Sunday, October 3, 2010

ശംഖുവരയന്‍ ശംഖൂതിയപ്പോള്‍ !!!!!!!


                ഡ്രില്‍ മാഷായ രാമക്കുറുപ്പ് സാറിന്റെയും ഡ്രോയിംഗ് ടീച്ചറായ പുഷ്പലതയമ്മയുടെയും ഏക സന്താനമാണ് പീലു - ശരിയായ പേര്, അതായത് മാഷും ടീച്ചറും കൂടി ഏകകണ്ഠമായി തീരുമാനിച്ചിട്ട പേര് വിനയന്‍.ആര്‍ .കുറുപ്പ്. ആദ്യമൊക്കെ, അതായത് ഇരട്ടപ്പേരിടാനുള്ള പ്രാപ്തിയാകുന്ന പ്രായമെത്തുന്നതിനു മുന്‍പ് വരെ, ഒന്നിലും രണ്ടിലും ഒക്കെ പഠിച്ചിരുന്നപ്പോള്‍ ഞങ്ങളൊക്കെ പരസ്പരം മുഴുവന്‍ പേരാണ് വിളിച്ചിരുന്നത്. ബിജു.കെ.ജോണിനെ ‘ബിജുക്കജോണെന്നും’, ദീപ.ആര്‍ പ്രഭുവിനെ ‘ദീപാര്‍പ്രൌ’ എന്നും നമ്മുടെ വിനയന്‍ .ആര്‍ .കുറുപ്പിനെ ‘വിനയനാര്‍ക്കുറപ്പ്’ (വിന - എന്ന് -ആര്‍ക്ക് -ഉറപ്പ്????)  എന്നും ഒക്കെ അക്ഷരശുദ്ധിയും വൃത്തിയും വെടിപ്പും വ്യക്തതയും ഒന്നും ഇല്ലാതെ അങ്ങനെ വിളിച്ചു പോന്നു. സത്യത്തില്‍ ശരിയായ മുഴുവന്‍ പേര് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പരിണാമത്തിന്റെ ആദ്യഘട്ടം അങ്ങനെയാണ്. ഏതാണ്ട് മൂന്നാം ക്ലാസ്സ് വരെ ടീച്ചര്‍ ഹാജര്‍ വിളിക്കുന്ന ശബ്ദത്തെ അനുകരിച്ചാണ് കൂട്ടുകാരെ വിളിക്കുന്നത്. പിന്നെപ്പിന്നെ ചുരുക്കപ്പേരും, അതായത് ഗോപകുമാറിനെ ഗോപനെന്നും, ‘ബിജുക്കജോണിനെ’ ബിജു എന്നും, സന്തോഷിനെ ചന്തു എന്നുമൊക്കെ.... അടുത്ത ഘട്ടം ഇരട്ടപ്പേരിന്റെതാകുന്നു.... ആദ്യഘട്ടത്തില്‍ പേരിനു സമാനമായ ശബ്ദം വരുന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. മാത്യുവിനെ മത്തിയെന്നും, സുരേഷിനെ ചൂരയെന്നും ഗിരീഷിനെ കീരിയെന്നും ഒക്കെ അപരിഷ്കൃതമായ ഇരട്ടപ്പേരുകള്‍ . പിന്നെപ്പിന്നെ ആളിന്റെ രൂപത്തെയും സ്വഭാവത്തെയും ഒക്കെ വിശകലനം ചെയ്ത് പേരിടാനുള്ള വിദ്യാഭ്യാസം നേടിയിരിക്കും. തടിയനെന്നും, കാക്കയെന്നും, ഉണ്ടക്കണ്ണനെന്നും കൊഴുക്കട്ടയെന്നും ഒക്കെ. ആ കൊഴുക്കട്ടയെ ഞാനിന്നു സ്വന്തമാക്കി.
                അങ്ങനെയാണ് കൌശലക്കാരനും, എല്ലാമറിയാവുന്ന ഭാവമുള്ളവനും, അഹങ്കാരിയുമായ – വിനയം ഒട്ടുമില്ലാത്ത - വിനയന്‍.ആര്‍ .കുറുപ്പിനെ പീലു എന്ന് വിളിച്ചു തുടങ്ങുന്നത്. എന്റെ ചെറിയ പ്രായത്തില്‍ , ഏറ്റവും അധികം കുട്ടികളെ സ്വാധീനിച്ച ഒരു പ്രസിദ്ധീകരണമായിരുന്നു ‘പൂമ്പാറ്റ’. അതിലെ, വാല്‍ എത്രവേണമെങ്കിലും നീട്ടാന്‍ പറ്റുന്ന കപീഷ് എന്ന കുരങ്ങന്റെ കഥയും, അതിലെ ദൊപ്പയ്യ എന്ന വേട്ടക്കാരന്‍, കൌശലക്കാരനായ പീലു എന്ന കടുവ‍, പിന്നെ വേറൊരു കഥയായ ‘കലൂലുവിന്റെ കൌശലങ്ങളിലെ’ താരങ്ങള്‍ എന്നിവരെല്ലാം ഇരട്ടപ്പേരിടാന്‍ ഉപയോഗിച്ചിരുന്നു. വിനയന്റെ, അല്ല പീലുവിന്റെ, അച്ഛന്‍ ഡ്രില്‍ മാഷിന് പില്‍ക്കാലത്ത് ‘ദൊപ്പയ്യ’ എന്ന പേരും കിട്ടി. എപ്പോഴും അടി തരുന്ന സൌമിനി ടീച്ചര്‍ക്ക് ‘ഡാകിനി’യെന്നും, പ്രശ്നസങ്കീര്‍ണ്ണമായ കണക്കിലെ ഉത്തരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്ന കണക്ക് പഠിപ്പിക്കുന്ന നമ്പീശന്‍ മാഷിന് ‘മായാവി’യെന്നും ഒക്കെ പേരു കിട്ടി. ഹൈസ്ക്കൂളായപ്പോള്‍ പേരിടീലിന്റെ നിലവാരവും മാറി. പലപ്പോഴും അലസമായി നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ % ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage' എന്ന പേരും ഇട്ട് ഗുരുദക്ഷിണ നല്‍കിയിട്ടുണ്ട് മഹാന്മാരായ ശിഷ്യന്മാര്‍
                നമുക്ക് പീലുവിലേയ്ക്ക് വരാം. എല്ലാമറിയാമെന്ന ഭാവം അവന് നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്നു, സ്വല്‍പ്പം അഹങ്കാരവും എടുത്ത് ചാട്ടവും ഒക്കെ അതിന്റെ കൂടെ മസാലയായി കൂട്ടിയിരുന്നു. ആ സ്കൂളിലെതന്നെ അദ്ധ്യാപകരുടെ മകന്‍ എന്ന ജാട വേറെയും. ഈ സ്വഭാവം അവനെ പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കുമായിരുന്നു. ഒരിക്കല്‍ സൂര്യഗ്രഹണം കാണാന്‍ ഉള്ള രീതികള്‍ ഹേമാംബികടീച്ചര്‍ വിവരിക്കവേ, എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ അത് ശ്രദ്ധിക്കാതെയിരുന്നു നമ്മുടെ പീലു. അടുത്ത ദിവസം, ടീച്ചര്‍ മൂന്നാല് എക്സ്രേ ഫിലിമുകള്‍ കൊണ്ട് വന്നു. എക്സ്രേ ഫിലിം വച്ചാണ് ഗ്രഹണം കാണേണ്ടതെന്ന കാര്യം മാത്രം പീലു എങ്ങനെയോ കേട്ടു. എക്സ്രേ ഫിലിം ആദ്യമായി കാണുന്ന ഞങ്ങള്‍ക്ക് ടീച്ചര്‍ അത് കാണാനായി ക്ലാസില്‍ വിതരണം ചെയ്തു. പീലു കാണിച്ച ബുദ്ധി നോക്കണേ, അവന്‍ ആ ഫിലിം ഒരു കുഴല്‍ രൂപത്തില്‍ ചുരുട്ടി കൈയ്യില്‍ പിടിച്ച് ഒരു കണ്ണടച്ച് ശാസ്ത്രജ്ഞന്റെ ഭാവത്തില്‍ ജനാലയിലൂടെ തല പുറത്തേയ്ക്കിട്ട് സൂര്യനെ ഒരു നോട്ടം!!!! ഭാഗ്യത്തിന് സൂര്യഗ്രഹണം ഒന്നും ഇല്ലായിരുന്നതു കൊണ്ട് അവന്‍ ഒറ്റക്കണ്ണനായില്ല....
                  എല്ലാപേരെയും പോലെ പീലുവും വളര്‍ന്നു. സ്കൂളിലെ സൌഹൃദം ആണ് ഏറ്റവും ദൃഢമായ സൌഹൃദം എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരോട് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ട്. നമ്മുടെ പീലുവും, പിന്നെ അന്നത്തെ സഹപാഠികളായിരുന്ന മഹേഷും, സന്തോഷും, വിജയകുമാറും, ജോസും പിന്നെ, പ്രൈമറിക്ലാസ്സിലെ അരമാര്‍ക്കിന്റെ വ്യത്യാസം ഉണ്ടാക്കിയ മത്സരബുദ്ധി ഇന്നും വീറോടെ കാത്തുസൂക്ഷിക്കുന്ന മഞ്ജുവും ബെറ്റിയും (അവരുടെ കഥ വഴിയെ പറയാം) ഒക്കെ ഇപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെ. പല സ്ഥലത്താണ് ജോലിയെങ്കിലും ഇടക്കിടെ നമ്മുടെ കൂടിച്ചേരലുകള്‍ ഇപ്പോഴും നടക്കാറുണ്ട്.
                     മൂക്കിന്റെ താഴെ കുറച്ച് രോമമൊക്കെ വളര്‍ന്നപ്പോള്‍ പല വിദ്വാന്മാരെപ്പോലെ പീലുവും ചെറിയ ‘സ്മാള്‍ ‘ ഒക്കെ ശീലിച്ചുതുടങ്ങി. ‘സാധനം‘ ഉള്ളില്‍ ചെന്നാല്‍ പിന്നെ അവന്‍ പഴയ സ്വഭാവം പുറത്തെടുക്കും - എടുത്തുചാട്ടം, അഹങ്കാരം - പിന്നെ, പുതിയൊരു സംഗതി കൂടെ കിട്ടി - ചില്ലറ ‘അടിച്ചുമാറ്റല്‍ ‘. കടയിലൊക്കെ പോയാല്‍ ഒരു തീപ്പെട്ടിയെങ്കിലും അവന്‍ എടുത്തിരിക്കും. സ്മാള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ മാത്രമേ ഈ സ്വഭാവം ഉള്ളു കേട്ടോ.
                     ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാപേരും കൂടി കന്യാകുമാരി കാണാന്‍ പോയി. തിരുവനന്തപുരത്തിന്റെ ഏറ്റവും അടുത്തുള്ള കന്യാകുമാരി എനിക്കെന്നും പ്രിയപ്പെട്ട സ്ഥലമാണ്. സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്ത് കാണുന്ന ലോകത്തെ രണ്ടേ രണ്ട് സ്ഥലങ്ങളില്‍ ഒന്നാണിത് (മറ്റൊന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്). സന്ധ്യാസമയത്ത് കടല്‍തീരത്ത് കൂടിയുള്ള നടത്തം എത്രയായാലും മതിയാവില്ല. കടല്‍ ചിപ്പികളും, ശംഖുകളും, പുറ്റുകളും ഒക്കെയുള്ള കൌതുകവസ്തുക്കളുടെ വഴിക്കച്ചവടക്കാര്‍ അവിടെ ധാരാളമുണ്ട്. ആ കടല്‍ക്കാറ്റും, ഈ കാഴ്ച്ചകളും ഒക്കെ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസം തന്നെ. വളരെയധികം യാത്ര ചെയ്തിട്ടുള്ള എന്റെ അനുഭവത്തില്‍, കന്യാകുമാരിയെ “the most romantic place in the world" എന്നു തന്നെ ഞാന്‍ പറയും.
                     അങ്ങനെ ഈ യാത്രയില്‍ പീലുവും, മഹേഷും, സന്തോഷും ഞാനും ഒത്തുകൂടി. കന്യാകുമാരി കേരളാ ഹൌസില്‍ ഞങ്ങള്‍ രാവിലെ തന്നെ എത്തി. എല്ലാപേരും കുളിച്ച് റെഡിയാകുമ്പോള്‍ പീലു പറഞ്ഞു, ‘എനിക്ക് മാത്രമായി കുറച്ച് നേരം ബാത്ത്രൂം വേണം, എല്ലാപേരും അവരവരുടെ കാര്യം കഴിഞ്ഞെങ്കില്‍ അവസാനം മതി എനിക്ക്’. ഓക്കെ, അവസാനം അവന്‍ കയറി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, പീലു ബാത്ത് റൂമില്‍ തന്നെ. ഡ്രില്ലിംഗ് മെഷീന്‍ കൊണ്ട് ചുമരു തുരക്കുന്നത് പോലത്തെ ശബ്ദം ചെറുതായി ഞങ്ങള്‍ക്ക് കേള്‍ക്കാം. ഇവനെന്താ തുരംഗം ഉണ്ടാക്കുകയാണോ അതിനുള്ളില്‍ ? അവസാനം ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നട തുറന്നു. വലിയ ഗമയില്‍ ആടിന്റെ താടിപോലെ ഒരു താടിയും, പിന്നെ ഹൈഹീല്‍ ചെരുപ്പിന്റെ ആകൃതിയില്‍ ഒരു കൃതാവും, പഴയ കെ.എസ്.ആര്‍ ടി സി ബസ്സിന്റെ ബംബര്‍ പോലത്തെ മീശയും ഒക്കെ വച്ച് പീലുവും റെഡിയായി. ഈ മേക്കപ്പിനാണ് അവന്‍ ഇത്രേം നേരമെടുത്തത്. ഇലക്ട്രിക്ക് ഷേവറിന്റെ ശബ്ദം ആയിരുന്നു അവിടെ കേട്ടത്. പതിവ് പോലെ വൈകുന്നേരം ആയപ്പോള്‍ പീലു ഒരു സ്മാള്‍ അടിച്ചു. അവന്റെ തനി സ്വഭാവം പുറത്ത് വന്നു. മുന്തിരിങ്ങ ജ്യൂസ് കഴിക്കാന്‍ പോയ കടയില്‍ നിന്ന് ഒരു പൊതി അവന്‍ അടിച്ചുമാറ്റി. കൂടെയുണ്ടായിരുന്ന ഞങ്ങള്‍ പോലും അറിഞ്ഞില്ല. പക്ഷേ, ഇത്തവണ അവന് അബദ്ധം പറ്റി. കളയാന്‍ വച്ചിരുന്ന നാരങ്ങാത്തോടും, പൊനാപ്പിളിന്റെ മുള്ളും ഒക്കെയായിരുന്നു അതില്‍ . ആകെ ചമ്മിയ അവന്റെ വളിച്ച മുഖം ആ നിലാവെളിച്ചത്തില്‍ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ തിളങ്ങി. “ഇനിയെങ്കിലും നോക്കി എടുക്കെടാ, അബദ്ധം പറ്റാതെ, മണ്ടന്‍ “ ‘മണ്ടന്‍‘ എന്ന് സന്തോഷ് വിളിച്ചത് പീലുവിന്റെ അഭിമാനത്തെ മുറിപ്പെടുത്തി.
                     നേരം ഇരുട്ടിത്തുറങ്ങി. കച്ചവടക്കാര്‍ അവരുടെ തട്ടുകളൊക്കെ ഒതുക്കിത്തുടങ്ങി. ‘മണ്ടന്‍‘ വിളിയുടെ അപമാനം ഇപ്പോഴും പീലുവിനുണ്ടെന്ന് അവന്റെ മുഖത്ത് നിന്നറിയാം. കൂടാതെ, എല്ലാപേരും ഓരോന്ന് പറഞ്ഞ് കളിയാക്കാനും തുടങ്ങി. ഞങ്ങള്‍ കടല്‍ത്തീരത്ത് മണലിലൂടെ വെറുതേ നടന്നു. ഇടക്ക്, ‘ഇപ്പോള്‍ വരാം’ എന്ന് പറഞ്ഞ് പീലു ഇരുളിലേയ്ക്ക് മറഞ്ഞു. ‘ഒന്നിന്’ പോകാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി. പക്ഷേ കുറേ നേരമായിട്ടും അവനെ കാണുന്നില്ല. ഞങ്ങള്‍ കപ്പലണ്ടി തിന്നു തീര്‍ത്ത്, അത് പൊതിഞ്ഞ കടലാസ്സ് കടല്‍ക്കാറ്റില്‍ പറത്തി അങ്ങനെ നടന്നു. കാറ്റില്‍ എവിടെ നിന്നോ ഒരു ശംഖൊലിയും കേട്ടു....ഈ രാത്രി നേരം. അതാരും അത്ര ശ്രദ്ധിച്ചില്ല.
                    പെട്ടെന്ന്, ‘തിരുടാ, നായേ....@##^^@@&*@‘ എന്നൊക്കെ വിളിച്ചുകൊണ്ട് ഒരു തമിഴന്‍ പയ്യന്‍ ഒരു മാന്യനെ മണലിലൂടെ ഓടിക്കുന്നു. ‘നമ്മുടെ പീലുവല്ലേ അത്?” മഹേഷിനാണ് സംശയം തോന്നിയത്. സംഗതി ശരിയാണ്. നമ്മുടെ പീലുവിനെ ഒരുത്തന്‍ ഓടിക്കുന്നു. കാര്യമറിയാതെ പകച്ചു നിന്ന ഞങ്ങളുടെ മുന്നിലൂടെ തന്നെ പീലു ശരം വിട്ടപോലെ പായുന്നു പിന്നാലെ ആ തമിഴനും.... പെട്ടെന്ന് വഴിയില്‍ കിടന്ന എന്തിലോ തട്ടി പിന്നാലെ ഓടിയ തമിഴന്‍ പയ്യന്‍ താഴെ വീണു. പീലു ശരം വിട്ട പോലെ രക്ഷപ്പെടുകയും ചെയ്തു. ഞൊടിയിട കൊണ്ടാണ് കാര്യങ്ങളൊക്കെ കഴിഞ്ഞത്. ഞങ്ങള്‍ക്ക് കാര്യമൊന്നും പിടികിട്ടിയില്ല... എന്തായാലും ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ടും, വിശപ്പും ക്ഷീണവും ഒക്കെ വന്നതു കൊണ്ടും ഞങ്ങള്‍ തിരികെ കേരളാഹൌസിലേയ്ക്ക് ചെന്നു. കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ മുറിയുടെ താക്കോല്‍ വാങ്ങിയതായി അറിഞ്ഞു. പലപ്രാവശ്യം മുട്ടിയശേഷം വാതില്‍ തുറന്നു. മുറിക്കുള്ളില്‍ ലൈറ്റിട്ടിട്ടില്ലായിരുന്നു. പുറത്ത് നിന്നു വീശിയ ലൈറ്റ്ഹൌസിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കാഴ്ച കണ്ട് പെട്ടെന്നൊന്നമ്പരന്നു. പഞ്ചാഗ്നിയിലെ മോഹന്‍ലാല്‍ ഞങ്ങളുടെ മുറിയില്‍ !!!!


                    ഞാന്‍ മുറിക്കുള്ളില്‍ ചാടിക്കയറി ലൈറ്റിട്ടു. എല്ലാപേരും സൂക്ഷിച്ചു നോക്കി..... പഞ്ചാഗ്നിയിലെ ലാല്‍ അല്ല, നമ്മുടെ സാക്ഷാല്‍ പീലു..... രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് ഉണ്ടാക്കിയെടുത്ത കോമാളിത്തരം - അതെ, കോമാളിത്തരം തന്നെ - മൊത്തത്തില്‍ ഒലിച്ചു പോയിരിക്കുന്നു. സ്റ്റൂ വയ്ക്കാന്‍ തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് പോലെ ഇരിക്കുന്നു ഇവന്റെ മുഖം. അവിടവിടെ ബ്ലേഡ് കൊണ്ട് കോറിയ പോലെയും ഉണ്ട്. കടപ്പുറത്ത് വില്‍ക്കാന്‍ വച്ചിരുന്ന ശംഖിന്റെ പുറത്ത് കരകൌശലം കാട്ടിയ പോലെ. അയ്യേ, ആ തമിഴന്‍ പയ്യന്‍ ഇവനെ എന്താ ചെയ്തത്???? ഞങ്ങള്‍ക്ക് ആകെ ചിരിയായി.എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ടം’ പേടിച്ചരണ്ട പീലു ഞങ്ങളെ ഉള്ളിലാക്കി പെട്ടെന്ന് വാതിലടച്ചു.
                ആദ്യമൊന്നും ചോദിച്ചിട്ട് അവന്‍ ഒന്നും പറഞ്ഞില്ല. “എന്തെങ്കിലും കുഴപ്പം കാണിച്ചെങ്കില്‍ തമിഴന്‍ പയ്യന്മാര്‍ ഇപ്പോള്‍ കൂട്ടത്തോടെ നിന്റെ ദേഹത്ത് മേയാന്‍ വരും, പറയെടാ എന്താ പറ്റിയത്??” ഞാനവനെയൊന്ന് വിരട്ടിനോക്കി. രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് മോടിപിടിപ്പിച്ച ഈ മരമോന്ത ഇത്ര ധൃതിയില്‍ ഇങ്ങനെ വെട്ടി നിരത്തിയതെന്തിനെന്ന് അറിയാന്‍ ആകാംഷയായി.
                     എന്തായാലും ആ ഭീഷണി ഏറ്റു. പേടിയും, ചമ്മലും, നാണക്കേടും എല്ലാം കൂടി ചേര്‍ന്ന് വിവര്‍ണ്ണമായ മുഖത്തോടെ പീലു പറയാന്‍ തുടങ്ങി. “നേരത്തേ മുന്തിരിങ്ങക്കടയില്‍ നിന്ന് പൊതി എടുത്ത് നാണം കെട്ടില്ലേ, അതു കൊണ്ട്....” അവന്‍ വിക്കി.....”അതുകൊണ്ട്, പറയെടാ....എന്ത് പറ്റിയെന്ന്” ഞങ്ങള്‍ ഒരുമിച്ചാണ് അങ്ങനെ ശബ്ദം ഉയര്‍ത്തിയത്... “ഞാന്‍, ആ ശംഖ് ഒക്കെ വില്‍ക്കുന്നവന്റെ തട്ടില്‍ നിന്ന് ഒരു ശംഖ് എടുത്തു.” ഞങ്ങള്‍ക്ക് ആവേശമായി, ‘സ്മാള്‍ ‘ ഇത്തിരി ലാര്‍ജ്ജായിത്തന്നെ പ്രവര്‍ത്തിച്ചല്ലോ..... “എന്നെ കളിയാക്കരുത്, ഞാന്‍ പറയാം....” പീലു തുടര്‍ന്നു.... “നേരത്തേ പറ്റിയ അബദ്ധം വീണ്ടും പറ്റരുതല്ലോ..... അതു കൊണ്ട് ഞാന്‍, ആ ശംഖ് നല്ലത് തന്നെയോ എന്നറിയാന്‍ ഒന്ന് ഊതി നോക്കി. അടുത്ത് ആ തമിഴന്‍ പയ്യന്‍ കിടന്നത് ഞാന്‍ കണ്ടില്ല. അവനാണ് എന്നെ ഓടിച്ചത്......”
                 എല്ലാപേരുടെയും ചിരി ഉച്ചത്തിലായപ്പോള്‍ പീലുവും പതുക്കെ ചമ്മലൊക്കെ ഒളിപ്പിക്കാന്‍ കൂടെക്കൂടി...... ഇതിനിടയില്‍ മഹേഷ് വിളിച്ച് പറയുന്നത് കേട്ടു.... ‘വെള്ളമടിച്ചാല്‍ മര്യാദയ്ക്ക് നടക്കണം....മറ്റുള്ളവരെ മെനക്കെടുത്തരുത്.... വെള്ളമടിച്ച് പാമ്പായി ശംഖ് വിളിച്ചിരിക്കുന്നു.....ശംഖുവരയന്‍!!!!!’
                       അന്ന് മുതല്‍ പീലുവിന് പുതിയൊരു പേരുകൂടി കിട്ടി, ശംഖുവരയന്‍ - ശംഖുവരയന്‍ പീലു.....