍ എന്തായാലും കുത്തി വയ്പ്പെടുക്കുന്നല്ലോ...ആ പട്ടിയ്ക്ക് അസുഖമൊന്നും കാണാന്‍ സാധ്യതയില്ല.” ധൈര്യം അഭിനയിച്ചാണ് അവനത് പറഞ്ഞതെന്ന് എനിക്ക് തോന്നി. “ആട്ടേ, എവിടുത്തെ പട്ടിയാ നിന്നെ കടിച്ചത്?”, അന്നാണ് ഞാന്‍ അവനോട് സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചത്.... “ഇവിടടുത്തെവിടെയെങ്കിലും ഉള്ളതായിരിക്കും. രാവിലെ നമ്മുടെ അഗസ്ത്യകൂടം പരിപാടിക്കിറങ്ങുമ്പോള്‍ കടിച്ചതാ....”
“എവിടെ വച്ചാ, റോഡില്‍ വച്ചാണോ ?” ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടറെപ്പോലെ ആ ഉത്തരത്തില്‍ പിടിച്ചു വലിച്ച് കയറാന്‍ തുടങ്ങി...
“ഹ്ങാ....റോഡില്‍ വച്ചു തന്നെ...ആ സുരേഷിന്റെ വീട്ടിലെ പട്ടി..., പിന്നെ കോളേജില്‍ എന്തൊക്കെ വിശേഷം?” അവന്‍ ബോധപൂര്‍വ്വം വിഷയം മാറ്റാന്‍ ശ്രമിച്ചു. അവന്റെ മുഖത്ത് ഒരു ചമ്മലും പരിഭ്രമവും ഇല്ലേ എന്ന് എനിക്ക് ചുമ്മാ തോന്നി....സുരേഷിന്റെ വീട്ടിലെ പട്ടി റോഡിലിറങ്ങില്ലല്ലോ....
തിരികെ വീട്ടിലേയ്ക്ക് നടന്നപ്പോള്‍ സുരേഷിന്റെ വീടിന്റെ മുകളിലത്തെ നിലയിലേയ്ക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുന്ദരിക്കുട്ടി ഒരു ഹെയര്‍ ക്ലിപ്പുപോലത്തെ സാധനം കടിച്ചു പിടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ നിന്ന് മുടി ചീകുന്നു. മാനം നോക്കി നടന്നത് കൊണ്ട് ഒരു കല്ലില്‍ കാല്‍ തട്ടി ഞാന്‍ വീഴാന്‍ പോയി....... അവള്‍ കണ്ടു. കളിയാക്കി ഒരു ചിരിയും! ഞാനൊന്ന് ചമ്മി... പെട്ടെന്ന് തലയിലൊരു കൊള്ളിയാന്‍ മിന്നി..... രാവിലെ ഒരുത്തന്‍ മതിലിലൂടെ എത്തി നോക്കിയത് ഇവളെക്കാണാനായിരിക്കും....കള്ളിപ്പെണ്ണേ......
                     അടുത്ത ദിവസം രാവിലെ ആ കള്ളനെ പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാലു വാങ്ങി ഞാന്‍ പതുക്കെപ്പതുക്കെ ഓരം ചേര്‍ന്ന് നടന്നു വന്നു..... അവന്‍.... അതാ, ആ ചെമ്പരത്തിച്ചെടിയുടെ അടുത്ത് തന്നെയുണ്ട്.... ഒരു വരയന്‍ ഷര്‍ട്ടിട്ട്.... അവ്യക്തമായി കാണാം....“ടാ.....” ഞാന്‍ അലറി വിളിച്ചു..... പതുങ്ങി നിന്നവന്‍ ഇരുളിലൂടെ ഒറ്റ ഓട്ടം. അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.... ആണുങ്ങളുള്ള ഈ നാട്ടില്‍ ഒരുത്തന്‍ പോക്കിരിത്തരം കാട്ടുന്നോ? പെട്ടെന്ന്, എന്തു ചെയ്യാന്‍ എന്നറിയാതെ ഞാന്‍ റോഡില്‍ കിടന്ന ഒരു കല്ലെടുത്ത് അവനെ ഒറ്റ ഏറ്!!! അതവന്റെ ദേഹത്ത് കൊണ്ടെന്ന് ആ ശബ്ദം കൊണ്ട് മനസ്സിലായി. പെട്ടെന്നത്തെ ആവേശത്തിന് ചെയ്തതാണ് ….. ശരീരം നൊന്തവന്‍ വെറുതെയിരിക്കുമോ.... എനിക്ക് പേടിയായി. ആളറിയാമായിരുന്നെങ്കില്‍ ചെന്ന് ക്ഷമ പറയാമായിരുന്നു. ഛേ....വേണ്ടായിരുന്നു..... സുരേഷിനോട് പറഞ്ഞാലോ...വേണ്ട.... അവന്‍ അത് അതേപോലെ ചെന്ന് ഷേര്‍ളിച്ചേച്ചിയോട് പറയും. പിന്നെ ഗോസിപ്പുണ്ടാക്കിയതിന് ഞാന്‍ പഴി കേള്‍ക്കണം.
                    അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ഇക്കാര്യത്തില്‍ അസ്വസ്ഥനായിരുന്നു. എന്റെ ഏറ് കൊണ്ടവന്‍ തീര്‍ച്ചയായും എനിക്ക് പകരം തരും....ശെ...ഓരോരോ അബദ്ധങ്ങളേ.... മുഷ്ടി ചുരുട്ടി തുടയിലിടിച്ച് ഞാന്‍ എന്നെത്തന്നെ ചീത്ത പറഞ്ഞു......
            എന്തായാലും മഹാദേവനോട് കാര്യം പറയാം..... അവനാണല്ലോ ഏറ്റവും അടുത്ത സുഹൃത്ത്.... അവന്‍ എന്തെങ്കിലും വഴി പറഞ്ഞു തരും.....കോളേജില്‍ നിന്ന് വന്ന് ഒരു ചായ കുടിച്ചെന്ന് വരുത്തി നേരെ മഹാദേവന്റെ വീട്ടിലെത്തി. സംസാരത്തിനിടയ്ക്ക് കാര്യം മുഴുവന്‍ പറഞ്ഞു.... “ഹേയ്, അവളെക്കാണാനൊന്നും ആയിരിക്കില്ല അവന്‍ വന്നത്..... നമ്മളെന്തിനാ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്നത്?.... നീ സൂക്ഷിക്കണം....ഇനി രാവിലെ ആ സമയത്ത് പോകണ്ട.....“ മഹാദേവന്‍ ആകെ തിടുക്കത്തില്‍ എന്നെ ഉപദേശിച്ചു.... മറ്റു കാര്യങ്ങള്‍ പറഞ്ഞപ്പോഴും അവന്‍ ഞാന്‍ കണ്ട ആളിനെ തിരിച്ചറിഞ്ഞോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ടെന്‍ഷന്‍ എനിക്കല്ല, അവനാണെന്ന് എനിക്ക് തോന്നി.....
                       ഗേറ്റ് വരെ എന്നെ അനുഗമിച്ച് തിരികെ നടന്ന അവന്റെ ഇടത് കാലിന്റെ മുട്ടിന് താഴെ പുറകുവശത്ത് ഇന്നലെ വരെ കാണാത്ത ഒരു ബാന്‍ഡേജ്.....”ടാ...എന്തു പറ്റി നിന്റെ കാലില്‍ ?” ഞാന്‍ അവനെ പിറകേ വിളിച്ചു..... പെട്ടെന്ന് അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി...... എന്റെ അടുത്ത് വരാതെ അവിടെ നിന്ന് വിളിച്ചു പറഞ്ഞു....” അത്....പട്ടി.....”..... “അത് വലതു കാലിലെ പെരുവിരലിലല്ലേ” ഞാന്‍ വിട്ടില്ല..... “ഇതും അതിന്റെ കൂടെ ഉള്ളത് തന്നെ..... ശരി അപ്പോള്‍ നാളെക്കാണാം...“ അവന്‍ എനിക്ക് പിടി തരാതെ ഉള്ളിലേയ്ക്ക് കയറിപ്പോയി..... എനിക്കാകെ കണ്‍ഫ്യൂഷനായി.... പെട്ടെന്ന് ഉണങ്ങാനിട്ടിരിക്കുന്ന വരയന്‍ ഷര്‍ട്ട് ഞാന്‍ ശ്രദ്ധിച്ചു.... എല്ലാം കൂട്ടി വായിക്കുമ്പോള്‍ ....... എന്റെ ഉള്ളിലെ സി.ബി.ഐ ജാഗരൂകനായി...... ആകെ അസ്വസ്ഥനായി വീട്ടിലെത്തി....... രാത്രി പെട്ടെന്ന് ആഹാരം കഴിച്ച് എന്റെ മുറിയിലെത്തി.....കതകടച്ച് കിടന്നു......
                ഇപ്പോള്‍ മനസ്സിലായി....... ഇതവന്‍ തന്നെ....എന്റെ ഏറ് കൊണ്ട് കാല് മുറിഞ്ഞിരിക്കുന്നു..... ഷേര്‍ളിച്ചേച്ചിയുടെ അനിയത്തിയെ കാണാന്‍ ചെമ്പരത്തിയ്ക്ക്കീഴില്‍ പതുങ്ങി നിന്നത് ഇവന്‍ തന്നെ...... കേസിന്റെ ചുരുളുകള്‍ അഴിയുകയാണ്..... അപ്പോള്‍ ഇവളാണ് ജൂലി..... അവന്റെ മൃത്യുഞ്ജയഹോമവും, അര്‍ച്ചനയും ഒക്കെ പിടികിട്ടി....ഭാര്‍ഗ്ഗവന്‍ സാര്‍ പറഞ്ഞതൊക്കെ എടുത്ത് ചേര്‍ത്തു വച്ച് ഞാന്‍ കഥയുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്തു.... എടാ കള്ളാ...... ഹാ..... പിന്നെയും കിട്ടി തെളിവുകള്‍ ..... ഇവളെക്കാണാന്‍ മതില്‍ ചാടിയപ്പോഴായിരിക്കും ഇവനെ സുരേഷിന്റെ വീട്ടിലെ പട്ടി കടിച്ചത്..... ശെടാ ഭയങ്കരാ.....പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ ..... അങ്ങനെ വരട്ടേ.... ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ പശ്ചാത്തല സംഗീതം എന്റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.... ഞാന്‍ ഒരു ചെറിയ സേതുരാമയ്യര്‍ തന്നെ.....എനിക്ക് എന്നെക്കുറിച്ചു തന്നെ അസൂയ തോന്നി.....എടാ മഹാദേവാ..... നേരം വെളുത്തോട്ടേ....നിന്നെ ഞാന്‍ നിര്‍ത്തിപ്പൊരിച്ചു തരാം..... ആഹാ......എന്നോടാണോ കളി.......
                പിറ്റേന്ന് എന്തായാലും രണ്ടും കല്‍പ്പിച്ച് ഞാന്‍ ചെമ്പരത്തിച്ചുവട്ടില്‍ നിന്ന് കള്ളനെ കൈയോടെ പിടിച്ചു..... എനിക്ക് തെറ്റിയില്ല.... മഹാദേവന്‍ തന്നെ.....അവനാകെ ചമ്മി വെളുത്തു..... പാലു വാങ്ങാന്‍ ഇറങ്ങിയതല്ലേ ഞാന്‍.... അതുകൊണ്ട് കേസ് വിസ്താരത്തിനു സമയമില്ല..... “ഞാന്‍ അങ്ങോട്ട് വരാം.... നീയവിടെത്തന്നെ കാണണേ.... “ വിജയശ്രീലാളിതനായി ഞാന്‍ അവനെ വിരട്ടി.....
                 വീട്ടിലെത്തി പ്രഭാതഭക്ഷണമൊക്കെ കഴിച്ച് ഞാന്‍ നേരെ മഹാദേവന്റെ വീട്ടിലെത്തി.... അവന്‍ ആകെ ചമ്മി നാറിയിരിക്കുകനാണെന്ന് എനിക്ക് തോന്നി..... ഞാന്‍ കേസുവിസ്താരം ആരംഭിച്ചു..... ഓരോന്നായി ഞാന്‍ തന്നെ പറഞ്ഞു..... ജൂലി..... മൃത്യുഞ്ജയഹോമം.......വെടിവഴിപാട്...... പട്ടി കടിച്ചത്..... ഓരോന്ന് പറയുമ്പോഴും അവന്റെ മുഖത്ത് അവിശ്വസനീയത...... അവന്‍ ആകെ അമ്പരന്ന് എന്റെ മുഖത്ത് തന്നെ നോക്കുന്നു.... പരാജിതന്റെ മുഖം കാണാന്‍ തയ്യാറായി നിന്ന എന്റെ മുഖത്ത് കുറെ നേരം നോക്കിയിരുന്നിട്ട് അവന്‍ ഒറ്റച്ചിരി....അത് പൊട്ടിച്ചിരിയായി......എനിക്കൊന്നും പിടികിട്ടിയില്ല.......അവന്‍ തമാശയായി എന്നെ അഞ്ചാറ് ഇടി ഇടിച്ചു...... ചിരി നിര്‍ത്താന്‍ പാടുപെട്ട അവനു മുന്നില്‍ ഞാന്‍ പെട്ടെന്ന് ഒരു വിഡ്ഡിയായതുപോലെ..... അതോ ഇവന്റെ വിഡ്ഡിച്ചിരിയോ....
“എടാ കഴുതേ..... നീയാളു കൊള്ളാമല്ലോ..... എടാ, ഷേര്‍ളിച്ചേച്ചിയുടെ അനിയത്തി അവിടെ വന്നതേ ഞാനറിഞ്ഞില്ല”
“പിന്നെ നീയെന്തിന് അവിടെ ആരും കാണാതതെത്തി നോക്കിയത്?“
                നന്നായൊന്ന് ചമ്മിയെങ്കിലും അവന്‍ തുടര്‍ന്നു, “നീ ദയവു ചെയ്ത് ആരോടും പറയരുത്..... ഞാന്‍ സുരേഷിന്റെ പട്ടിയെ കാണാന്‍ ചെന്നതാണ്....“ “അയ്യേ...”എന്റെ വായില്‍ നിന്ന് അറിയാതെ ഒരു ശബ്ദം പുറത്തു വന്നു.... മഹാദേവന്‍ തുടര്‍ന്നു... “ഡോക്ടര്‍ പറഞ്ഞു ആ പട്ടിയെ എന്നും നിരീക്ഷിക്കണമെന്ന്... അതിന് അസുഖം വല്ലതും വരുന്നോ എന്ന് ...ഞാനതിനെ ഉപദ്രവിക്കും എന്ന് കരുതി സുരേഷിന്റെ അമ്മ ആ പട്ടിയെ എന്നെ കാണാതെ വീടിന്റെ പിന്നില്‍ കെട്ടിയിട്ടു, അതു കൊണ്ടാ.....”
“ശരി, സമ്മതിച്ചു, അപ്പോള്‍ നീ അമ്പലത്തില്‍ ജൂലി എന്ന പേരില്‍ അര്‍ച്ചന നടത്തിയതോ? ഷേര്‍ളിച്ചേച്ചിയുടെ അനിയത്തിയല്ലേടാ ജൂലി? ...... “ ഞാന്‍ വിട്ടില്ല....
“അത്.... എടാ... നീയാരോടും പറയരുത്....എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാതാവും....ഈ പട്ടിക്ക് അസുഖമൊന്നും വരാതിരിക്കന്നാ ഞാന്‍ മൃത്യുഞ്ജയഹോമം നടത്തിയത്..... എന്നെ കടിച്ചതല്ലേ, അതിന് അസുഖമുങ്ങെങ്കില്‍ അത് എനിക്കും വന്നാലോ.....സാധാരണ പട്ടിക്കിടുന്ന പേരല്ലേ ജൂലി, അതാ ഞാന്‍ ആ പേരില്‍ വഴിപാട് നടത്തിയത്...... പ്ലീസ് നീയിത് ആരോടും പറയരുത്.....” അവന്‍ ദയനീയമായി എന്നെ നോക്കി....
“പക്ഷേ”, എന്റെ ഉള്ളിലെ സി ബി ഐ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.....”നീ അവളെ കാണാന്‍ മതിലു ചാടിയതല്ലെങ്കില്‍ പിന്നെ എന്തിന് സുരേഷിന്റെ പട്ടി നിന്നെ കടിച്ചു? നീയെന്തിന് അവിടെ ഇത്ര രാവിലെ പോയി?”
“നീയാരോടും പറയരുത്... എന്നെ കളിയാക്കി കൊല്ലും.... പ്ലീസ്....” അവന്‍ വീണ്ടും ആവര്‍ത്തിച്ചു.....
“ആരോടും പറയില്ലെടാ..... നീ പറയ്”... ഞാന്‍ ഉറപ്പ് കൊടുത്തു.......
“അത്....എനിക്ക് മല കയറാന്‍ ഷൂസില്ലായിരുന്നു.....സുരേഷിന്റെ ഷൂസ് തരാമെന്ന് പറഞ്ഞിരുന്നു...... അവന്റെ വീട്ടിലെ പടിയില്‍ ഷൂസ് വച്ചിരിക്കും രാവിലെ അത് എടുത്തോളാന്‍ എന്നോട് അവന്‍ പറഞ്ഞിരുന്നു”
               ഒരു കഥ കേള്‍ക്കും പോലെ ഞാന്‍ കേട്ടിരുന്നു......
അവന്‍ തുടര്‍ന്നു, “രാവിലെ നേരം വെളുത്ത് വരുന്നേ ഉണ്ടായിരുന്നുള്ളൂ..... ശരിയായൊന്നും കാണാന്‍ വയ്യായിരുന്നു..... ഞാന്‍ തപ്പിത്തടഞ്ഞു ചെന്ന്, ആരെയും ഉണര്‍ത്തേണ്ട എന്ന് കരുതി..... പടിയില്‍ കിടന്ന ഷൂസില്‍ ആദ്യം ഇടത് കാല്‍ കയറ്റി.....പിന്നെ....” അവന്‍ നിര്‍ത്തി......
“പിന്നെ...”, ഞാന്‍ ധൃതി കൂട്ടി......അടുത്ത് കിടന്ന ആ പട്ടിയെ ഞാന്‍ കണ്ടില്ല.....”




“പിന്നെ......... ഇരുട്ടത്ത്, ഷൂസാണെന്ന് കരുതി അടുത്ത് കിടന്ന ആ കറുത്ത പട്ടിയുടെ വായില്‍ വലത്തേ കാല്‍ തിരുകിക്കയറ്റിപ്പോയി......അത് നല്ല കടിയും തന്നു......”
              ഞാന്‍ പൊട്ടിത്തെറിക്കും പോലെ ഒറ്റച്ചിരി..... ആകെ ശരീരം മുഴുവന്‍ കോച്ചിപ്പിടിച്ചു......എവിടെയൊക്കെയോ കൊളുത്തി വലിച്ചു.....ചിരി നിര്‍ത്താനേ പറ്റുന്നില്ല..... “ഷൂസാണെന്നു കരുതി നായയുടെ വായില്‍ കാലിട്ടവന്‍....... എന്നിട്ട് ആ നായയുടെ പേരില്‍ വഴിപാട് കഴിച്ചവന്‍.....ആ നായയുടെ സുഖവിവരം അറിയാന്‍ നേരം വെളുക്കും മുന്‍പേ മതിലിലൂടെ എത്തിനോക്കി പേരുദോഷം ഉണ്ടാക്കിയവന്‍.......”
                പെട്ടെന്ന് സ്വിച്ചിട്ടതുപോലെ എന്റെ ചിരി നിന്നു.....ശരിക്കും ഇപ്പോള്‍ വിഡ്ഡിയായത് ഞാനല്ലേ.....ഒരു സി.ബി.ഐ......... ചമ്മല്‍ മാറ്റാന്‍ ഞാനറിയാതെ ഒന്നുറക്കെ പറഞ്ഞു.....”ജൂലി, ഐ ലവ്വ് യൂ.....”
ഒരു വോട്ട് കൂടി ചെയ്തിട്ട് പോണേ.....

Sunday, October 3, 2010

ശംഖുവരയന്‍ ശംഖൂതിയപ്പോള്‍ !!!!!!!


                ഡ്രില്‍ മാഷായ രാമക്കുറുപ്പ് സാറിന്റെയും ഡ്രോയിംഗ് ടീച്ചറായ പുഷ്പലതയമ്മയുടെയും ഏക സന്താനമാണ് പീലു - ശരിയായ പേര്, അതായത് മാഷും ടീച്ചറും കൂടി ഏകകണ്ഠമായി തീരുമാനിച്ചിട്ട പേര് വിനയന്‍.ആര്‍ .കുറുപ്പ്. ആദ്യമൊക്കെ, അതായത് ഇരട്ടപ്പേരിടാനുള്ള പ്രാപ്തിയാകുന്ന പ്രായമെത്തുന്നതിനു മുന്‍പ് വരെ, ഒന്നിലും രണ്ടിലും ഒക്കെ പഠിച്ചിരുന്നപ്പോള്‍ ഞങ്ങളൊക്കെ പരസ്പരം മുഴുവന്‍ പേരാണ് വിളിച്ചിരുന്നത്. ബിജു.കെ.ജോണിനെ ‘ബിജുക്കജോണെന്നും’, ദീപ.ആര്‍ പ്രഭുവിനെ ‘ദീപാര്‍പ്രൌ’ എന്നും നമ്മുടെ വിനയന്‍ .ആര്‍ .കുറുപ്പിനെ ‘വിനയനാര്‍ക്കുറപ്പ്’ (വിന - എന്ന് -ആര്‍ക്ക് -ഉറപ്പ്????)  എന്നും ഒക്കെ അക്ഷരശുദ്ധിയും വൃത്തിയും വെടിപ്പും വ്യക്തതയും ഒന്നും ഇല്ലാതെ അങ്ങനെ വിളിച്ചു പോന്നു. സത്യത്തില്‍ ശരിയായ മുഴുവന്‍ പേര് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പരിണാമത്തിന്റെ ആദ്യഘട്ടം അങ്ങനെയാണ്. ഏതാണ്ട് മൂന്നാം ക്ലാസ്സ് വരെ ടീച്ചര്‍ ഹാജര്‍ വിളിക്കുന്ന ശബ്ദത്തെ അനുകരിച്ചാണ് കൂട്ടുകാരെ വിളിക്കുന്നത്. പിന്നെപ്പിന്നെ ചുരുക്കപ്പേരും, അതായത് ഗോപകുമാറിനെ ഗോപനെന്നും, ‘ബിജുക്കജോണിനെ’ ബിജു എന്നും, സന്തോഷിനെ ചന്തു എന്നുമൊക്കെ.... അടുത്ത ഘട്ടം ഇരട്ടപ്പേരിന്റെതാകുന്നു.... ആദ്യഘട്ടത്തില്‍ പേരിനു സമാനമായ ശബ്ദം വരുന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. മാത്യുവിനെ മത്തിയെന്നും, സുരേഷിനെ ചൂരയെന്നും ഗിരീഷിനെ കീരിയെന്നും ഒക്കെ അപരിഷ്കൃതമായ ഇരട്ടപ്പേരുകള്‍ . പിന്നെപ്പിന്നെ ആളിന്റെ രൂപത്തെയും സ്വഭാവത്തെയും ഒക്കെ വിശകലനം ചെയ്ത് പേരിടാനുള്ള വിദ്യാഭ്യാസം നേടിയിരിക്കും. തടിയനെന്നും, കാക്കയെന്നും, ഉണ്ടക്കണ്ണനെന്നും കൊഴുക്കട്ടയെന്നും ഒക്കെ. ആ കൊഴുക്കട്ടയെ ഞാനിന്നു സ്വന്തമാക്കി.
                അങ്ങനെയാണ് കൌശലക്കാരനും, എല്ലാമറിയാവുന്ന ഭാവമുള്ളവനും, അഹങ്കാരിയുമായ – വിനയം ഒട്ടുമില്ലാത്ത - വിനയന്‍.ആര്‍ .കുറുപ്പിനെ പീലു എന്ന് വിളിച്ചു തുടങ്ങുന്നത്. എന്റെ ചെറിയ പ്രായത്തില്‍ , ഏറ്റവും അധികം കുട്ടികളെ സ്വാധീനിച്ച ഒരു പ്രസിദ്ധീകരണമായിരുന്നു ‘പൂമ്പാറ്റ’. അതിലെ, വാല്‍ എത്രവേണമെങ്കിലും നീട്ടാന്‍ പറ്റുന്ന കപീഷ് എന്ന കുരങ്ങന്റെ കഥയും, അതിലെ ദൊപ്പയ്യ എന്ന വേട്ടക്കാരന്‍, കൌശലക്കാരനായ പീലു എന്ന കടുവ‍, പിന്നെ വേറൊരു കഥയായ ‘കലൂലുവിന്റെ കൌശലങ്ങളിലെ’ താരങ്ങള്‍ എന്നിവരെല്ലാം ഇരട്ടപ്പേരിടാന്‍ ഉപയോഗിച്ചിരുന്നു. വിനയന്റെ, അല്ല പീലുവിന്റെ, അച്ഛന്‍ ഡ്രില്‍ മാഷിന് പില്‍ക്കാലത്ത് ‘ദൊപ്പയ്യ’ എന്ന പേരും കിട്ടി. എപ്പോഴും അടി തരുന്ന സൌമിനി ടീച്ചര്‍ക്ക് ‘ഡാകിനി’യെന്നും, പ്രശ്നസങ്കീര്‍ണ്ണമായ കണക്കിലെ ഉത്തരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്ന കണക്ക് പഠിപ്പിക്കുന്ന നമ്പീശന്‍ മാഷിന് ‘മായാവി’യെന്നും ഒക്കെ പേരു കിട്ടി. ഹൈസ്ക്കൂളായപ്പോള്‍ പേരിടീലിന്റെ നിലവാരവും മാറി. പലപ്പോഴും അലസമായി നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ % ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage' എന്ന പേരും ഇട്ട് ഗുരുദക്ഷിണ നല്‍കിയിട്ടുണ്ട് മഹാന്മാരായ ശിഷ്യന്മാര്‍
                നമുക്ക് പീലുവിലേയ്ക്ക് വരാം. എല്ലാമറിയാമെന്ന ഭാവം അവന് നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്നു, സ്വല്‍പ്പം അഹങ്കാരവും എടുത്ത് ചാട്ടവും ഒക്കെ അതിന്റെ കൂടെ മസാലയായി കൂട്ടിയിരുന്നു. ആ സ്കൂളിലെതന്നെ അദ്ധ്യാപകരുടെ മകന്‍ എന്ന ജാട വേറെയും. ഈ സ്വഭാവം അവനെ പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കുമായിരുന്നു. ഒരിക്കല്‍ സൂര്യഗ്രഹണം കാണാന്‍ ഉള്ള രീതികള്‍ ഹേമാംബികടീച്ചര്‍ വിവരിക്കവേ, എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ അത് ശ്രദ്ധിക്കാതെയിരുന്നു നമ്മുടെ പീലു. അടുത്ത ദിവസം, ടീച്ചര്‍ മൂന്നാല് എക്സ്രേ ഫിലിമുകള്‍ കൊണ്ട് വന്നു. എക്സ്രേ ഫിലിം വച്ചാണ് ഗ്രഹണം കാണേണ്ടതെന്ന കാര്യം മാത്രം പീലു എങ്ങനെയോ കേട്ടു. എക്സ്രേ ഫിലിം ആദ്യമായി കാണുന്ന ഞങ്ങള്‍ക്ക് ടീച്ചര്‍ അത് കാണാനായി ക്ലാസില്‍ വിതരണം ചെയ്തു. പീലു കാണിച്ച ബുദ്ധി നോക്കണേ, അവന്‍ ആ ഫിലിം ഒരു കുഴല്‍ രൂപത്തില്‍ ചുരുട്ടി കൈയ്യില്‍ പിടിച്ച് ഒരു കണ്ണടച്ച് ശാസ്ത്രജ്ഞന്റെ ഭാവത്തില്‍ ജനാലയിലൂടെ തല പുറത്തേയ്ക്കിട്ട് സൂര്യനെ ഒരു നോട്ടം!!!! ഭാഗ്യത്തിന് സൂര്യഗ്രഹണം ഒന്നും ഇല്ലായിരുന്നതു കൊണ്ട് അവന്‍ ഒറ്റക്കണ്ണനായില്ല....
                  എല്ലാപേരെയും പോലെ പീലുവും വളര്‍ന്നു. സ്കൂളിലെ സൌഹൃദം ആണ് ഏറ്റവും ദൃഢമായ സൌഹൃദം എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരോട് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ട്. നമ്മുടെ പീലുവും, പിന്നെ അന്നത്തെ സഹപാഠികളായിരുന്ന മഹേഷും, സന്തോഷും, വിജയകുമാറും, ജോസും പിന്നെ, പ്രൈമറിക്ലാസ്സിലെ അരമാര്‍ക്കിന്റെ വ്യത്യാസം ഉണ്ടാക്കിയ മത്സരബുദ്ധി ഇന്നും വീറോടെ കാത്തുസൂക്ഷിക്കുന്ന മഞ്ജുവും ബെറ്റിയും (അവരുടെ കഥ വഴിയെ പറയാം) ഒക്കെ ഇപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെ. പല സ്ഥലത്താണ് ജോലിയെങ്കിലും ഇടക്കിടെ നമ്മുടെ കൂടിച്ചേരലുകള്‍ ഇപ്പോഴും നടക്കാറുണ്ട്.
                     മൂക്കിന്റെ താഴെ കുറച്ച് രോമമൊക്കെ വളര്‍ന്നപ്പോള്‍ പല വിദ്വാന്മാരെപ്പോലെ പീലുവും ചെറിയ ‘സ്മാള്‍ ‘ ഒക്കെ ശീലിച്ചുതുടങ്ങി. ‘സാധനം‘ ഉള്ളില്‍ ചെന്നാല്‍ പിന്നെ അവന്‍ പഴയ സ്വഭാവം പുറത്തെടുക്കും - എടുത്തുചാട്ടം, അഹങ്കാരം - പിന്നെ, പുതിയൊരു സംഗതി കൂടെ കിട്ടി - ചില്ലറ ‘അടിച്ചുമാറ്റല്‍ ‘. കടയിലൊക്കെ പോയാല്‍ ഒരു തീപ്പെട്ടിയെങ്കിലും അവന്‍ എടുത്തിരിക്കും. സ്മാള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ മാത്രമേ ഈ സ്വഭാവം ഉള്ളു കേട്ടോ.
                     ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാപേരും കൂടി കന്യാകുമാരി കാണാന്‍ പോയി. തിരുവനന്തപുരത്തിന്റെ ഏറ്റവും അടുത്തുള്ള കന്യാകുമാരി എനിക്കെന്നും പ്രിയപ്പെട്ട സ്ഥലമാണ്. സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്ത് കാണുന്ന ലോകത്തെ രണ്ടേ രണ്ട് സ്ഥലങ്ങളില്‍ ഒന്നാണിത് (മറ്റൊന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്). സന്ധ്യാസമയത്ത് കടല്‍തീരത്ത് കൂടിയുള്ള നടത്തം എത്രയായാലും മതിയാവില്ല. കടല്‍ ചിപ്പികളും, ശംഖുകളും, പുറ്റുകളും ഒക്കെയുള്ള കൌതുകവസ്തുക്കളുടെ വഴിക്കച്ചവടക്കാര്‍ അവിടെ ധാരാളമുണ്ട്. ആ കടല്‍ക്കാറ്റും, ഈ കാഴ്ച്ചകളും ഒക്കെ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസം തന്നെ. വളരെയധികം യാത്ര ചെയ്തിട്ടുള്ള എന്റെ അനുഭവത്തില്‍, കന്യാകുമാരിയെ “the most romantic place in the world" എന്നു തന്നെ ഞാന്‍ പറയും.
                     അങ്ങനെ ഈ യാത്രയില്‍ പീലുവും, മഹേഷും, സന്തോഷും ഞാനും ഒത്തുകൂടി. കന്യാകുമാരി കേരളാ ഹൌസില്‍ ഞങ്ങള്‍ രാവിലെ തന്നെ എത്തി. എല്ലാപേരും കുളിച്ച് റെഡിയാകുമ്പോള്‍ പീലു പറഞ്ഞു, ‘എനിക്ക് മാത്രമായി കുറച്ച് നേരം ബാത്ത്രൂം വേണം, എല്ലാപേരും അവരവരുടെ കാര്യം കഴിഞ്ഞെങ്കില്‍ അവസാനം മതി എനിക്ക്’. ഓക്കെ, അവസാനം അവന്‍ കയറി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, പീലു ബാത്ത് റൂമില്‍ തന്നെ. ഡ്രില്ലിംഗ് മെഷീന്‍ കൊണ്ട് ചുമരു തുരക്കുന്നത് പോലത്തെ ശബ്ദം ചെറുതായി ഞങ്ങള്‍ക്ക് കേള്‍ക്കാം. ഇവനെന്താ തുരംഗം ഉണ്ടാക്കുകയാണോ അതിനുള്ളില്‍ ? അവസാനം ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നട തുറന്നു. വലിയ ഗമയില്‍ ആടിന്റെ താടിപോലെ ഒരു താടിയും, പിന്നെ ഹൈഹീല്‍ ചെരുപ്പിന്റെ ആകൃതിയില്‍ ഒരു കൃതാവും, പഴയ കെ.എസ്.ആര്‍ ടി സി ബസ്സിന്റെ ബംബര്‍ പോലത്തെ മീശയും ഒക്കെ വച്ച് പീലുവും റെഡിയായി. ഈ മേക്കപ്പിനാണ് അവന്‍ ഇത്രേം നേരമെടുത്തത്. ഇലക്ട്രിക്ക് ഷേവറിന്റെ ശബ്ദം ആയിരുന്നു അവിടെ കേട്ടത്. പതിവ് പോലെ വൈകുന്നേരം ആയപ്പോള്‍ പീലു ഒരു സ്മാള്‍ അടിച്ചു. അവന്റെ തനി സ്വഭാവം പുറത്ത് വന്നു. മുന്തിരിങ്ങ ജ്യൂസ് കഴിക്കാന്‍ പോയ കടയില്‍ നിന്ന് ഒരു പൊതി അവന്‍ അടിച്ചുമാറ്റി. കൂടെയുണ്ടായിരുന്ന ഞങ്ങള്‍ പോലും അറിഞ്ഞില്ല. പക്ഷേ, ഇത്തവണ അവന് അബദ്ധം പറ്റി. കളയാന്‍ വച്ചിരുന്ന നാരങ്ങാത്തോടും, പൊനാപ്പിളിന്റെ മുള്ളും ഒക്കെയായിരുന്നു അതില്‍ . ആകെ ചമ്മിയ അവന്റെ വളിച്ച മുഖം ആ നിലാവെളിച്ചത്തില്‍ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ തിളങ്ങി. “ഇനിയെങ്കിലും നോക്കി എടുക്കെടാ, അബദ്ധം പറ്റാതെ, മണ്ടന്‍ “ ‘മണ്ടന്‍‘ എന്ന് സന്തോഷ് വിളിച്ചത് പീലുവിന്റെ അഭിമാനത്തെ മുറിപ്പെടുത്തി.
                     നേരം ഇരുട്ടിത്തുറങ്ങി. കച്ചവടക്കാര്‍ അവരുടെ തട്ടുകളൊക്കെ ഒതുക്കിത്തുടങ്ങി. ‘മണ്ടന്‍‘ വിളിയുടെ അപമാനം ഇപ്പോഴും പീലുവിനുണ്ടെന്ന് അവന്റെ മുഖത്ത് നിന്നറിയാം. കൂടാതെ, എല്ലാപേരും ഓരോന്ന് പറഞ്ഞ് കളിയാക്കാനും തുടങ്ങി. ഞങ്ങള്‍ കടല്‍ത്തീരത്ത് മണലിലൂടെ വെറുതേ നടന്നു. ഇടക്ക്, ‘ഇപ്പോള്‍ വരാം’ എന്ന് പറഞ്ഞ് പീലു ഇരുളിലേയ്ക്ക് മറഞ്ഞു. ‘ഒന്നിന്’ പോകാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി. പക്ഷേ കുറേ നേരമായിട്ടും അവനെ കാണുന്നില്ല. ഞങ്ങള്‍ കപ്പലണ്ടി തിന്നു തീര്‍ത്ത്, അത് പൊതിഞ്ഞ കടലാസ്സ് കടല്‍ക്കാറ്റില്‍ പറത്തി അങ്ങനെ നടന്നു. കാറ്റില്‍ എവിടെ നിന്നോ ഒരു ശംഖൊലിയും കേട്ടു....ഈ രാത്രി നേരം. അതാരും അത്ര ശ്രദ്ധിച്ചില്ല.
                    പെട്ടെന്ന്, ‘തിരുടാ, നായേ....@##^^@@&*@‘ എന്നൊക്കെ വിളിച്ചുകൊണ്ട് ഒരു തമിഴന്‍ പയ്യന്‍ ഒരു മാന്യനെ മണലിലൂടെ ഓടിക്കുന്നു. ‘നമ്മുടെ പീലുവല്ലേ അത്?” മഹേഷിനാണ് സംശയം തോന്നിയത്. സംഗതി ശരിയാണ്. നമ്മുടെ പീലുവിനെ ഒരുത്തന്‍ ഓടിക്കുന്നു. കാര്യമറിയാതെ പകച്ചു നിന്ന ഞങ്ങളുടെ മുന്നിലൂടെ തന്നെ പീലു ശരം വിട്ടപോലെ പായുന്നു പിന്നാലെ ആ തമിഴനും.... പെട്ടെന്ന് വഴിയില്‍ കിടന്ന എന്തിലോ തട്ടി പിന്നാലെ ഓടിയ തമിഴന്‍ പയ്യന്‍ താഴെ വീണു. പീലു ശരം വിട്ട പോലെ രക്ഷപ്പെടുകയും ചെയ്തു. ഞൊടിയിട കൊണ്ടാണ് കാര്യങ്ങളൊക്കെ കഴിഞ്ഞത്. ഞങ്ങള്‍ക്ക് കാര്യമൊന്നും പിടികിട്ടിയില്ല... എന്തായാലും ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ടും, വിശപ്പും ക്ഷീണവും ഒക്കെ വന്നതു കൊണ്ടും ഞങ്ങള്‍ തിരികെ കേരളാഹൌസിലേയ്ക്ക് ചെന്നു. കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ മുറിയുടെ താക്കോല്‍ വാങ്ങിയതായി അറിഞ്ഞു. പലപ്രാവശ്യം മുട്ടിയശേഷം വാതില്‍ തുറന്നു. മുറിക്കുള്ളില്‍ ലൈറ്റിട്ടിട്ടില്ലായിരുന്നു. പുറത്ത് നിന്നു വീശിയ ലൈറ്റ്ഹൌസിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കാഴ്ച കണ്ട് പെട്ടെന്നൊന്നമ്പരന്നു. പഞ്ചാഗ്നിയിലെ മോഹന്‍ലാല്‍ ഞങ്ങളുടെ മുറിയില്‍ !!!!


                    ഞാന്‍ മുറിക്കുള്ളില്‍ ചാടിക്കയറി ലൈറ്റിട്ടു. എല്ലാപേരും സൂക്ഷിച്ചു നോക്കി..... പഞ്ചാഗ്നിയിലെ ലാല്‍ അല്ല, നമ്മുടെ സാക്ഷാല്‍ പീലു..... രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് ഉണ്ടാക്കിയെടുത്ത കോമാളിത്തരം - അതെ, കോമാളിത്തരം തന്നെ - മൊത്തത്തില്‍ ഒലിച്ചു പോയിരിക്കുന്നു. സ്റ്റൂ വയ്ക്കാന്‍ തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് പോലെ ഇരിക്കുന്നു ഇവന്റെ മുഖം. അവിടവിടെ ബ്ലേഡ് കൊണ്ട് കോറിയ പോലെയും ഉണ്ട്. കടപ്പുറത്ത് വില്‍ക്കാന്‍ വച്ചിരുന്ന ശംഖിന്റെ പുറത്ത് കരകൌശലം കാട്ടിയ പോലെ. അയ്യേ, ആ തമിഴന്‍ പയ്യന്‍ ഇവനെ എന്താ ചെയ്തത്???? ഞങ്ങള്‍ക്ക് ആകെ ചിരിയായി.എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ടം’ പേടിച്ചരണ്ട പീലു ഞങ്ങളെ ഉള്ളിലാക്കി പെട്ടെന്ന് വാതിലടച്ചു.
                ആദ്യമൊന്നും ചോദിച്ചിട്ട് അവന്‍ ഒന്നും പറഞ്ഞില്ല. “എന്തെങ്കിലും കുഴപ്പം കാണിച്ചെങ്കില്‍ തമിഴന്‍ പയ്യന്മാര്‍ ഇപ്പോള്‍ കൂട്ടത്തോടെ നിന്റെ ദേഹത്ത് മേയാന്‍ വരും, പറയെടാ എന്താ പറ്റിയത്??” ഞാനവനെയൊന്ന് വിരട്ടിനോക്കി. രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് മോടിപിടിപ്പിച്ച ഈ മരമോന്ത ഇത്ര ധൃതിയില്‍ ഇങ്ങനെ വെട്ടി നിരത്തിയതെന്തിനെന്ന് അറിയാന്‍ ആകാംഷയായി.
                     എന്തായാലും ആ ഭീഷണി ഏറ്റു. പേടിയും, ചമ്മലും, നാണക്കേടും എല്ലാം കൂടി ചേര്‍ന്ന് വിവര്‍ണ്ണമായ മുഖത്തോടെ പീലു പറയാന്‍ തുടങ്ങി. “നേരത്തേ മുന്തിരിങ്ങക്കടയില്‍ നിന്ന് പൊതി എടുത്ത് നാണം കെട്ടില്ലേ, അതു കൊണ്ട്....” അവന്‍ വിക്കി.....”അതുകൊണ്ട്, പറയെടാ....എന്ത് പറ്റിയെന്ന്” ഞങ്ങള്‍ ഒരുമിച്ചാണ് അങ്ങനെ ശബ്ദം ഉയര്‍ത്തിയത്... “ഞാന്‍, ആ ശംഖ് ഒക്കെ വില്‍ക്കുന്നവന്റെ തട്ടില്‍ നിന്ന് ഒരു ശംഖ് എടുത്തു.” ഞങ്ങള്‍ക്ക് ആവേശമായി, ‘സ്മാള്‍ ‘ ഇത്തിരി ലാര്‍ജ്ജായിത്തന്നെ പ്രവര്‍ത്തിച്ചല്ലോ..... “എന്നെ കളിയാക്കരുത്, ഞാന്‍ പറയാം....” പീലു തുടര്‍ന്നു.... “നേരത്തേ പറ്റിയ അബദ്ധം വീണ്ടും പറ്റരുതല്ലോ..... അതു കൊണ്ട് ഞാന്‍, ആ ശംഖ് നല്ലത് തന്നെയോ എന്നറിയാന്‍ ഒന്ന് ഊതി നോക്കി. അടുത്ത് ആ തമിഴന്‍ പയ്യന്‍ കിടന്നത് ഞാന്‍ കണ്ടില്ല. അവനാണ് എന്നെ ഓടിച്ചത്......”
                 എല്ലാപേരുടെയും ചിരി ഉച്ചത്തിലായപ്പോള്‍ പീലുവും പതുക്കെ ചമ്മലൊക്കെ ഒളിപ്പിക്കാന്‍ കൂടെക്കൂടി...... ഇതിനിടയില്‍ മഹേഷ് വിളിച്ച് പറയുന്നത് കേട്ടു.... ‘വെള്ളമടിച്ചാല്‍ മര്യാദയ്ക്ക് നടക്കണം....മറ്റുള്ളവരെ മെനക്കെടുത്തരുത്.... വെള്ളമടിച്ച് പാമ്പായി ശംഖ് വിളിച്ചിരിക്കുന്നു.....ശംഖുവരയന്‍!!!!!’
                       അന്ന് മുതല്‍ പീലുവിന് പുതിയൊരു പേരുകൂടി കിട്ടി, ശംഖുവരയന്‍ - ശംഖുവരയന്‍ പീലു.....

Saturday, August 28, 2010

"സാറേ, സാറും????" (You too Brutus?????)

     സകല വിദ്വാന്മാരുടെയും ഓണം പോസ്റ്റുകള്‍ വായിച്ചു രസിച്ച് ഇത്തവണത്തെ ഓണം അങ്ങനെയങ്ങ് ആഘോഷിച്ചു.  മാവേലി കണ്ട കേരളം വായിച്ച് വായിച്ച്, ആഘോഷങ്ങളൊക്കെ കാണുമ്പോള്‍ സ്വയം, മാവേലിയുടെ മനസ്സും ഗര്‍വ്വും ഒപ്പം തന്നെ നിരാശയും  തോന്നി.  എന്നാലും അവിടവിടെ ചില ചെറിയ ചെറിയ നുറുങ്ങു രസങ്ങളും കാണാന്‍ പറ്റി.
    കുഞ്ഞു നാളില്‍ ‍, അച്ഛനമ്മമാരോടൊത്ത് നഗരത്തില്‍ ഓണം വാരാഘോഷം കാണാന്‍ പോയതൊക്കെ ഓര്‍മ്മ വന്നു.  അന്നൊക്കെ ശരിക്കും വാരാഘോഷം തന്നെയായിരുന്നു.  ഒരാഴ്ച മുഴുവനും കണ്ടാലും തീരാത്ത കാഴ്ചകള്‍ ‍, വൈവിദ്ധ്യമാര്‍ന്ന മേളകള്‍ ‍, രസകരമായ കലാപരിപാടികള്‍ ‍, ഒടുവില്‍ കലാശക്കൊട്ടായി ഘോഷയാത്രയും.
    ഇന്ന്, അതൊന്നുമില്ല.  ആസ്വദിക്കാനെത്തുന്നവരെക്കാള്‍ നടത്തിപ്പുകാര്‍ക്കായി വാരാഘോഷത്തിന്റെ ആവേശം... ദീപസ്തംഭം മഹാശ്ചര്യം...... ഭാരതീയ കരകൌശലമേള എന്ന്  കമാനങ്ങള്‍ കളവ് പറഞ്ഞിടത്തെല്ലാം ചൈനീസ് ചവറുകളുടെ അപകടകരമായ അധിനിവേശം.... ആരോട് പറയാന്‍!!!  കനകക്കുന്ന്, സൂര്യകാന്തിയിലെ എക്സിബിഷന്‍ സ്റ്റാളുകളിലൊന്നില്‍ നമ്മുടെ കാപ്പിലാന്റെ "ബൂലോകം ഓ
ണ്‍ലൈന്‍" മാസിക എല്ലാപേര്‍ക്കും സൌജന്യമായി വിതരണം ചെയ്യുന്നതും കണ്ടു.
  തലസ്ഥാനത്ത് എതു സമയത്തെയും പോലത്തെ മേളകളേ ഓ
ണത്തിനും കാണാന്‍ കഴിഞ്ഞുള്ളൂ.  പ്രവേശന കവാടത്തിനരികില്‍ തന്നെയുള്ള മുളകുബജിസ്റ്റാള്‍ , കരിമ്പില്‍ ജ്യൂസ് സ്റ്റാള്‍ ‍, പിന്നെ വര്‍ഷങ്ങളായി കണ്ടുമടുത്ത ഉത്തരേന്ത്യന്‍ വള, മാല, കമ്മല്‍ തുടങ്ങിയവ.... ശരിക്കും മടുത്തു ഇവയൊക്കെ. ഹാ, അതൊക്കെ പോട്ടേ.......

    തിരുവോണത്തിന്റെയന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ വീടിനു മുന്നിലുള്ള റോഡില്‍ ‍, ചുറ്റുവട്ടത്തെ പയ്യന്മാരുടെ ഓണാഘോഷത്തിന്റെ ബഹളം... ഷാക്കിറയുടേ 'വക്കാ വക്കാ' കേട്ടാണുണര്‍ന്നത്.  അതിരാവിലെ, അതും തിരുവോണത്തിന്, വക്കാ വക്കാ.....ശരിക്കും ദേഷ്യം വന്നു.  പക്ഷേ, രണ്ടാം നിലയിലെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ചെറിയൊരു  പുഞ്ചിരി ഞാനറിയാതെ എന്റെ മുഖത്ത് വിടര്‍ന്നു.  പുതിയ തലമുറയിലെ കൌമാരക്കാര്‍ ഗംഭീരമായ ഒരു പൂക്കളം ഒരുക്കുന്ന തിരക്കില്‍ ‍. പയ്യന്മാരുടെ ഉത്സാഹം വളരെ നാളുകള്‍ക്ക് ശേഷമാണ് കാണുന്നത്. 
    അത്തപ്പൂക്കളവും, ഓണക്കളികളും എല്ലാം നിറഞ്ഞ ആഘോഷത്തിന്റെ പ്രതീതി.  എല്ലാത്തിനും നേതൃത്വത്തില്‍ത്തന്നെ നമ്മുടെ "ഓടയില്‍ രവിയും" ഉണ്ട്.  നാട്ടിലെ ആസ്ഥാന തെങ്ങ് കയറ്റ മാന്ത്രികനാണ് പുള്ളി; എറ്റവും ഡിമാന്റുള്ള സ്കില്‍ഡ് വര്‍ക്കര്‍ ‍!  ഒരു കഷണം മാംസം ഒരു കുഴലിലൂടെ കടത്തി, അതിന് കയ്യും കാലും വച്ച്, കുറച്ച് അഹങ്കാരവും ചാലിച്ചു ചേര്‍ത്താല്‍ ഓടയില്‍ രവിയായി.  40-45 വയസ്സ് പ്രായത്തില്‍ (കണ്ടാല്‍ പ്രായം തോന്നിക്കുകേ ഇല്ല, സത്യം) ഒരു ഭാര്യയും, അറിയപ്പെടുന്ന മൂന്ന് മക്കളും ഇഷ്ടനു സ്വന്തമായുണ്ട്. രവിയുടെ സകല കലാപരിപാടികളുടെയും പ്രധാന ആസ്വാദകയും വിമര്‍ശകയും (പലപ്പോഴും ചൂലു കൊണ്ട് എന്ന് ചില കുബുദ്ധികള്‍ പറയും) ഇതിയാന്റെ ഭാര്യ ശകുന്തളയാണ്. രാത്രി 9 മണി കഴിഞ്ഞാല്‍ മിക്കവാറും  വെള്ളമടിച്ച് സമീപത്തെ
ടയില്‍ വിശ്രമം.  അതുകൊണ്ടാണ് ഓടയില്‍ രവി എന്ന പേരു വന്നത്. പകല്‍ മുഴുവന്‍ ചീവീട് പോലെ പാറി നടക്കുന്ന രവി രാത്രിയായാല്‍ പാമ്പാവും.
    ഇന്ന്, ഓ
ണാഘോഷത്തിന്റെ പ്രധാന സംഘാടകനായി രാവിലെ മുതല്‍ തന്റെ ടൂത്ത്ബ്രഷ് പോലത്തെ ശരീരവുമായി രവി മുന്നില്‍ തന്നെയുണ്ട്.  നല്ല മൂഡിലെങ്കില്‍ രവി എത്ര മിടുക്കന്‍! 'മറ്റേവന്‍' ഉള്ളില്‍ ചെന്നാലോ, കഴിഞ്ഞു കാര്യം.
    ഞങ്ങളുടെ വീട്ടുമുറ്റത്താണ് പൂക്കള്‍ നിരത്തിയിട്ടിരിക്കുന്നത്.  കുട്ടികളുടെ സംഘത്തിനായിരുന്നു പൂവിറുക്കാന്‍ ആവേശം.  ജമന്തിയും വാടാമുല്ലയും, താമരമൊട്ടും, ചെറിയ ഇലകളും, അരളിയുമൊക്കെയായി നല്ല കളക്ഷന്‍.  ഇതൊക്കെ കണ്ടു നിന്ന എന്റെ അമ്മയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കൊഴിഞ്ഞുകിടക്കുന്ന പൂക്കളുടെ അവശിഷ്ടം നമ്മുടെ തെങ്ങിന്‍ ചുവട്ടിലിടണം - ഭാഗ്യത്തിന് നല്ല പൂച്ചെടികള്‍ അവയില്‍ നിന്ന് കിളിര്‍ത്താലോ...
              ബേക്കറി നടത്തുന്ന കുഞ്ഞുമോന്റെ നാലുവയസ്സുകാരി മകള്‍ മണിക്കുട്ടി എല്ല്ലാ ഉത്സാഹക്കമ്മറ്റിയിലും പോലെ ഇവിടെയും പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.  പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും എല്ലാത്തിനും മണിക്കുട്ടി തന്നെ മുന്നില്‍ , കൂട്ടത്തിലവളുടെ സ്ക്കിപ്പിംഗ് റോപ്പും....സ്ക്കിപ്പിംഗാണ് പ്രധാന വിനോദം, സന്തോഷം, സങ്കടം,  ബോറടി എന്തായാലും  മണിക്കുട്ടി സ്ക്കിപ്പ് ചെയ്യും. . 
    ഉച്ചയോടെയേ പൂക്കളം റെഡിയായുള്ളൂ.  മൊബൈല്‍ ക്യാമറകളില്‍ ഇതൊക്കെ പകര്‍ത്താന്‍ പിള്ളേരുടെ ആവേശം.  കാലം മാറിയ മാറ്റമേ, എന്റെ ഉള്ളിലെ മഹാബലി വര്‍ഷങ്ങള്‍ പിന്നോട്ട് നടന്ന് നെടുവീര്‍പ്പിട്ടു.  അത്തപ്പൂവിന്റെ നടുവില്‍ ചാണക ഉണ്ട കൊണ്ടുള്ള ഗണപതി സങ്കല്‍പ്പത്തിനു മാത്രം മാറ്റം വന്നില്ല.
    വൈകുന്നേരം ആറ് മണിയൊടെ തൊട്ടടുത്ത അരശിന്‍മൂട് അമ്പലത്തിലെ ദീപാരാധനക്കു ശേഷം മത്സരങ്ങള്‍ ആരംഭിക്കുകയായി.  ശ്രീകൃഷ്ണജയന്തിക്ക് കാണുന്ന ഉറിയടി, ആടിച്ചൊവ്വയ്ക്ക് അലങ്കാരമാകുന്ന കൊച്ചു പെണ്‍കുട്ടികളുടെ കോലാട്ടം കളി, കുറുകെ വച്ചുകെട്ടിയ തെങ്ങിന്‍തടിയ്ക്ക് മുകളില്‍ ഇരുന്ന് വൈക്കോല്‍ നിറച്ച തലയിണ കൊണ്ടുള്ള പില്ലോ ഫൈറ്റ്, ഇതിനെല്ലാം അകമ്പടിയായി ആര്‍പ്പുവിളിയും കൈയ്യടിയും, മണിക്കുട്ടി ഇതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പാറി നടക്കുന്നുണ്ട്.....ആകെ രസകരമായ വര്‍ണ്ണക്കാഴ്ച.  ഇടക്കെപ്പോഴോ മുഖ്യസംഘാടകനായ ഓടയില്‍ രവിയെ കാണാതായിരിക്കുന്നു....ഞാന്‍ മാത്രം അത് ശ്രദ്ധിച്ചു.  രസകരമായ പല പ്രകടനങ്ങളും ബോധത്തൊടെയും ബോധമില്ലാതെയും രവി കാഴ്ചവച്ചിട്ടുള്ളത് കൊണ്ട് എന്റെ കണ്ണുകള്‍ അവനെ തിരയുകയായിരുന്നു.
    ഒടുവില്‍ ‍, ചെയിനിട്ട വാസുവേട്ടന്റെ (ആ പേരിനെക്കുറിച്ചും അങ്ങേരുടെ സാഹസങ്ങളെക്കുറിച്ചും പിന്നൊരിക്കല്‍ പറയാം) നേതൃത്വത്തിലുള്ള നാടന്‍ പാട്ടു പരിപാടി കഴിഞ്ഞ്, കലാശക്കൊട്ടായി വടംവലി മത്സരം പ്രഖ്യാപിച്ചു.  "മിസ്സ് വേള്‍ഡ് ലേഡീസ് സ്റ്റോര്‍ ‍" ഉടമ റൊമാന്‍സ് കുമാരന്‍ എന്നറിയപ്പെടുന്ന ചന്ദ്രേട്ടന്‍ സ്പോണ്‍സര്‍ ചെയ്ത ഒരു ട്രോഫിയാണ് സമ്മാനം.   പിങ്ക്‍ നിറത്തിലുള്ള റിബണും ചുറ്റി ട്രോഫി ഒരു മേശയില്‍ ഇരുപ്പുണ്ട്.  മണിക്കുട്ടി സമ്മാനദാനം നിര്‍വ്വഹിക്കാനെന്നപോലെ ട്രോഫിക്കടുത്ത് തന്നെ നില്‍പ്പുണ്ട്, കൈയ്യില്‍ തന്റെ സ്ക്കിപ്പിംഗ് റോപ്പുമുണ്ട്.
    പെട്ടെന്നു തന്നെ രണ്ട് ടീമുകള്‍ രൂപപ്പെട്ടു. 'പുട്ടുപൊടി' വത്സലച്ചേച്ചിയും (വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി അരച്ച മാവും പുട്ടുപൊടിയും പാക്കറ്റിലാക്കി നാട്ടില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത് ഇവരാണ്), ചെയിനിട്ട വാസുവേട്ടന്റെ ഭാര്യ മന്ദാരവും എതിര്‍ ടീമുകളില്‍ നേര്‍ക്കുനേര്‍ നിന്നു.  കിങ്ങിണിപ്പിള്ളേരും പയ്യന്മാരും നിരന്നുനിന്ന് വടം പിടിച്ചു. കൌമാരപ്പൂവാലന്മാര്‍ ഒന്നിലും പങ്കെടുക്കാതെ തോളില്‍ കൈയ്യും ഇട്ട് നിന്ന് ആസ്വദിച്ചു. 
ടയില്‍ രവിയുടെ ഭാര്യ ശകുന്തള, വടത്തിനു നടുവിലായി കര്‍ചീഫ് കെട്ടി അടയാളം രേഖപ്പെടുത്തി.  മണിക്കുട്ടി ഉടനെതന്നെ അത് പരിശോധിച്ച് തൃപ്തിവരുത്തി.  റഫറിയായി സ്ഥലത്തെ പൊതുസമ്മതനായ ഭാര്‍ഗ്ഗവന്‍ സാര്‍ ‍, വേള്‍ഡ് കപ്പ് ഫൈനലിനു നില്ക്കും പോലെ ടെന്‍ഷനിലായി.  ഒന്നു രണ്ട് ട്രയല്‍ വലികള്‍ നടന്നു.  പൊട്ടിച്ചിരികളും ആര്‍പ്പ് വിളികളും അന്തരീക്ഷം രസകരമാക്കി.
    ഒടുവില്‍ ‍, ഫൈനല്‍ വടം വലിക്കായി എല്ലാപേരും സജ്ജരായി.  ഗുസ്തിക്കാരന്‍ നിലത്തുറച്ചു നില്‍ക്കുന്നതുപോലെ ഭാര്‍ഗവന്‍ സാര്‍ ചുവടുറപ്പിക്കുന്നത് കണ്ടാല്‍ ഇങ്ങേരെന്താ ഫുഡ് ബോളിലെ ഗോളി വേഷം പഠിക്കുകയാണോ എന്നു തോന്നിപ്പോകും.  പുട്ടുപൊടി വത്സലയും മന്ദാരവും സ്വയം, ടീമുകളുടെ നായകസ്ഥാനം എന്ന ഭാരിച്ച ഉത്തരവാദിത്വം എറ്റെടുത്ത മുഖഭാവത്തോടെ, ഒളിമ്പ്യന്മാരുടെ ഗമയോടെ പരസ്പരം നോക്കി.  ഭാര്‍ഗ്ഗവന്‍സാര്‍ റെഡി പറയാന്‍ റെഡിയായി. 
    "റെഡി, വണ്‍ ‍..ടൂ...."
    പെട്ടെന്ന് ഒരു അശരീരി.."ആരെടാ അവിടെ? @#&*&%;... ആരോടു ചോദിച്ചൊട്ടാണെടാ?"  അശരീരിക്കൊപ്പം പതുക്കെ ദേഹവും തെളിഞ്ഞു വന്നു.  ഭാര്‍ഗ്ഗവന്‍ സാര്‍ ഒന്നു ഞെട്ടി.  എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ടായി. "ആരോടു ചോദിച്ചിട്ടാണെടേ വഴം വഴി (വടം വലി)?" ശബ്ദം കൂടുന്നതിനനുസരിച്ച് കുഴയുന്നുമുണ്ട്.
    "ദൈവമേ, തിരുവോണത്തിനും ഇങ്ങേരെക്കൊണ്ട്....... "  ശകുന്തളയുടെ  ഉച്ചത്തിലായ ആത്മഗതം ആളെ തിരിച്ചറിയാന്‍ സഹായിച്ചു.  ഓടയില്‍ രവി ഫുള്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കുന്നു.
    "ആരോടു ചോദിച്ചിട്ടാണെടേ ഇവിടെ വഴം വലി വച്ചത്?"
    "ചേട്ടനല്ലെ രാവിലെ വടവും കൊണ്ട് തന്ന് ഈ ഐറ്റത്തിന്റെ ഐഡിയ തന്നത്?" എല്ലാപേരും ഒരു നിമിഷം സൈലന്റായപ്പോള്‍ മേലേവീട്ടിലെ തമ്പിക്കുട്ടന്‍ ഇത്രേം പറയാന്‍ തന്റേടം കാട്ടി.   മണിക്കുട്ടി അറിയാതെ കൈയ്യടിച്ചും പോയി.
    "മോനേ, ഇതെന്റെ അന്നമാടാ..... എന്റെ പണിയായുധം.... ഞാന്‍ തെങ്ങു മുറിക്കാന്‍ കൊണ്ട് പോണ വഴം...", രവി വിതുമ്പി...കണ്ടു നിന്നവരില്‍ സഹതാപം തുളുമ്പി.
    ഉടനേ കപ്പും കൊണ്ട് പോകാമെന്ന് പ്രതീക്ഷിച്ചു നിന്ന വത്സലച്ചേച്ചിയും മാന്ദാരവും ആകെ ചമ്മി, പതുക്കെ കാലുകള്‍ പിന്നിലേക്ക് വച്ച് മുങ്ങാന്‍ ഭാവിച്ചു.
    "വത്സലചേച്ചീ, മന്ദാരമ്മാ, നിങ്ങളും ഇതിനു കൂട്ടാണല്ലേ..." രവി വിങ്ങിപ്പൊട്ടുമെന്ന് തോന്നി.
    ആള്‍ക്കൂട്ടത്തിന്റെ ഉന്തിലും തള്ളിലും പെട്ട് ഒഴിഞ്ഞുമാറാനാവാതെ മുന്‍ നിരയില്‍ തന്നെ പെട്ടുപോയ  ഭാര്‍ഗ്ഗവന്‍ സാറിനോടായി പിന്നെ, "സാറേ, സാറും????" (You too Brutus???? എനിക്കോര്‍മ്മ വന്നുഇത്തവണ രവി ശരിക്കും വിങ്ങിപ്പൊട്ടി.  മണിക്കുട്ടി വലതു കൈകൊണ്ട് വായും മൂക്കും പൊത്തിയതുകൊണ്ട് അവള്‍ ചിരിക്കുകയാണോ ചിന്തിക്കുകയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല.

    രവി പിന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് , കണ്ണീരോടെ  വടം തന്റെ കൈയ്യില്‍ ചുറ്റി എടുക്കാന്‍ തുടങ്ങി.  അടിപൊളിയായി നടന്ന ആഘോഷം ആകെ മ്ലാനമായി.  വിഷമവും, സഹതാപവും, നിശബ്ദതയും ...... ആകെ കുളമായി....എന്തു സന്തോഷവും, ചിരിയും ബഹളവും ആയിരുന്നു അതുവരെ.....
    രവി തന്റെ വടം മുഴുവന്‍ വാരിചുറ്റി കണ്ണും മുഖവും തുടച്ച് പോകാനൊരുങ്ങി.....ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. രവി തിരിഞ്ഞു നടന്നു......
    പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി, "രവിമാമാ, ഇതാ ട്രോഫി....." മണിക്കുട്ടിയുടെ നിഷകളങ്കനായ മുഖം....ട്രോഫി തന്റെ കൊച്ചു കൈയ്യില്‍ എടുത്ത് രവിയുടെ നേരെ നീട്ടി.  
    അരക്ഷണത്തിന്റെ നിശബ്ദത ഭേദിച്ചുകൊണ്ട് എല്ലാപേരും പൊട്ടിച്ചിരിച്ചു.   വടം വലിച്ചു കൊണ്ട് പോകുന്നവരാണല്ലോ വിജയികള്‍ ‍, അവര്‍ക്കാണല്ലോ ട്രോഫി......പാവം മണിക്കുട്ടി വിജയിക്കു തന്നെ ട്രോഫി സമ്മാനിക്കാനൊരുങ്ങുന്നു.  രവിയുടെ മുഖത്ത് എന്തൊക്കെ വികാരങ്ങള്‍ വന്നെന്ന് എനിക്ക് വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല....... ചിരിയും, കരച്ചിലും, ചമ്മലും...... ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ബഹളവും തിരികെയെത്തി...... ആ കുഞ്ഞിന്റെ നിഷ്കളങ്കതക്കുമുന്നില്‍ രവി തോറ്റു പോയോ?  ആകെ ചമ്മി നാറി ചിരിച്ച് രവി വടം തിരികെ വച്ചു...... "ഹേേയ്യ്...." മന്ദാരം അറിയാതെ കൂവിപ്പോയി........ മണിക്കുട്ടിയുടെ മുഖം തുടുത്തു.......നേരത്തേ, വായും  മൂക്കും പൊത്തിനിന്ന് ഈ കിങ്ങിണി ഇതാണോ ആലോചിച്ചത്!!!!!! ടീമുകള്‍ വീണ്ടും അണിനിരക്കുന്നതിനിടെ സന്തോഷം കൊണ്ടവള്‍ക്കിരിക്കാന്‍ വയ്യാതെ...മണിക്കുട്ടി തന്റെ സ്ക്കിപ്പിംഗ് റോപ്പില്‍ ഓണം തകൃതിയായി ആഘോഷിക്കാന്‍ തുടങ്ങി..........
    മണിക്കുട്ടി 
മണിക്കുട്ടി

Wednesday, January 27, 2010

ആഗ്രഹം സമം ഹേമാംബിക ടീച്ചർ...

 


                        എന്റെ വീടിനടുത്ത്, ചെണ്ട അഭ്യസിപ്പിക്കുന്ന ഒരു ആശാൻ ഉണ്ടായിരുന്നുകരിങ്കൽ കഷണത്തിലാണ് ചെണ്ട അഭ്യാസം നടത്തുന്നത്കൊട്ടിപഠിക്കുമ്പോൾ ചെണ്ട തരില്ല. പാവം കരിങ്കല്ല് ഉള്ള അടിയെല്ലാം കൊള്ളണം ക്രെഡിറ്റെല്ലാം യോഗ്യൻ ചെണ്ട കൊണ്ടുപോകുംഅതേ അനുഭവമായിരുന്നു എനിക്കുംഹേമാംബിക ടീച്ചർക്ക് അടി പ്രാക്ടീസ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ആയിരുന്നു എന്റെ തുടഎല്ലാത്തിനും ഈ പാവത്തിനെത്തന്നെ തല്ലുംപക്ഷെ വളരെ കാലം കഴിഞ്ഞാണ് എനിക്ക് ബോദ്ധ്യമായത്, അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്; ഞാൻ നന്നാകാൻ വേണ്ടിയാണെന്ന്പലപ്പോഴും ഞാൻ എഴുന്നള്ളിച്ചിരുന്ന മണ്ടത്തരങ്ങൾക്ക് ഈ തല്ലു പോരാ എന്നു ഞാൻ തന്നെ മനസ്സിലാക്കിയിട്ടുണ്ട്പലപ്പോഴും മനഃപ്പൂർവ്വം ഞാൻ പറയുന്ന കുസൃതികളാണ് ശിലാലിഖിതങ്ങളെപ്പോലെ എന്റെ തുടയിൽ മുദ്ര പതിപ്പിക്കഅൻ കാരണം
                           ഹേമാംബിക ടീച്ചർ എന്റെ കുഞ്ഞമ്മയുടെ ക്ലാസ് മേറ്റായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൂരലിന്റെ അതേ രൂപം തന്നെയായിരുന്നു ടീച്ചർക്കും; അതേ ശക്തിയുംഒരടി തന്നാൽ അതു അടി തന്നെയായിരിക്കുംപിന്നെ, ടീച്ചർക്ക് ഒരു ചെറിയ കോംപ്ളക്സ് ഉണ്ടായിരുന്നുനമ്മൾ പാവങ്ങൾ എന്തെങ്കിലും പറഞ്ഞു ചിരിച്ചാൽ അതു ടീച്ചറിനെ ആണെന്നു കരുതുംമുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, എന്റെ കൂടെയുള്ള വിദ്വാന്മാർ ഓരോ കുരുത്തക്കേടൊക്കെ ഒപ്പിച്ചിട്ട് മാന്യന്മാർ ആകും. കുടുങ്ങുന്നത് ഈ പാവം ഞാനുംഒരിക്കൽ, ടീച്ചർ ആദ്യമായി കണ്ണാടി വച്ച് വന്നത്, സ്കൂൾ അസംബ്ളിയിൽ വച്ചാണ് ഞങ്ങൾ കണ്ടത്. കണ്ണാടി വയ്പ്പിലെബാലാരിഷ്ടതകൊണ്ട്, മൂക്കിനു താഴേക്ക് ഇറങ്ങി വരുന്ന വലിയ ഫ്രെയിമുള്ള, ബട്ടർഫ്ലൈ രൂപത്തിലുള്ള ആ കണ്ണട കൂടെക്കൂടെ ചൂണ്ട് വിരൽ  കൊണ്ട് മൂക്കിനു മുകളിലേയ്ക്ക് തള്ളി ഉയർത്തുന്നതും പിന്നെ തന്റെ മൂക്കിന്റെ സ്ട്രക്ച്ചറിനെ സംശയത്തോടെ ഒരേസമയം രണ്ട് കൃഷ്ണമണിയും കൊണ്ട് നോക്കുന്നതും കണ്ടാൽ ആർക്കാണ് ചിരി വരാത്തത്? ഞാനും, അല്ല ഞങ്ങളും, ചിരിച്ചു, ശരിയാണ്. പക്ഷേ പഠിച്ച കള്ളന്മാർ ടീച്ചറിന്റെ കണ്ണ് ഇങ്ങോട്ട് ഫോക്കസ് ചെയ്യുന്നത് കണ്ട് മാന്യന്മാരായി.  “പിള്ള മനസ്സിൽ കള്ളമില്ലല്ലോ”, ഞാൻ നിഷ്കളങ്കനായി ചിരിച്ചു കാണിച്ചുടീച്ചറിന്റെ പുതിയ സ്റ്റൈൽ ഇഷ്ടമായി എന്നു വിചാരിക്കട്ടെ എന്നു കരുതിപക്ഷെ, അന്നും ടീച്ചറിന്റെ ക്ലാസിലെ ആദ്യ പീഢനം പതിവു തെറ്റാതെ, എനിക്കു തന്നെയായിരുന്നുഅസംബ്ലിയിൽ ഡിസിപ്ലീൻ തെറ്റിച്ചത്രേ!
                      നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നുഒരിക്കൽ, അൻപത് തവണ ഇംപോസിഷൻ എഴുതാൻ മറന്നു ക്ലാസ്സിൽ എത്തിയ എന്നോട് ടീച്ചറിന്റെ ചോദ്യം, “ആർക്കു വേണ്ടിയാണ് കുട്ടീ ഞാൻ ഇങ്ങനെ ഇംപോസിഷൻ എഴുതാൻ പറയുന്നത്?”  എന്റെ പെട്ടെന്നുള്ള മറുപടി, “ടീച്ചറിനു വേണ്ടിഎന്നായിരുന്നു. എന്നും ചിട്ടതെറ്റിക്കാതെ ഇംപോസിഷൻ തന്നാൽ അങ്ങനെയല്ലേ തോന്നൂ. അതിനും കിട്ടി നല്ല സൂപ്പർ സ്ട്രോങ്ങ് അടി, ക്ലാസിനു വെളിയിലുള്ള മരത്തിന്റെ ചുവട്ടിൽ ആ പീരിയഡ് തീരും വരെ നിർത്തുകയും ചെയ്തുഒരു എണ്ണൂറ് കൊല്ലം മുൻപ് ജനിച്ചെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്എങ്കിൽ ഈ മുഗൾ സാമ്രാജ്യവും, ഒന്നാം സ്വാതന്ത്ര്യ സമരവും, ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഒന്നും പഠിക്കണ്ടായിരുന്നല്ലോഅന്നത്തെ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ, അവർക്ക് അത്രേം കുറച്ച് ചരിത്രം പഠിച്ചാൽ മതിയായിരുന്നല്ലോ എല്ലാം ഞാൻ ആ മരത്തിനോട് പറയുമായിരുന്നുപക്ഷേ ആര് കേൾക്കാൻ!!!
                              ആ മരത്തിനോട് എനിക്ക് വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നുപലപ്പോഴും ഞാൻ എന്റെ സങ്കടങ്ങളും പരാതികളും ഒക്കെ പറയുന്നത് ആ മരത്തിനോടാണ്ഒരുപാട് അവസരങ്ങളിൽ എനിക്ക് ഇതുപോലെ അതിന്റെ ചുവട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ടല്ലോ.
                            പല മഹാന്മാരുടെയും ബുദ്ധി തെളിഞ്ഞത് മരച്ചുവട്ടിൽ വച്ചായിരുന്നല്ലോശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ഒരു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോഴത്രേ. സർ ഐസക്ക് ന്യൂട്ടൺ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോഴാണല്ലോ  അദ്ദേഹത്തിന്റെ മനസ്സിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെകുരുപൊട്ടിമുളച്ചത്. എല്ലാ മഹാന്മാർക്കും ഒരു ദിവസം ഉണ്ടല്ലോ എന്നെങ്കിലും എന്റെ ദിവസവും വരും, ഷുവർ, പ്രതീക്ഷയോടെ ഞാനും കാത്തിരുന്നു.
                                    അന്ന് വൈകിട്ട് എന്നെ കൂട്ടികൊണ്ട് പോകാൻ വന്ന അച്ഛനോടും ടീച്ചർ എന്റെ കണ്ടുപിടുത്തത്തെപ്പറ്റി പറഞ്ഞുഅന്ന് അച്ഛന്റെ കൈയ്യിൽ നിന്നും കിട്ടി സമ്മാനംപക്ഷേ, ടീച്ചറിനെ പോലെയല്ല, അച്ഛൻ അത് ശരിക്കു പറഞ്ഞു തന്നു. ഞാൻ മനഃപൂർവ്വം കുറുമ്പൊപ്പിച്ചതെന്നു കരുതിയാവണം ടീച്ചർ അതു പറഞ്ഞു തരാതിരുന്നത്, അല്ലാതെ ദേഷ്യം കൊണ്ടാവില്ലപരീക്ഷക്ക് വേണ്ടത് ഒഴികെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാമെന്ന ഒരു കോംപ്ലിമെന്റും, പരീക്ഷക്ക് വേണ്ടതൊന്നും അറിയില്ലെന്നുള്ള ഒരുഇൻസൾട്ടുംഒരേസമയം എനിക്ക് അന്ന് കിട്ടിഎങ്ങനെ നടന്നാലും പരീക്ഷക്ക് അവസാനം മാർക്ക് ഒപ്പിക്കും എന്ന ഒരു കമന്റും കിട്ടി.
                     എങ്കിലും എല്ലാ ദിവസവും ഞാൻ ഉറക്കമുണർന്നത് ടീച്ചറിന്റെ അടിയെക്കുറിച്ചുള്ള പേടിയോടെയായിരുന്നു, പലപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരുന്നതും……. ‘ഇതിനൊരു പരിഹാരമില്ലേഞാൻ ദൈവത്തോടും, പിന്നെ എന്റെ പ്രിയപ്പെട്ട മരത്തിനോടും വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു.
                          ഓണപ്പരീക്ഷ വന്നെത്തി. സാമൂഹ്യപാഠം പരീക്ഷ ചോദ്യം മൂന്ന് പൂരിപ്പിക്കുക. ഭഗവാൻ ശ്രീബുദ്ധന്റെ ഒരു ടീച്ചിംഗ് ആയിരുന്നു ചോദ്യം
“__________________ ആണ് സകല ദുഃഖങ്ങൾക്കും കാരണം…” 

എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.   “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലംഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നുഅതെ, അറിയാവുന്നത് എഴുതുക.അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി. “.തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം”  ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി.


                   ഓണം അവധി അവസാനിച്ചുപരീക്ഷയുടെ മാർക്ക് വരുന്ന ദിവസങ്ങൾ ഹേമാംബികടീച്ചറിന്റെ ക്ലാസ്. എനിക്ക് തെറ്റില്ലാത്ത മാർക്ക് കിട്ടിയത് കൊണ്ട് അന്ന് ആശ്വാസമായിരുന്നുഞാൻ എപ്പോഴും കരുതുന്ന പോലെ, അശ്വാസം അൽപ്പായുസ്സാണ്സാമൂഹ്യപാഠം പഠിപ്പിക്കുന്ന വിലാസിനി ടീച്ചർ ക്ലാസിനു വെളിയിൽ നിന്ന് ഹേമാംബികടീച്ചറിനെ അടുത്തേക്ക് വിളിച്ചു. ഒരു കടലാസ് കാണിച്ച് എന്തൊക്കെയോ പറയുന്നുപെട്ടെന്ന് അവരുടെ നോട്ടം എന്റെ നേർക്കായി. എന്റെ ആശ്വാസമൊക്കെ എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ടീച്ചർ എന്നെ ഒരു ഗർജ്ജത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു ചൂരൽ പോലത്തെ ആ ശരീരത്തിൽ നിന്ന് ഇത്ര ശക്തമായ ശബ്ദമോഎന്താ ഈ എഴുതി വച്ചിരിക്കുന്നത്?” ആ കടലാസ് കാണിച്ചുകൊണ്ട് ചോദിച്ചു. അപ്പോഴാണ്, അത് സാമൂഹ്യപാഠം ഉത്തരക്കടലാസാണെന്ന് എനിക്ക് മനസ്സിലായത്. ടീച്ചറിന്റെ നഖം കൂർപ്പിച്ച നീണ്ട ചൂണ്ടുവിരൽ ചെന്നു കുത്തിയ ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ. എനിക്ക് ഉത്തരം ഓർമ്മ വന്നു.. “ആഗ്രഹം ആണ് സകല ദുഃഖങ്ങൾക്കും കാരണംഗൌതമ ബുദ്ധന്റെ ഉപദേശം…… എന്തു ചെയ്യാം.മഹാന്മാരൊക്കെ ഇങ്ങനെ തന്നെ, സമയത്ത് ഓർമ്മ വരില്ല. കർണ്ണൻ പോലും, എല്ലാം അറിയാമായിരുന്നുട്ടും ആവശ്യത്തിന് മറന്നു പോകുന്ന പ്രശ്നമുള്ള ആളായിരുന്നല്ലോ. “എന്താ ഇത്?” ടീച്ചറിന്റെ ഗർജ്ജനം വീണ്ടും.അപ്പോഴാണ് ഞാൻ വീണ്ടും ഉത്തരക്കടലാസിലേക്ക് നോക്കിയത്.എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ പറ്റിയില്ല.. ഞാൻ നിഷ്കളങ്കമായി ഉത്തരം എഴുതിയിരിക്കുന്നു.”ഹേമാംബിക ടീച്ചർ അണ് സകല ദുഃഖങ്ങൾക്കും കാരണം”.  ടീച്ചറിന്റെ ചൂരൽ എന്റെ തുടയിൽ പതിഞ്ഞത് പെട്ടെന്നായിരുന്നുഅന്ന് മൂന്ന് അടിയിൽ നിർത്തി അതെ, മഹാന്മാർക്ക് എല്ലാം മൂന്നാണല്ലോ കണക്ക്. വാമനൻ ചോദിച്ചത് മൂന്നടി മണ്ണല്ലേ. ടീച്ചർ കൈ ഉയർത്തി വിരൽ ചൂണ്ടിയതും, ബാക്കി കേൾക്കാൻ നില്ക്കാതെ ഞാൻ എന്റെ പതിവു മരച്ചുവട്ടിൽ എത്തിയിരുന്നു..  
                    കണ്ണുകളടച്ച് ആ മരത്തോട് ദയനീയമായി യാചിച്ചു.. “എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ പെട്ടെന്ന്, അതൊരു പ്ലാവാണല്ലോ എന്ന ബോധോദയം ഉണ്ടായി ഞെട്ടിയതും, എന്റെ തോളിൽ ഒരു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു എന്റെ തോളിൽ കൈ വച്ചുകൊണ്ട് എന്തോ പറയാൻ ഭാവിച്ച ഹേമാംബികടീച്ചറുടെ ആ വലിയ കണ്ണടക്കിടയിലൂടെ, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

Sunday, January 10, 2010

കുഞ്ഞുവിന്റെ കുർക്കുബിറ്റ പെപ്പൊ കോഫ്ത



                   “കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത”, അതായിരുന്നു കുഞ്ഞു അതിനിട്ട പേര്. കുര്‍ക്കുബിറ്റ പെപ്പൊ എന്നും കുഞ്ഞുവിനൊരു വീക്ക്നെസ്സ് ആയിരുന്നു. കുമാരേട്ടന്റെ പ്രിയപത്നിക്ക് എന്നും എല്ലാപേരെയും രുചിയായി ഊട്ടാന്‍ വലിയ ഉത്സാഹമായിരുന്നു. നല്ല കൈപ്പുണ്യവും, സ്നേഹവും, ഉത്സാഹവും ഒക്കെ കുഞ്ഞുവിനു അലങ്കാരമായിരുന്നു. ഒട്ടുമുക്കാല്‍ ആണുങ്ങളെപ്പോലെ, കുമാരേട്ടന്റെയും ഹൃദയത്തിലേയ്ക്കുള്ള വഴി, നാവിലൂടെ, വയറിലൂടെയായിരുന്നു.
                    പെണ്ണുകാണല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ കുമാരേട്ടന് മിക്കവാറും ഒന്നിനെയും പിടിച്ചില്ല, പ്രത്യേകിച്ച് സ്ലിം ബ്യൂട്ടികളെ. ആഹാരം വെറുത്ത അവരെയങ്ങാനും കെട്ടിയാല്‍ തന്റെ വയര്‍ തന്നോട് പൊറുക്കില്ല എന്ന് അദ്ദേഹത്തിന് അന്നേ അറിയാമായിരുന്നു. അങ്ങനെ ഒരു പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ്, ഉണ്ടക്കുട്ടിയായി നമ്മുടെ കുഞ്ഞുവിനെ അപ്രത്തെ വീട്ടില്‍ കണ്ടത്. കുമാരേട്ടന്റെ കണ്ണുകള്‍ വിടര്‍ന്നു. “ദേ, ഇതു പോലത്തെ ഒരാളെയാണ് എനിക്കു വേണ്ടത്”, കുമാരേട്ടന്റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിലായിപ്പോയി. ഇതു പോലത്തേതാക്കുന്നതെന്തിന്? ഇതു തന്നെയായാലോ? കൂടെയുണ്ടായിരുന്ന കാരണവന്മാര്‍ മഴകാത്തിരുന്ന വേഴാമ്പലിനെപ്പോലെ ഉത്സാഹികളായി. എത്രയെത്ര കുട്ടികളെയാണ് കാണാന്‍ പോയത്, ആകെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞത് ഇതാ ഇവിടെ, വളരെ അടുത്ത്. ഇങ്ങനെയൊരാള്‍ അടുത്തുണ്ടായിട്ടാണോ പലയിടത്തും തപ്പി നടന്നത്. പിന്നെ താമസിച്ചില്ല. കാരണവന്മാര്‍ കര്‍മ്മനിരതരായി, കാര്യങ്ങള്‍ ഹൈസ്പീഡിലായി… അങ്ങനെ കുഞ്ഞു കുമാരേട്ടനു സ്വന്തമായി.
                           കുഞ്ഞു ‘പ്ലസ് റ്റു’ കാരിയായിരുന്നു. കുഞ്ഞു എന്നത് കുമാരേട്ടന്‍ വിളിക്കുന്ന പേരാണ്. ശരിയായ പേര് കുഞ്ഞു തന്നെ മറന്നു പോയിരിക്കുന്നു. കൂടുതല്‍ പഠിക്കാന്‍ പറ്റും മുന്‍പേ കുമാരേട്ടന്‍ പിടികൂടിയില്ലേ. പ്ലസ് റ്റു വിനു സയന്‍സ് ഗ്രൂപ്പായിരുന്നു; അതില്‍ തന്നെ സസ്യശാസ്ത്രമായിരുന്നു കുഞ്ഞുവിന്റെ പ്രിയപ്പെട്ട വിഷയം. സസ്യങ്ങളെ അവയുടെ ശാസ്ത്രനാമം കൊണ്ട് ഓമനിക്കുന്നതായിരുന്നു കുഞ്ഞുവിന് ഇഷ്ടം. ഉരുളക്കിഴങ്ങിനെയും സവാളയെയും വഴുതനങ്ങയെയും ഒക്കെ ബൊട്ടാണിക്കല്‍ പേരുകളിലാണ് കുഞ്ഞു കൊഞ്ചിച്ചിരുന്നത്. അതായിരുന്നു കുഞ്ഞുവിന്റെ സ്റ്റൈല്‍!!!
                       ഇന്നു കുമാരേട്ടനു വേണ്ടി ഉണ്ടാക്കി വച്ച കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത, കുഞ്ഞുവിനേറ്റവും പ്രിയപ്പെട്ട മത്തങ്ങാക്കറിയായിരുന്നു. പക്ഷെ, സാധാരണ മത്തങ്ങക്കറിയാണിതെന്ന് കുഞ്ഞു സമ്മതിച്ചു തരില്ല; അതില്‍ കുഞ്ഞുവിന്റെതായ പല മിക്സിംഗുകളും ഉണ്ടാവും. പിന്നെ, അത് അതിമനോഹരമായി വിളമ്പി വയ്ക്കുകയും ചെയ്യും. “ഭക്ഷണം വിളമ്പുന്നതും പാത്രങ്ങള്‍ അടുക്കിവയ്ക്കുന്നതും ഒരു ചിത്രം വരച്ചപോലെ ഇരിക്കണം”, കുഞ്ഞു എപ്പോഴും മനസ്സില്‍ പറയുന്ന മന്ത്രമാണത്. വെറും പറച്ചില്‍ മാത്രമല്ല, ശരിക്കും അത് ഒരു മനോഹരചിത്രം പോലെ തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യല്‍ ഭഗവാനുള്ള നിവേദ്യമായി കാണുന്ന കുഞ്ഞുവിന്റെ സ്നേഹ സ്പര്‍ശം കൂടിയാകുമ്പോള്‍ പിന്നെ പറയുകേം വേണ്ട. അഹാരം റെഡിയായിക്കഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു ലേശമെടുത്ത് സ്വാദുനോക്കി, കണ്ണുകളടച്ച്, തലകുലുക്കി “ഓഹൊഹൊ!!!’ എന്നൊരു ആസ്വദിക്കലുണ്ട്. അതു കാണുന്നവരുടെ വായിലും കപ്പലോടിക്കും…
                       കുമാരേട്ടന്‍ തന്റെ കുഞ്ഞുവിന്റെ കൈപുണ്യത്തില്‍ വളരെയേറെ അഭിമാനിച്ചിരുന്നു. അവരുടെ മക്കള്‍ പോലും വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ അമ്മ ഉണ്ടാക്കിയതെന്ന് പറഞ്ഞ് ഓരോന്ന് എടുത്ത് വിളമ്പാന്‍ മത്സരമായിരുന്നു. എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞുങ്ങള്‍ അമ്മയുടെ കലാസൃഷ്ടികള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കല്‍ ഒരു അതിഥി കുടുംബത്തിലെ ഒരു കുഞ്ഞ് ഈ ടേസ്റ്റ് നുകര്‍ന്ന് നിര്‍ദ്ദോഷമായി ചോദിച്ചു, “ഈ അമ്മയെ എനിക്ക് തരുമോ?” പെട്ടെന്നാണ് കുഞ്ഞുവിന്റെ കുഞ്ഞുങ്ങളുടെ മുഖം മാറിയത്; അവര്‍ വയലന്റായി, “ഞങ്ങളുടെ അമ്മയെ ഒഴികെ വേറെ എന്തും തരാം”, അവര്‍ അമ്മയ്ക്ക് കരവലയം കൊണ്ട് സംരക്ഷണം തീര്‍ത്തു…കൊള്ളാം, അച്ഛന്റെ പൊന്നു മക്കള്‍ തന്നെ, അമ്മയുടെ സ്നേഹവും, കൈപ്പുണ്യവും അങ്ങനെ കൈവിടാന്‍ പറ്റുമോ…
                    കാലം കടന്നു പോയി…. കുഞ്ഞുവിന്റെ പാചകപരീക്ഷണം കുമാരേട്ടന്റെ വയറിനെയും മനസ്സിനെയും വളരെയേറെ സുഖിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന നിത്യോപയോഗസാധനങ്ങളുടെ വില അദ്ദേഹത്തിന്റെ പോക്കറ്റിനെ ദുര്‍ബ്ബലമാക്കി. പലചരക്കു കടയിലെ മാസാവസാന കണക്ക് സകല സാമ്പത്ത്യമാന്ദ്യത്തിനെയും തോല്‍പ്പിക്കുന്നതായിരുന്നു. ദിവസവും ഓരോ പുതിയ ഐറ്റം! പുതിയ പേരുകള്‍….ഇങ്ങനെ പോയാല്‍ കുമാരേട്ടന്‍ ഇനി രാത്രി വല്ല സെക്യൂരിറ്റി പണിക്കു കൂടി പോകേണ്ടിവരും, നിന്നു പിഴക്കാന്‍…. കുഞ്ഞുവിനോട് ചിലവ് കുറക്കാന്‍ പറയാനുള്ള മടി കാരണം അതിനും കഴിയുന്നില്ല, കുഞ്ഞുവിനു വിഷമമായാലോ… എങ്ങനെ ഇതൊന്ന് പരിഹരിക്കും? കുമാരേട്ടന്‍ തലകുത്തിയും, താടിക്ക് കൈകൊടുത്തും, കണ്ണടച്ചും, തലപുകച്ചും ഒക്കെ ആലോചിച്ചു. ഒടുവില്‍…..യുറേക്കാ!!!!……ദിവസങ്ങളുടെ തപസ്യക്ക് ഗുണമുണ്ടായി….. തങ്ങളുടെ വിവാഹം കഴിഞ്ഞ് ഇന്നേവരെ കുഞ്ഞുവിന് സ്വന്തമായി ഇഷ്ടം എന്നൊന്നില്ല…. കുമാരേട്ടന്റെയും മക്കളുടെയും ഇഷ്ടം തന്നെ കുഞ്ഞുവിന്റെയും ഇഷ്ടം…. കുമാരേട്ടന്റെ ഇഷ്ടപ്പെട്ട “സൊളാനം ലൈകൊപെര്‍സിക്കം കുര്‍മ” – ഓ നമ്മുടെ തക്കാളിക്കറി – എല്ലാ ദിവസവും ഒരു മടിയുമില്ലാതെ ആ വീട്ടില്‍ ഉണ്ടാക്കുന്നത് തന്നെ നല്ല ഉദാഹരണം…. പലചരക്ക് കടയിലെ അക്കൌണ്ട് ഗണ്യമായി കുറക്കണം….ഇല്ലെങ്കില്‍ നമ്മുടെ കേരളത്തെപ്പോലെ കടക്കെണിയിലാവും, ഷുവര്‍!!!
                   കുമാരേട്ടന്റെ ബുദ്ധി ചെറുതായി, അല്ല വലുതായിത്തന്നെ വര്‍ക്ക് ചെയ്ത് തുടങ്ങി…. അടുത്ത ദിവസം പതിവിലും താമസിച്ചാണ് അദ്ദേഹം ഓഫീസ്സില്‍ നിന്നും വീട്ടിലെത്തിയത്…. പരവശനായി അഭിനയിക്കാന്‍ വേണ്ടി അദ്ദേഹം അന്ന് ഉച്ചയൂണ് പോലും ഉപേക്ഷിച്ചു. ദുഃഖത്തോടെയുള്ള കുമാരേട്ടന്റെ ആ അവസ്ഥ കുഞ്ഞുവിനെ അമ്പരപ്പിച്ചു. തന്റെ പുതിയ സൃഷ്ടിയായ അനാനസ് കോമൊസസ് ക്രഷ് വിത്ത് സിട്രസ് ലിമോന്‍ (പൈനാപ്പിള്‍ - നാരങ്ങ ജ്യൂസ്) ഒരു കുഞ്ഞു ടച്ചോടെ കുമാരേട്ടനു സേര്‍വ്വ് ചെയ്യാന്‍ കുതിച്ചെത്തിയപ്പോഴേക്കും, വളരെ അവശനായ അദ്ദേഹത്തിന്റെ മുഖം….. കുഞ്ഞുവിന് വിഷമമായി…. “എന്താ ചേട്ടാ, എന്തു പറ്റി, വളരെ ക്ഷീണം ഉണ്ടല്ലോ…” ആദ്യമായി തന്റെ കുഞ്ഞുവിനോട് കള്ളം പറയുകയാണെന്നുള്ള കുറ്റബോധത്തോടെ കുമാരേട്ടന്‍ പറഞ്ഞു, “ഒന്നും പറയണ്ട…ഇന്നു ഓഫീസ്സില്‍ വച്ച് പെട്ടെന്ന് ഒരു തലകറക്കം വന്നു. ആശുപത്രിയില്‍ പോയി എല്ലാം ഒന്നു ടെസ്റ്റ് ചെയ്തു…. എന്റെ കുഞ്ഞുവേ, എനിക്ക് ഷുഗറും, കൊളസ്ട്രോളും, പ്രഷറും ഒക്കെയുണ്ടെന്നാ റിസല്‍റ്റ്….. ഇനി….ഇനി….ആഹാരകാര്യത്തിലൊക്ക വലിയ നിയന്ത്രണം കൂടിയേ തീരൂ…അല്ലെങ്കില്‍….” അതു മുഴുവിപ്പിക്കാന്‍ കുഞ്ഞു സമ്മതിച്ചില്ല…”അയ്യോ, ചേട്ടാ അതെങ്ങനെ പറ്റി? ഞാന്‍ വളരെ സൂക്ഷിച്ചല്ലേ ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരുന്നത്? എന്നിട്ടും…..!!!” കുമാരേട്ടന്‍ ഇടപെട്ടു “അത് കൊണ്ടാണത്രേ ഞാന്‍ ഇത്രേം കാലമെങ്കിലും ജീവിച്ചത്, പക്ഷെ ഇനി സൂക്ഷിച്ചില്ലെങ്കില്‍….” ഇവിടെയും കുഞ്ഞു ചാടിവീണു “ വേണ്ട ചേട്ടാ….ഇനി നമുക്ക് എല്ലാം നിയന്ത്രിക്കാം… ഇനി ഈ വീട്ടില്‍ ആഹാരം നമുക്ക് വളരെ സൂക്ഷിച്ച് പ്ലാന്‍ ചെയ്യാം….. മധുരവും, കൊഴുപ്പും ഒക്കെ ഇനി പടിക്ക് പുറത്ത്…”. “അയ്യോ അതു വേണ്ട…എനിക്കല്ലേ കുഴപ്പമുള്ളു, നീയും മക്കളും ഒരു കുറവും വരുത്തണ്ട…” കുമാരേട്ടന്‍ നല്ലപിള്ളയായി….. കുഞ്ഞുവിന്റെ മുഖത്ത് പരിഭവം സുനാമിയായി, “എന്താ ചേട്ടാ എന്നെ അങ്ങനെയാണോ കരുതിയത്? എന്റെ ചേട്ടനു കഴിക്കാന്‍ പറ്റാത്തതൊന്നും എനിക്കും വേണ്ട”…. പുറമേ ദുഃഖം അഭിനയിച്ചെങ്കിലും കുമാരേട്ടന്റെ മനസ്സ് ചിരിച്ചു, “കൊച്ചു കള്ളന്‍, ഒപ്പിച്ചു കളഞ്ഞല്ലോ ശ്ശൊ, എന്റെ ഒരു കാര്യം…” മനസ്സ് മനസ്സിനെ അഭിനന്ദിച്ചു. പാവം കുഞ്ഞുവിനെ സങ്കടപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷമവും തോന്നി.
               പിറ്റേന്ന് മുതല്‍ ആ വീട്ടില്‍ ഡയറ്റ് കുക്കിംഗ് ആരംഭിച്ചു. പച്ചിലകളും, ഉപ്പുമാവും, ചെറുപയര്‍ പുഴുങ്ങിയതും ഒക്കെയായി ആഹാരം…. ദിവസങ്ങള്‍ കടന്നു പോയി…. ഒന്നാം തീയതി വന്നു….ശമ്പള ദിവസം….പലചരക്ക് കടയില്‍ കണക്ക് സെറ്റില്‍ ചെയ്യേണ്ട സുദിനം…. ഒരു കള്ളച്ചിരിയുമായി കുമാരേട്ടന്‍ ഉത്സാഹത്തോടെ പലചരക്ക് കടയിലേക്ക് നടന്നു….ആ മാസം കിട്ടുന്ന ഭീമമായ സേവിംഗ്സ് എങ്ങനെയൊക്കെ ചിലവാക്കും എന്നൊക്കെ പ്ലാനിംഗ് നടത്തി… കടയിലെ തിരക്ക് കുറയുന്നതും കാത്ത് അഞ്ച് മിനിട്ട് നിന്നു. ഒരു ചെറു പുഞ്ചിരിയോടെ കടയ്ക്കുള്ളിലേയ്ക്ക് കയറി. കടക്കാരന് പതിവിലും വിനയം, ഇരിക്കാല്‍ ഒരു കസേരയൊക്കെ ഇട്ടുകൊടുത്തു. കുമാരേട്ടന്റെ കണക്ക് പുസ്തകം എടുത്ത്, ഒന്നുകൂടി കണക്ക് ഉറപ്പ് വരുത്തി…..
                    കണക്ക് പുസ്തകം കണ്ടതും കുമാരേട്ടന് പെട്ടെന്ന്, കണ്ണില്‍ ഇരുട്ട് പടര്‍ന്നു…തൊണ്ട വരണ്ടു…ശബ്ദം പുറത്ത് വരുന്നില്ല… കസേര കിട്ടിയത് കൊണ്ട് മറിഞ്ഞു വീണില്ല എന്നേ ഉള്ളൂ. കുമാരേട്ടന്‍ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഒരു സോഡ തന്നെ കിട്ടി… അത് കുടിക്കുന്നതിനൊപ്പം, കുറച്ചെടുത്ത് മുഖവും തുടച്ചു…. കണ്ണുകള്‍ നന്നായി തുറന്ന് തന്റെ കണക്കുശീട്ട് വ്യക്തമായി ഒന്നു നോക്കി. ഒന്നുകൂടി അത് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു….ഓക്കെ…. എന്നിട്ടും രക്ഷയില്ല…. കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിയില്‍ കൂടുതലായിരിക്കുന്നു ഈ മാസത്തെ ബില്ല്…ഇതെങ്ങനെ സംഭവിച്ചു? എല്ലാ സാധനങ്ങളും പലവ്യഞ്ജനങ്ങള്‍ തന്നെ…. സ്ഥിരമായി വീട്ടില്‍ വാങ്ങിയിരുന്നവ മാത്രം…. പക്ഷെ അതിന്റെ അളവില്‍ വന്‍ വര്‍ദ്ധന!!! ഇവിടെ നിന്ന് സംശയം പ്രകടിപ്പിച്ചാല്‍ അത് തന്റെ കുഞ്ഞുവിന് മോശമല്ലേ....അതുകൊണ്ട് കറണ്ട് ബില്ലിനുള്ളതും, പത്രക്കാരനുള്ളതും എല്ലാം കൂടി എടുത്ത് തികച്ച് കണക്ക് സെറ്റില്‍ ചെയ്ത് വീട്ടിലെത്തി.
                      “കുഞ്ഞുവേ…” കാണുന്നില്ലല്ലോ…മക്കളൊക്കെ അവിടെ ഉണ്ട്….”അമ്മയെവിടെ മക്കളേ?”…. കുമാരേട്ടന്‍ നേരത്തേ അഭിനയിച്ച പരവേശം ശരിക്കും അനുഭവിച്ചുകൊണ്ട് ചോദിച്ചു. അമ്മയെപ്പോലെ തന്നെ, ചെയ്യുന്ന കാര്യത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയുള്ള മകന്‍ ഹോംവര്‍ക്ക് ചെയ്യുന്നതിനിടയില്‍ അച്ഛന്റെ ചോദ്യം കേട്ടതേയില്ല….ടി വി കണ്ടുകൊണ്ടിരുന്ന മകള്‍ അതില്‍ നിന്നു കണ്ണെടുക്കാതെ തന്നെ പറഞ്ഞു, “അമ്പലത്തില്‍ പോയതാ”…. സമയം നീങ്ങുന്നില്ല… ഒടുവില്‍ കുമാരേട്ടന്റെ കുഞ്ഞു ഒരു ഐശ്വര്യലക്ഷ്മിയായി വന്നെത്തി….. ശരിക്കും ക്ഷീണിതനായ കുമാരേട്ടനെ കണ്ട് കുഞ്ഞുവിന് സങ്കടം സഹിച്ചില്ല…. “എന്താ ചേട്ടാ….ഇന്നെന്താ തീരെ വയ്യായ്കയാണല്ലോ”….. കുമാരേട്ടന് എവിടെ തുടങ്ങണം എന്നറിയാത്ത പോലെ…. എങ്കിലും പലചരക്ക് കടയിലെ കണക്കിന്റെ കാര്യം എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
                           “ഇത്രയേ ആയൊള്ളോ? ഞാന്‍ വിചാരിച്ചു ഇതിന്റെ ഇരട്ടിയെങ്കിലും ആകുമെന്ന്…. വാങ്ങിയ എല്ലാ സാധനവും വന്നിട്ടില്ലേ ചേട്ടാ..?” കുഞ്ഞു ആ കണക്ക് പുസ്തകം ഒന്നുകൂടി സ്കാന്‍ ചെയ്തു… അവിശ്വനീയതയോടെ പറഞ്ഞു “ഭഗവാനേ, ഇത്ര രൂപയല്ലേ ആയുള്ളൂ….ഭാഗ്യം….” എത്ര നിസ്സാരമായാണ് കുഞ്ഞു അത് പറഞ്ഞത്…കുമാരേട്ടന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല…
                            കുറച്ച് സമയമെടുത്തു അദ്ദേഹത്തിന് സ്വബോധവും, മനസ്സാന്നിദ്ധ്യവും തിരികെ കിട്ടാന്‍…. അടുക്കളയില്‍ നിവേദ്യമൊരുക്കുന്ന കുഞ്ഞുവിന്റെ അടുത്ത് ചെന്ന് മടിച്ച് മടിച്ച് അദ്ദേഹം ഈ അധികച്ചിലവിനെക്കുറിച്ച് ചോദിച്ചു. “അതേ, ചേട്ടന്റെ ഈ പഞ്ചസാരയുടെ അസുഖം മാറുന്നതിനുവേണ്ടി ഞാന്‍ കൃഷ്ണന്റെ അമ്പലത്തില്‍ നാല്പ്പത്തിയൊന്നു ദിവസം പാല്‍പായസം നേര്‍ന്നിട്ടുണ്ട്… പിന്നെ അനാഥാലയത്തില്‍ 101 കുട്ടികള്‍ക്ക് വീതം ഒരു മാസം സദ്യ….ദേവീക്ഷേത്രത്തില്‍ തുലാഭാരം…ഗണപതി ഭഗവാന് പാലഭിഷേകം….” “അയ്യോ അതിനുള്ള സാധനങ്ങളൊക്ക നമ്മുടെ പലചരക്കു കടയില്‍ നിന്നാണോ?” കുമാരേട്ടന്റെ ഉള്ളില്‍ നിന്ന് പെട്ടെന്നൊരേങ്ങല്‍….. “പിന്നല്ലാതെ, എല്ലാം എന്റെ കുമാരേട്ടനു വേണ്ടിയല്ലേ…. ഭഗവാനേ…എന്റെ ചേട്ടന്റെ അസുഖമെല്ലാം വേഗം മാറണേ…. എന്നിട്ട് വേണം എനിക്ക് എന്റെ ചേട്ടന് ബ്രാസിക്കാ ഒലേറസ്യ ഗോബി ഉണ്ടാക്കിക്കോടുക്കാന്‍….” പ്രാര്‍ത്ഥനയോടെ കുഞ്ഞു മുന്‍വശത്തെ മുറിയില്‍ കൃഷ്ണന്റെ പടത്തിനു മുന്നില്‍ വിളക്ക് വയ്ക്കാന്‍ പോയി…
                     കുമാരേട്ടന്റെ കണ്ണില്‍ വീണ്ടും ഇരുട്ട് തുളച്ചുകയറി…തൊണ്ട വരണ്ടു…. തന്നെ മാത്രം സ്നേഹിക്കുന്ന, തന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടം മാത്രം നോക്കുന്ന പാവം കുഞ്ഞുവിനെ ഇങ്ങനെ പറ്റിച്ചതിന് ദൈവം തന്ന ശിക്ഷ തന്നെ…..ഇതില്‍ നിന്ന് എങ്ങനെ ഒന്ന് തലയൂരും എന്ന് കണ്ണടച്ചിരുന്ന് ധ്യാനിച്ചപ്പോള്‍, ഹോം വര്‍ക്ക് ചെയ്യുകയായിരുന്ന നാലാം ക്ലാസ്സുകാരന്‍ കുട്ടന്‍ അച്ഛനെ കുലുക്കിയിണര്‍ത്തി..”അച്ഛാ, വാക്യത്തില്‍ പ്രയോഗിക്കുക – വെളുക്കാന്‍ തേച്ചത് പാണ്ടായി – ഒരു സെന്റന്‍സ് പറഞ്ഞുതാ അച്ഛാ…..”