Thursday, December 31, 2009

ഞാനും എന്റെ 2009 ഉം .....

ഞാനും എന്റെ 2009 ഉം .....

             
                ഒരു വർഷം കൂടി ഓർമ്മയുടെ താളുകൾക്കുള്ളിലേക്ക്... കയ്പ്പും മധുരവും ഒക്കെ മാറിമറിഞ്ഞ ഒരു വർഷം.... ജീവിതയാത്രക്കിടയിൽ എവിടെയോ കൈമോശം വന്ന അക്ഷരങ്ങളുടെ ലോകം...അയഞ്ഞുപോയ തന്ത്രികളും വടിവുപോയ അക്ഷരങ്ങളും പുനർജന്മമെടുത്ത 2009. അതെ, എവിടെയോ നഷ്ടപ്പെട്ടു എന്നു ഞാൻ കരുതിയ ആ ലോകം, അക്ഷരങ്ങളുടെയും സ്നേഹത്തിന്റെയും ആ ലോകം, ഇനി ഒരു തിരിച്ചുവരവില്ലെന്ന് കരുതിയ ആ ചൈതന്യം.... എന്റെ പ്രിയപ്പെട്ട കിലുക്കാംപെട്ടിയുടെ കൈപിടിച്ച്, മെല്ലെ പിച്ച വച്ച്, ഒരു പുനർജന്മം പോലെ... അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും....ഈ മഹാബൂലോകത്തേക്ക്, എല്ലാപേരുടെയും സ്നേഹവും ആശീർവാദവും ഒക്കെ പിൻബലമാക്കി...ആത്മവിശ്വാസത്തോടെ, ഒരു പുതിയ ഊർജ്ജത്തോടെ 2010ലേക്ക്....
.

 എല്ലാപേർക്കും നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം ആശംസിക്കുന്നു....ഒരുപാട് നന്ദിയോടെ, സ്നേഹത്തോടെ....

Saturday, December 26, 2009

കടൽ വരച്ച ദുരന്തചിത്രങ്ങൾ                          വീണ്ടും ഒരു ഡിസംബര്‍ 26.. അഞ്ചു വര്‍ഷം മുന്‍പ് കടല്‍ ഭീകര താണ്ഡവമാടിയതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ ഇന്നും ഒരു വിങ്ങലായി കൂടെയുണ്ട്. പതിനൊന്നു രാജ്യങ്ങളിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളെയും, കണക്കെടുത്തിട്ടില്ലാത്തത്ര പക്ഷി മൃഗാദികളും (പക്ഷി മൃഗാദികളുടെ ജീവന് എന്തു വില അല്ലേ, നഷ്ടപരിഹാരത്തിനായി മാത്രം നാം അവയെ എണ്ണുന്നു) ആവേശത്തോടെ നക്കിത്തുടച്ച പ്രകൃതിയുടെ ക്രൂരനടനം!!!

                          പ്രകൃതി നിന്ദയ്ക്ക് കിട്ടിയ ശിക്ഷയോ, അതോ ഒരു വെറും താക്കീതോ? പാരിസ്ഥിതിക അനാസ്ഥയുടെ പരിണാമമാവാം... എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യനു അവന്‍ ഒരു തൃണം പോലുമല്ലെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന മുന്നറിയിപ്പുകള്‍.....

                     മഹാദുരന്തത്തിനിടയിലും വിസ്മയമായി നിന്നു, രാമേശ്വരം.... ചുറ്റുപാടും, നാഗപട്ടണവും, അന്‍ഡമാന്‍ ദ്വീപുകളും, വേളാങ്കണ്ണിയും, കന്യാകുമാരിയും ഒക്കെ തിരമാലകള്‍ നക്കിത്തുടച്ചപ്പോഴും കടലിനു നടുവില്‍ ഒരു ചെറു സുവര്‍ണ്ണതിലകം പോലെ രാമേശ്വരം....അത്യത്ഭുതമായിരിക്കുന്നു.... പ്രകൃതി കനിഞ്ഞു തന്ന ഇളവോ അതോ പാരിസ്ഥിതിക പീഡനത്തിനു തുനിയാഞ്ഞതിനുള്ള വരമോ...


                             ചെറുതെങ്കിലും നമുക്കു ചുറ്റും ഇതു പോലെ തന്നെയുള്ള ദുരന്തങ്ങള്‍ ഊഴവും കാത്ത് നില്‍ക്കുന്നു. നമ്മുടെ അശ്രദ്ധയും, അലസതയും, അജ്ഞതയും, ഒരു പരിധിവരെ ധിക്കാരവും കൊണ്ട് മാത്രം ഉണ്ടാകുന്നവ...ബോട്ട് ദുരന്തങ്ങളായും, ഉരുള്‍പൊട്ടലായും, കടലാക്രമണമായും ഒക്കെ....

                        കേരളത്തിന്റെ ഭൗതികമായ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നത് മുല്ലപ്പെരിയാര്‍ തന്നെ. എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കാത്ത നാം.... ലക്ഷക്കണക്കിനു നിര്‍ദ്ദോഷികളും നിസ്സഹായരുമായ മനുഷ്യരും, മൃഗങ്ങളും, പക്ഷികളും മറ്റു ജീവജാലങ്ങളും...ഒരു മഹാ ദുരന്തത്തിന്റെ ഭീഷണിയില്‍... രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് ആഘോഷിക്കുന്നു...നാം ഉള്‍പ്പെപ്പെടുന്ന പൊതുജനം ഇനിയെങ്കിലും ഈ കഴുത വേഷം ഉപേക്ഷിക്കണം...ഇല്ലെങ്കില്‍.. ചവിട്ടിനില്‍ക്കാന്‍ നമ്മുടെ ഈ ഭൂമിമലയാളം പോലും ഉണ്ടാവില്ല... മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിനായി ബൂലോകം നടത്തുന്ന ശ്രമത്തിനു ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി, നമുക്കേവര്‍ക്കും പങ്കാളിയാവാം....

                         സുനാമി ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ വര്‍ണ്ണനകള്‍ക്കിടയില്‍, പുറംകാഴ്ച്ചകള്‍ക്കപ്പുറം... ഉള്‍ക്കാഴച്ചകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വീക്ഷണം... കിലുക്കാമ്പെട്ടിയുടെ ഒരു പോസ്റ്റിലേക്ക്..... ഒരു പുനര്‍ വായനക്കായി... വര്‍ഷങ്ങള്‍ പോയതറിയാതെ .....

Wednesday, December 23, 2009

വസുധൈവ കുടുംബകം ഈ ബൂലോകം“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”
– മഹാ ഉപനിഷത് -
വളരെ ചെറിയ മനസ്സുള്ളവർക്കേ “ഇവൻ എന്റെ ബന്ധു, അവൻ എനിക്ക് അന്യൻ” എന്നു പറയാനാകൂ...  ഉദാരമനസ്സുള്ളവർക്ക്, ഈ ലോകം തന്നെ കുടുംബം.....
===
            കുഞ്ഞുനാളുകളിൽ പാഠപുസ്തകതിലൊക്കെ ഒരുപാട് വായിച്ചതും പഠിച്ചതുമാണ്, വസുധൈവ കുടുംബകം എന്ന സിദ്ധാന്തം. പല പല മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ എനിക്ക്, എല്ലായിടത്തും, എത്രയൊക്കെ ആദർശം പ്രസംഗിക്കുന്ന കൂട്ടായ്മകളിലും, അറിയാതെ പൊന്തിവരുന്ന നമ്മൾ -അവർ എന്ന ഭാവം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 
            കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ എനിക്കന്യമായിരുന്ന ബ്ലോഗ് ലോകം (ബൂലോകം) എനിക്ക് കാട്ടിത്തന്നത്, ആരുടെയും ആഹ്വാനമോ നിർബന്ധമോ ഒന്നും ഇല്ലാതെ തന്നെ, വസുധൈവകുടുംബകം കെട്ടിപ്പടുക്കുകയും അതു പരിപോക്ഷിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്മയാണ്.
            എന്റെ പ്രിയപ്പെട്ട കിലുക്കമ്പെട്ടിയാണ് എനിക്ക് ഈ ലോകം പരിചയപ്പെടുത്തിത്തന്നത്. ഒരുപാട് കാലം, ഈ മഹാപ്രയാണത്തിൽ ഭാഗഭാക്കാകാതെ, ഈ ബൂലോകം എന്നെ ഉൾക്കൊക്കൊള്ളുമോ എന്ന സന്ദേഹത്തോടെ, അത്ഭുതത്തോടെ, ഒരു അവിശ്വസനീയതയോടെ അതിലുപരി കൌതുകത്തോടെ ബൂലോകത്തെ ഞാൻ നിശബ്ദനായി, അകലെയല്ലാതെ നിന്ന് നോക്കിക്കണ്ടു.  ഒടുവിൽ, ഒരു കൊച്ചുകുട്ടിയുടെ സഭാകമ്പത്തോടെ ഞാനും ആദ്യചുവടുവച്ചു.  അവിശ്വസനീയമായിരുന്നു എനിക്ക് കിട്ടിയ സ്വാഗതം. ഒരു പുതുമുഖത്തെ തങ്ങളുടെ ലോകത്തേക്ക് ഇത്രയും സന്തോഷത്തോടെ സ്വീകരിക്കുന്ന മറ്റൊരു സമൂഹത്തെയും ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല.  എന്റെ ആദ്യചുവടിനു തന്നെ,  ബൂലോകത്തെ പ്രഗൽഭരായ കിലുക്കാമ്പെട്ടിയുടെയും ശ്രീ യുടെയും ആശീർവാദം.  അപ്പുവിന്റെ ആദ്യാക്ഷരി, കൈപ്പള്ളിയുടെ ഉശിരന്‍ ചിന്തകള്‍ , രാഹുല്‍ കടക്കലിന്റെ infusionമുല്ലൂക്കാരന്റെ ഇന്ദ്രധനുസ്സും ഒക്കെ വഴികാട്ടിയായി. പിന്നെ, ബൂലോകത്തെ എറ്റവും വലിയ സുഹൃത്ത് വലയത്തിന്റെ ഉടമ മാണിക്യം ചേച്ചിയുടെ തലോടൽ, പിന്നെ, ലക്ഷ്മി, മിനിടീച്ചർ, ഗീതേച്ചി, അനിത, മലയാളി, മയൂര, കൃഷ്, ജയകൃഷ്ണൻ, നജീം, ഉമേഷ്, താബു, വേദവ്യാസൻ, മഴമേഘങ്ങൾ, വശംവദൻ, കൊട്ടോട്ടിക്കാരൻ, പ്രവീൺ, സൂര്യതേജസ്, സീ കുഞ്ചിയമ്മ, ലക്ഷ്മി, ലതി, എഴുത്തുകാരി, പിന്നെ പേരറിയാത്ത ഒട്ടേറെപ്പേരുടെ അകമഴിഞ്ഞ പ്രോത്സാഹനവും....
തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ അടുത്ത അനുഭവം. കിലുക്കാമ്പെട്ടിയുടെ അതിഥിയായി കുറച്ചു ദിവസം ദുബായ് കാണാനിറങ്ങിയതായിരുന്നു. മാണിക്യം ചേച്ചിയുടെ സന്ദേശം, ഞാൻ വരുന്നു, യു.എ.ഇ യിൽ ചെറിയ സന്ദർശനം കഴിഞ്ഞ് കേരളത്തിൽ, വരുമ്പോൾ കാണണം. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതയിരുന്നു. അതിനെക്കാൾ സന്തോഷം, മാണിക്യം ചേച്ചി ഷാർജ്ജയിൽ വരുമ്പോൾ അവിടെവച്ച് കാണാൻ പറ്റും എന്നതായിരുന്നു. മലയാളം ബ്ലോഗിലെ വലിയ വലിയ പുലികളുടെ അവാസകേന്ദ്രമാണല്ലോ യു.എ.ഇ, പിന്നെ ബ്ലോഗിലെ കിലുക്കമായ കിലുക്കാമ്പെട്ടിയുടെ കൂട്ടും. നവംബർ 12 നായിരുന്നു മാണിക്യം ചേച്ചിക്ക് ഷാർജ്ജയിൽ വച്ച് സ്വീകരണം.  അതിനു കുറച്ച് ദിവസം മുൻപ് തന്നെ ബ്ലോഗിലെ ഗായകൻ പൊറാടത്തിനെ ദുബായിൽ വച്ച് നേരിൽ പരിചയപ്പെട്ടു, വഴിപോക്കനെ ഫോണിലും...
കൈതമുള്ള് ശശിയേട്ടനോടും കിലുക്കാമ്പെട്ടിയോടുമൊപ്പം ഷാർജയിലേക്ക് പോകുമ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു; ഈ കൂട്ടത്തിൽ ഞാൻ ഒറ്റപ്പെടുമോ...ഞാനറിയാതെ എന്റെ ഉള്ളം കൈ വിയർത്തു. പക്ഷേ, ആശങ്ക ആനന്ദത്തിനു വഴിമാറിയത് ഞാൻപോലുമറിഞ്ഞില്ല. വാക്കുകളിലൂടെ മാത്രം സുപരിചിതരായിരുന്ന, ഞാൻ വളരെ ആരാധനയോടെ നോക്കിക്കണ്ട, ബോഗിലെ കിടിലങ്ങളായ പുലികൾ എന്നെയും അവർക്കൊപ്പം കൂട്ടി; ചിരകാല സുഹൃത്തിനെപ്പോലെ, ഒരു അപരിചിത്വവും കാട്ടാതെ. ചെടിയ മടിയോടെ മാറിനിൽക്കാൻ ശ്രമിച്ച എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുത്തി കൂട്ടത്തിൽ ചേർത്തു. എന്നെ കണ്ടയുടനെതന്നെ, പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മാണിക്യം ചേച്ചിയുടെ സ്നേഹപ്രകടനം. പിന്നെ  വിശാലമനസ്കൻ, പകൽകിനാവൻ, ഹരിയണ്ണൻ, സുൽ, പാർത്ഥൻ ചേട്ടൻ, ചന്ദ്രകാന്തം, കനൽ, വാഴക്കോടൻ,കുഴൂര്‍ വിത്സന്‍   മൂസ്സച്ചേട്ടൻ, കിച്ചു, നിതിൻവാവ, ശ്രീരാഗ്... അങ്ങനെ ഒത്തിരിപേർ..കൂടാതെ അവരുടെ കുടുംബാംഗങ്ങളും..... സന്തോഷത്തിന്റെയും സ്നേഹപ്രകടനത്തിന്റെയും നിമിഷങ്ങൾ.... എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു മഹത്തായ അനുഭവം.... വസുധൈവകുടുംബകം ഇവിടെ ഞാൻ അനുഭവിച്ചു, ആസ്വദിച്ചു..... പൊങ്ങച്ചവും പരദൂഷണവും ഇല്ലാത്ത ലോകത്തെ ഏക കുടുംബം!!! (ഒട്ടും ഇല്ലാതില്ല കേട്ടോ)... എന്റെ കുഞ്ഞനിയത്തി ചിന്നുക്കുട്ടി പറഞ്ഞതു പോലെ, അക്ഷരത്തിന്റെ ശക്തി ശരിക്കും ഞാൻ നേരിട്ടറിഞ്ഞു. പിന്നീട്, മാണിക്യം ചേച്ചി തിരുവനന്തപുരത്ത് വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ശരിക്കും, ഒരു കുടുംബാംഗത്തെ കണ്ടപോലത്തെ സന്തോഷമായിരുന്നു. തിരുവനന്തപുരത്തുകാരായ  താബുവിനെയും ശിവയെയും ഒക്കെ പരിചയപ്പെട്ടത്  കാനഡയിൽ സ്ഥിരതാമസമാക്കിയ മാണിക്യം ചേച്ചിയുടെ സാന്നിദ്ധ്യത്തിൽ തന്നെയായതും ബ്ലോഗിന്റെ മാത്രം വിസ്മയം.

ഡിസംബർ 18-ന് ദുബായിൽ വച്ച് യു.എ.ഇ ബ്ലോഗർമാരുടെ ഒരു സംഗമം ഉണ്ടെന്നറിഞ്ഞതു മുതൽ തന്നെ ഞാനും വളരെ ആവേശത്തിലായിരുന്നു. ഓരോ ദിവസവും അതിന്റെ വാർത്തയറിയാൻ ആകാംഷയോടെ കാത്തിരുന്നു. മീറ്റിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്  കണ്ടപ്പോൾ അതിൽ പലരും  വളരെക്കാലത്തെ എന്റെ ഉറ്റ ചങ്ങാതിമാർ.... വല്ലാതെ മിസ്സ് ചെയ്തു..... മീറ്റ് വിശേഷങ്ങൾ  http://uaemeet.blogspot.com/ എന്ന ബ്ലോഗിൽ വരുന്നതും കാത്ത് പല തവണ ബ്രൌസർ റിഫ്രെഷ് ചെയ്തു കൊണ്ടിരുന്നു.... ഞാനും കൂടി ഉൾപ്പെട്ട ഒരു വലിയ കുടുംബത്തിന്റെ ഒത്തുചേരൽ.... മീറ്റിന്റെ ചിത്രങ്ങൾ വന്നപ്പോൾ പരിചയപ്പെട്ട ഒരോരുത്തരെയും കാണാൻ ആവേശമായി, പരിചയപ്പെടാത്തവരെ കാണാനും...
           നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കിലുക്കാംപെട്ടിക്ക് ഈ കുടുംബം ഒന്നടങ്കം നല്‍കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്  കണ്ണ് നനയിച്ചു.

വെറും സൌഹൃദപ്രകടനത്തിനപ്പുറം, നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഈ വലിയ കുടുംബം ആശങ്കാകുലരായി.  നാട്ടിലുള്ളവരെക്കാൾ ആത്മാർത്ഥത ഇവിടെ ഉയർന്നുവന്നു... കേരളം നേരിടുന്ന ഒരു വലിയ ഭീഷണിയായ മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം, അതിന്റെ എല്ലാ കോണുകളിലും നിന്ന് വീക്ഷിച്ച്, മലയാളി – തമിഴൻ എന്ന വ്യത്യാസം ഇല്ലാതെ ഒരു പ്രശ്നപരിഹാരത്തിന് ബ്ലോഗ് കുടുംബം കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഈ നാട്ടിലെ സാധാരണക്കാൻ കാട്ടിയിരുന്നെങ്കിൽ..... മുല്ലപ്പെരിയാർ പ്രശ്നത്തെ എല്ലാപേർക്കും  സ്വീകാര്യമായ രീതിയിൽ പരിഹരിക്കാൻ ഉള്ള ശ്രമത്തിൽ ഞാനും പങ്കാളിയാവുന്നു...

സുഹൃത്തുക്കളോടൊക്കെ പറഞ്ഞു, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ... അവിശ്വതനീയതയുടെയും അത്ഭുതത്തിന്റെയും രശ്മികൾ ആ കണ്ണുകളിൽ നിന്ന് എന്നിൽ പതിക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും അനുഭവിക്കുന്നു....
“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”

Saturday, December 5, 2009

നടക്കാതെ പോയ എന്റെ സ്വപ്നം......                         വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു. പണ്ട് കണ്ടിരുന്ന ആ ശൌര്യം, ഉർജ്ജ്വസ്വലത, എല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചലചിത്രനടൻ ക്യാപ്റ്റൻ രാജുവിന്റെ എകദേശരൂപം, കുറച്ച് കൂടി തടിച്ച പുരികങ്ങൾ, തുറിച്ച നോട്ടം, വീതിയുള്ള കൃതാവ്, ആറടിയിലേറെ ഉയരം, ഉറച്ച ശരീരം... ആകെക്കൂടി ഒരു കിടിലം തന്നെ. അദ്ദേഹം, ഞങ്ങളുടെ സ്ക്കൂളിലെ ബസ്സിന്റെ ഡ്രൈവർ ആയിരുന്നു, അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ സ്ക്കൂളിൽ തന്നെയായിരുന്നു. മൂത്ത മകളും പിന്നെ ഒരു മകനും. മകൾ ദേവി എന്റെ ക്ലാസ്സിലായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു ദേവി (നാലാം ക്ലാസ്സിലെ പയ്യന്റെ ഒരു അസ്സസ്സ്മെന്റേ!!!!). അവളുടെ കൈയ്യിൽ എപ്പോഴും ഒരു കുട ഉണ്ടായിരുന്നു, ആകെയുള്ള കുറച്ച് തലമുടി രണ്ട് വാലായി മുറുക്കിപ്പിന്നി, ചെറിയ ഷൂസും ഇട്ട്, മുതുകിൽ അവളേക്കാൾ ഭാരമുള്ള ഒരു ബാഗും തൂക്കി വരുന്ന ഒരു ശിങ്കാരിപ്പെണ്ണ്... എന്തെങ്കിലും പറഞ്ഞാൽ തലവെട്ടിച്ച് ഒറ്റ നോട്ടം, അപ്പോൾ, തലയിലെ വാലുകൾ അന്തരീക്ഷത്തിൽ പറന്നു നില്ക്കും, ആ ഉണ്ടക്കണ്ണുകൾ കൊണ്ട് ഒരു തുറിച്ച് നോട്ടവും! ഹാവൂ, ഒരു കാന്താരി തന്നെ....ഈ സുന്ദരിക്കുട്ടി....


                   ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം, സ്കൂളിൽ ഞാനൊരു സാധാരണ കുട്ടിയായിരുന്നു. വലിയ വിരുതന്മാരുടെയിടയിൽ ശരിക്കും ഒരു പാവം പയ്യൻ. ഈ വില്ലന്മാർ പലരും ഇന്ന് ദേശത്തും വിദേശത്തും പല പല മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന വല്യ വല്യ പുള്ളികളാണ്. ഈ മഹാന്മാർ കൂടെക്കൂടെ ഒരോ കുസൃതികൾ ഒപ്പിക്കും, അവരുടെ വിരുത് കാരണം അവരൊക്കെ രക്ഷപ്പെടും. എന്നെപ്പോലത്തെ പാവങ്ങൾ മാത്രം കുടുങ്ങും. ശിക്ഷയായി ഒരുപാട് തവണ മുട്ടുകാലിൽ വെറും നിലത്ത് കൈ ഉയർത്തി നിന്നിട്ടുണ്ട്, പിൻ ബെഞ്ചിന്റെ മുകളിൽ നോക്കുകുത്തിയെപ്പോലെ പല പീരിയഡുകളിലും എന്നെപ്പോലത്തെ വിദ്വാന്മാർക്കൊപ്പം നിന്നിട്ടുണ്ട്. ടീച്ചർമാർക്ക് ചൂരൽ പ്രാക്ടീസ് നടത്താനുള്ളതായിരുന്നു ഞങ്ങളുടെ കയ്യും തുടയും.

                       ആയിടെയാണ് ഒരു സിനിമയിൽ നായകന്റെ ഒരു നമ്പർ വന്നത്. ചൂണ്ടുവിരൽ മൂക്കിനു താഴെ ഒരു പ്രത്യേക രീതിയിൽ ഇടത്തു വലത്തോട്ട് ഉരസിയാണ് ഈ കാമുകൻ കാമുകിയോട് ചുംബനം ആവശ്യപ്പെട്ടിരുന്നത്. ഞാനങ്ങനെ സിനിമയൊന്നും കാണാൻ പോകാത്തവനായിരുന്നു. ക്ലാസ്സിലെ നേരത്തേ പറഞ്ഞ റൊമാൻസ് കുമാരന്മാർ ഈ സിനിമയൊക്കെ കണ്ട്, അതിലെ രംഗങ്ങൾ ക്ലാസ്സിൽ പുനരാവിഷകരിച്ചിരുന്നു. കാര്യമറിയില്ലെങ്കിലും ഞാനും, എന്നെല്ലോലെയുള്ള പച്ചപ്പാവങ്ങളും ഇതൊക്കെ അനുകരിച്ചിരുന്നു. ഈ നമ്പരും ചേട്ടന്മാർ ഹൃദ്യമായി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പൊരുൾ മനസ്സിലാകുന്ന പെൺകുട്ടികൾ ഇവന്മാരെ ‘പോടാ..’ എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോൾ, ഇതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. എന്റെ കഷ്ടകാലത്തിന് എന്റെ മുന്നിൽ വന്നുപെട്ടത് നമ്മുടെ പാവം ദേവി ആയിരുന്നു. അവളൊരു പാവമായിരുന്നു. എന്റെ പ്രകടനം കണ്ട്, ഞാൻ എന്തോ അരുതാത്തത് ചെയ്ത പോലെ അവൾ കരഞ്ഞു വിളിച്ച് കൊണ്ട് അച്ഛന്റെ അടുക്കലേക്ക് ഒടുന്നത് കണ്ടു. പേടി കാരണം എന്റെ നെഞ്ചിൽ ബാൻഡ്മേളം മുഴങ്ങി..... ഭഗവാനേ, ആ കാലമാടൻ എന്നെ ശരിയാക്കിയത് തന്നെ. കുറച്ച് നാൾ മുൻപ് സ്ക്കൂൾ ബസ്സിനു കുറുകെ ചാടിയ ഒരു പാവത്തിനെ ചീത്ത പറഞ്ഞത് കേട്ട് ഞാനും കിടുകിടാ വിറച്ചുപോയിരുന്നു. അപ്പോൾ പിന്നെ എന്നെ കൈയ്യിൽ കിട്ടിയാലത്തെ അവസ്ഥ!!!!

                         എന്തായാലും, അന്നൊന്നും സംഭവിച്ചില്ല. സ്ക്കൂളിന് പുതിയ മൂന്ന് ബസ്സുകൾ വാങ്ങിയതിന്റെ ഉത്ഘാടനം ആയിരുന്നു അന്ന്. അവയിൽ ഒരു ബസ്സാണ് അന്നു വന്നത്, മറ്റുള്ളവ രണ്ടു ദിവസത്തിനുള്ളിൽ എത്തുമത്രേ. ഒരു ചെറിയ ചടങ്ങോടെ ആയിരുന്നു ബസ്സിന്റെ ആദ്യ സവാരി. ബസ്സിൽ ചന്ദനക്കുറിയൊക്കെ അണിയിച്ച്, ഒരു പൂമാല ചാർത്തി, പിന്നെ, ഒരു നാരങ്ങ ബസ്സിന്റെ ടയറിന്റെ അടിയിൽ വച്ച് അതിനു മുകളിലൂടെ കയറ്റിയിറക്കിയാണ് പോയത്. എന്തിനാണ് ഈ പാവം നാരങ്ങയെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്നെനിക്ക് തോന്നി. ആ നാരങ്ങ പ്രാണവേദനയോടെ എന്നെയും ചുറ്റുമുള്ളവരെയും നോക്കുന്നതായി എനിക്ക് തോന്നി. പാവം, ഒരു തെറ്റും ചെയ്യാതെ വെറുതെ ശിക്ഷ അനുഭവിക്കുന്നു. ബസ്സ് കയറിയിറങ്ങിയപ്പോൾ ഞെരിഞ്ഞമർന്ന നാരങ്ങയുടെ നീര് എന്റെ മുഖത്തും വീണു. ഞാൻ മുഖം ശക്തിയായി കുടഞ്ഞു. ഞാനും ഈ കൊടും ക്രൂരതയിൽ പങ്കാളിയായല്ലോ... കഷ്ടം!!!!

                     വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ നിന്ന് ആ നാരങ്ങയുടെ നിസ്സഹായമായ ഭാവം മാറിയില്ല. പ്രത്യേകിച്ച് ദേവിയുടെ അച്ഛന്റെ മുഖവും കൂടി ഓർത്തപ്പോൾ..... അതു കാരണം അന്നു രാത്രി ചോറിന്റെ കൂടെയുള്ള നാരങ്ങ അച്ചാറും കഴിക്കാൻ തോന്നിയില്ല. ദേവിയോട് കാണിച്ച മര്യാദകേടിന് നാളെ തീച്ചയായും അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും കിട്ടും, തീർച്ച..... ഉറക്കം വന്നതേയില്ല...
                        എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. എന്റെ മനസ്സ് മുഴുവൻ ആ ഭീകരന്റെ മുഖമായിരുന്നു. പിന്നെ ആ പാവം നാരങ്ങയുടെയും..... പിറ്റേന്ന് പതിവു പോലെ സ്ക്കൂളിൽ പോയി. പോകാതിരിക്കാൽ പല അടവുകളും പയറ്റിനോക്കി, നടന്നില്ല. വയറുവേദനയാണെന്നും, തലക്കറക്കമാണെന്നും ഒക്കെ പറഞ്ഞുനോക്കി. എന്റെ സൂത്രം പിടികിട്ടിയിട്ടായിരിക്കണം അച്ഛൻ പറഞ്ഞു, “സൂക്ഷിക്കണം, ഇപ്പോഴത്തെ വയറുവേദന വളരെ കുഴപ്പം പിടിച്ചതാണ്, ഡോക്ടറെക്കണ്ട് ഒരു ഇഞ്ചക്ഷൻ എടുക്കാം”. അയ്യോ, ചെകുത്താനും കടലിനും നടുവിൽ; ഇഞ്ചക്ഷൻ എടുത്താലും സ്ക്കൂളിൽ പോയേ പറ്റൂ. എന്റെ വയറുവേദന പെട്ടെന്ന് തന്നെ പമ്പകടന്നു. പഞ്ചവാദ്യത്തിന്റെയും പെരുമ്പറയുടെയും അകമ്പടിയോടെ സ്ക്കൂളിലേയ്ക്ക് നടന്നു തുടങ്ങി. പഞ്ചവാദ്യവും പെരുമ്പറയും എന്റെ നെഞ്ചിന്റെ ഉള്ളിൽ തന്നെയാണെന്ന് പെട്ടെന്ന് തന്നെ ഞാൻ മനസ്സിലാക്കി. സ്ക്കൂൾ എത്താറായപ്പോഴേ ഒരു ജനക്കൂട്ടം. മെല്ലെ മെല്ലെ ഗേറ്റ് കടന്നു. പുതിയ ബസ്സുകളിൽ രണ്ടാമത്തേതും വന്നതിന്റെ ആവേശമാണ്. അതിന്റെ ഉത്ഘാടനത്തിന്റെ തിരക്കാണ്, അശ്വാസമായി... എന്നത്തേയും പോലെ അന്നും, അശ്വാസത്തിന് ആയുസ്സ് കുറവായിരുന്നു. ബസ്സിന്റെ അടുത്ത് തന്നെ ദേവി അവളുടെ അച്ഛന്റെ കൈ പിടിച്ച് നില്ക്കുന്നു. അവളുടെ ചെറിയ കാലൻ കുട ശക്തിയായി തറയിൽ കുത്തിപ്പിടിച്ചിരിക്കുന്നു. മുതുകിൽ ബാഗും തൂക്കി, തലവെട്ടിച്ച് എന്നെ ഒരു നോട്ടം! പിന്നെ അച്ഛനെ മാന്തിവിളിച്ച് എന്നെ ചൂണ്ടിക്കാട്ടിക്കൊടുക്കുന്നു... ഹൂ...... എന്റെ സകല നാഡികളും തളർന്നു. രാവിലെ അച്ഛനോട് കള്ളം പറഞ്ഞ വയറുവേദന ശരിക്കും എവിടുന്നോ വന്നു... പഞ്ചവാദ്യവും പെരുമ്പറയും ശക്തിയായി, കണ്ണിൽ ചെറുതായി ഇരുട്ടും കയറി... ദേവിയുടെ അച്ഛൻ ഒരു ഡ്രാക്കുളയാകുന്നത് ഞാൻ കണ്ടു. അങ്ങേർ എന്റെ നേർക്ക് പാഞ്ഞടുക്കുന്നു. ഞാൻ ഓടി...പക്ഷെ ഒരടി പോലും മുന്നോട്ട് പോകുന്നില്ല....

                         തന്റെ മകളെ അപമാനിച്ച ഈ ദുഷ്ടനെ കൊല്ലാനുള്ള ദേഷ്യമുണ്ട് ആ മുഖത്ത്. ആ കണ്ണൂകൾ കനൽ_ക്കട്ട പോലെ ജ്വലിക്കുന്നതും മുൻവശത്തെ തേറ്റപ്പല്ലുകൾ നീണ്ട് വരുന്നതും ഞാൻ കണ്ടു. പിന്നെ കാളക്കൂറ്റന്റെ വെകിളിപിടിച്ച ഗർജ്ജനം..... അയ്യോ...... ഞാൻ ഒരു ചുവട് മന്നോട്ട് വച്ചു. അങ്ങേർ എന്റെ തൊട്ടുപിന്നിലും..... ഞാൻ സ്കൂൾ ബസ്സിന്റെ ടയറിൽ ചെന്ന് ഇടിച്ച് വീണു. ഒരു ഗർജ്ജനത്തോടെ അങ്ങേർ എന്നെ കഴുത്തിൽ തൂക്കി എടുത്തു. പൂച്ച എലിയെ കടിച്ച് തൂക്കിയപോലെ..... ഞാൻ പേടിച്ചു നിലവിളിച്ചു, പക്ഷേ ശബ്ദം പുറത്തു വരുന്നില്ല...... എന്നെ തൂക്കിയെടുത്ത് ബസ്സിനു ചുറ്റും മൂന്നു വട്ടം നടന്നു...... ആലില പോലെ എങ്ങനെ വിറയ്ക്കാം എന്ന് ഞാൻ പ്രാക്ടിക്കലായി മനസ്സിലാക്കി...... എന്നെ എന്തു ചെയ്യാൻ പോകുന്നു എന്നെനിക്ക് പേടിയായി. പുഷ്പഹാരമിട്ട് അലങ്കരിച്ച ബസ്സ് എന്നെ സങ്കടത്തോടെ, ദയനീയമായി നോക്കി. എന്റെ അവസാനമായി എന്നെനിക്ക് തോന്നി...... എന്നെ പപ്പടം പോലെ പൊടിക്കുമോ, ഒരു കഷ്ണം തുണിപോലെ വെള്ളത്തിൽ മുക്കി പിഴിയുമോ അതോ ഒരു ഫുഡ്ബോൾ പോലെ ആ തടിമാടൻ കാൽ കൊണ്ട് ചവിട്ടിയെറിയുമോ എന്നൊക്കെ എന്റെ മനസ്സിലൂടെ വിഷ്വലുകൾ മിന്നിമറഞ്ഞു.

                            പിന്നെയും ഒരു വട്ടം കൂടി ബസ്സിനു വലംവച്ച ശേഷം എന്നെ ഒന്നു കൂടി ബലമായി പിടിച്ചു, ഇത് എല്ലാപേർക്കും ഒരു പാഠമാകട്ടേ എന്ന് ഗർജ്ജിച്ചു, എന്നെ ഒടിച്ചു മടക്കി... പിന്നെ..... പിന്നെ..... അയ്യോ..... ആ ബസ്സിന്റെ ടയറിനു മുന്നിൽ വച്ചിറ്റുന്ന നാരങ്ങ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്, ആ സ്ഥാനത്ത് അങ്ങേർ ഈ പാവം എന്നെ ചവിട്ടിക്കൂട്ടി വച്ചു. ദൈവമേ.... നേരത്തേ കണ്ട നാരങ്ങയുടെ സ്ഥാനത്ത് ഈ ഞാൻ!!!!! ഈ പാവത്തിനെ രക്ഷിക്കാൻ ആരുമില്ലേ.....ചുറ്റിലും നോക്കി, ആരെയും കാണുന്നില്ല.... അങ്ങേർ ബസ്സിൽ കയറി... സ്റ്റാർട്ട് ചെയ്തു.... ബസ്സിന്റെ ടയർ എന്റെ മുതുകിലൂടെ..... പെട്ടെന്ന്..... എന്റെ മുഖത്ത് രക്തത്തുള്ളികൾ തെറിച്ചു വീണു..... ഒരലർച്ചയോടെ ഞാൻ കണ്ണു തുറന്നു..... “സമയം കുറെയായല്ലോ.. ഇന്ന് സ്ക്കൂളിൽ പോണ്ടേ?” അമ്മയുടെ വക ശകാരവും ഒപ്പം മുഖത്തു കുടഞ്ഞ വെള്ളവും..... എന്നിട്ടും, ഇത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.... വെളുപ്പാൻകാലം കാണുന്ന സ്വപ്നം ഫലിക്കുമത്രേ......

                        സ്വപ്നത്തിന്റെ പേടി കൂടിയായപ്പോൾ ആകെ തളർന്നു പോയ ഞാൻ, സത്യമായും ഉണ്ടായ വയറുവേദന അച്ഛനോട് പറയാതെ (പറഞ്ഞിട്ടും കാര്യമില്ല) താളവാദ്യമേളത്തോടെ സ്ക്കൂളിലേയ്ക്ക് നടന്നു. വെളുപ്പാൻകാലത്ത് കണ്ട സ്വപ്നം വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് വന്നുകൊണ്ടേയിരുന്നു. എന്ത് പറ്റി? സ്ക്കൂളിൽ പ്രത്യേകിച്ച് ബഹളമൊന്നും കാണുന്നില്ല... ആശ്വാസമായി... പക്ഷേ, ആശ്വാസം പതിവു തെറ്റിച്ചില്ല, അത് അല്പായുസ്സായിരുന്നു. ക്ലാസ്സിനു മുന്നിൽ അവൾ നില്ക്കുന്നു, ദേവി... കാലൻകുട നിലത്ത് കുത്തി, മുതുകിൽ തന്നെക്കാൾ വലിയ ബാഗും തൂക്കി, മുഖം വെട്ടിത്തിരിഞ്ഞ്, മുടിക്കൊണ്ടകൾ കാറ്റിൽ പറത്തി.... ചാട്ടുളി നോട്ടവുമായി... ഹമ്മേ..... സ്വപ്നത്തിനെ ഈ പാർട്ട് വരെ അണുവിട കറക്ട്...... വെളുപ്പാൻകാലത്തെ സ്വപ്നം.... ഞാൻ ഒന്നുകൂടി, ദയനീയമായി ആ മുഖത്തേക്ക് നോക്കി, ഇൻഡ്യൻ പ്രസിഡന്റിനു മുന്നിൽ കൊലമരം വിധിച്ചവന്റെ ദയാഹർജ്ജിപോലെ.... ഞാൻ കണ്ണടച്ചു..... ഒന്നും സംഭവിക്കുന്നില്ല..... വിശ്വാസമാകാതെ ഞാൻ കണ്ണു തുറന്നു..... അവൾ എന്നെ സൂക്ഷിച്ച് നോക്കി..... എനിക്കൊന്നും മനസ്സിലായില്ല..... ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി.... കണ്ണ് തിരുമി ഒരിക്കൽ കൂടി.... ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് പതിയെ വിടർന്നു.... എന്നെ അവൾ നോക്കി നിന്നു.... പിന്നെ, മുഖം വെട്ടിച്ച് ഒറ്റ ഓട്ടം, ക്ലാസ്സിനുള്ളിലേക്ക്......അയ്യേ, ഈ ഞാൻ.......


                        ഇന്ന് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കാദ്യം ഒർമ്മ വന്നത്, ബസ്സിന്റെ ടയറിനു മുന്നിൽ നാരങ്ങക്കു പകരം ഈ ഞാൻ.......അതോ ദേവിയുടെ ആ പുഞ്ചിരിയോ.......