എന്റെ വീടിനടുത്ത്, ചെണ്ട അഭ്യസിപ്പിക്കുന്ന ഒരു ആശാൻ ഉണ്ടായിരുന്നു. കരിങ്കൽ കഷണത്തിലാണ് ചെണ്ട അഭ്യാസം നടത്തുന്നത്. കൊട്ടിപഠിക്കുമ്പോൾ ചെണ്ട തരില്ല. പാവം കരിങ്കല്ല് ഉള്ള അടിയെല്ലാം കൊള്ളണം… ക്രെഡിറ്റെല്ലാം യോഗ്യൻ ചെണ്ട കൊണ്ടുപോകും. അതേ അനുഭവമായിരുന്നു എനിക്കും. ഹേമാംബിക ടീച്ചർക്ക് അടി പ്രാക്ടീസ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ആയിരുന്നു എന്റെ തുട. എല്ലാത്തിനും ഈ പാവത്തിനെത്തന്നെ തല്ലും. പക്ഷെ വളരെ കാലം കഴിഞ്ഞാണ് എനിക്ക് ബോദ്ധ്യമായത്, അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്; ഞാൻ നന്നാകാൻ വേണ്ടിയാണെന്ന്. പലപ്പോഴും ഞാൻ എഴുന്നള്ളിച്ചിരുന്ന മണ്ടത്തരങ്ങൾക്ക് ഈ തല്ലു പോരാ എന്നു ഞാൻ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും മനഃപ്പൂർവ്വം ഞാൻ പറയുന്ന കുസൃതികളാണ് ശിലാലിഖിതങ്ങളെപ്പോലെ എന്റെ തുടയിൽ മുദ്ര പതിപ്പിക്കഅൻ കാരണം.
ഹേമാംബിക ടീച്ചർ എന്റെ കുഞ്ഞമ്മയുടെ ക്ലാസ് മേറ്റായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൂരലിന്റെ അതേ രൂപം തന്നെയായിരുന്നു ടീച്ചർക്കും; അതേ ശക്തിയും! ഒരടി തന്നാൽ അതു അടി തന്നെയായിരിക്കും. പിന്നെ, ടീച്ചർക്ക് ഒരു ചെറിയ കോംപ്ളക്സ് ഉണ്ടായിരുന്നു. നമ്മൾ പാവങ്ങൾ എന്തെങ്കിലും പറഞ്ഞു ചിരിച്ചാൽ അതു ടീച്ചറിനെ ആണെന്നു കരുതും. മുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, എന്റെ കൂടെയുള്ള വിദ്വാന്മാർ ഓരോ കുരുത്തക്കേടൊക്കെ ഒപ്പിച്ചിട്ട് മാന്യന്മാർ ആകും. കുടുങ്ങുന്നത് ഈ പാവം ഞാനും! ഒരിക്കൽ, ടീച്ചർ ആദ്യമായി കണ്ണാടി വച്ച് വന്നത്, സ്കൂൾ അസംബ്ളിയിൽ വച്ചാണ് ഞങ്ങൾ കണ്ടത്. കണ്ണാടി വയ്പ്പിലെ ‘ബാലാരിഷ്ടത’ കൊണ്ട്, മൂക്കിനു താഴേക്ക് ഇറങ്ങി വരുന്ന വലിയ ഫ്രെയിമുള്ള, ബട്ടർഫ്ലൈ രൂപത്തിലുള്ള ആ കണ്ണട കൂടെക്കൂടെ ചൂണ്ട് വിരൽ കൊണ്ട് മൂക്കിനു മുകളിലേയ്ക്ക് തള്ളി ഉയർത്തുന്നതും പിന്നെ തന്റെ മൂക്കിന്റെ സ്ട്രക്ച്ചറിനെ സംശയത്തോടെ ഒരേസമയം രണ്ട് കൃഷ്ണമണിയും കൊണ്ട് നോക്കുന്നതും കണ്ടാൽ ആർക്കാണ് ചിരി വരാത്തത്? ഞാനും, അല്ല ഞങ്ങളും, ചിരിച്ചു, ശരിയാണ്…. പക്ഷേ പഠിച്ച കള്ളന്മാർ ടീച്ചറിന്റെ കണ്ണ് ഇങ്ങോട്ട് ഫോക്കസ് ചെയ്യുന്നത് കണ്ട് മാന്യന്മാരായി. “പിള്ള മനസ്സിൽ കള്ളമില്ലല്ലോ”, ഞാൻ നിഷ്കളങ്കനായി ചിരിച്ചു കാണിച്ചു. ടീച്ചറിന്റെ പുതിയ സ്റ്റൈൽ ഇഷ്ടമായി എന്നു വിചാരിക്കട്ടെ എന്നു കരുതി. പക്ഷെ, അന്നും ടീച്ചറിന്റെ ക്ലാസിലെ ആദ്യ പീഢനം പതിവു തെറ്റാതെ, എനിക്കു തന്നെയായിരുന്നു. അസംബ്ലിയിൽ ഡിസിപ്ലീൻ തെറ്റിച്ചത്രേ!
നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നു. ഒരിക്കൽ, അൻപത് തവണ ഇംപോസിഷൻ എഴുതാൻ മറന്നു ക്ലാസ്സിൽ എത്തിയ എന്നോട് ടീച്ചറിന്റെ ചോദ്യം, “ആർക്കു വേണ്ടിയാണ് കുട്ടീ ഞാൻ ഇങ്ങനെ ഇംപോസിഷൻ എഴുതാൻ പറയുന്നത്?” എന്റെ പെട്ടെന്നുള്ള മറുപടി, “ടീച്ചറിനു വേണ്ടി” എന്നായിരുന്നു. എന്നും ചിട്ടതെറ്റിക്കാതെ ഇംപോസിഷൻ തന്നാൽ അങ്ങനെയല്ലേ തോന്നൂ. അതിനും കിട്ടി നല്ല സൂപ്പർ സ്ട്രോങ്ങ് അടി, ക്ലാസിനു വെളിയിലുള്ള മരത്തിന്റെ ചുവട്ടിൽ ആ പീരിയഡ് തീരും വരെ നിർത്തുകയും ചെയ്തു. ഒരു എണ്ണൂറ് കൊല്ലം മുൻപ് ജനിച്ചെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിൽ ഈ മുഗൾ സാമ്രാജ്യവും, ഒന്നാം സ്വാതന്ത്ര്യ സമരവും, ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഒന്നും പഠിക്കണ്ടായിരുന്നല്ലോ. അന്നത്തെ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ, അവർക്ക് അത്രേം കുറച്ച് ചരിത്രം പഠിച്ചാൽ മതിയായിരുന്നല്ലോ … എല്ലാം ഞാൻ ആ മരത്തിനോട് പറയുമായിരുന്നു. പക്ഷേ ആര് കേൾക്കാൻ!!!
ആ മരത്തിനോട് എനിക്ക് വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. പലപ്പോഴും ഞാൻ എന്റെ സങ്കടങ്ങളും പരാതികളും ഒക്കെ പറയുന്നത് ആ മരത്തിനോടാണ്. ഒരുപാട് അവസരങ്ങളിൽ എനിക്ക് ഇതുപോലെ അതിന്റെ ചുവട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ടല്ലോ.
പല മഹാന്മാരുടെയും ബുദ്ധി തെളിഞ്ഞത് മരച്ചുവട്ടിൽ വച്ചായിരുന്നല്ലോ. ശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ഒരു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോഴത്രേ. സർ ഐസക്ക് ന്യൂട്ടൺ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോഴാണല്ലോ അദ്ദേഹത്തിന്റെ മനസ്സിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ ‘കുരു’ പൊട്ടിമുളച്ചത്. എല്ലാ മഹാന്മാർക്കും ഒരു ദിവസം ഉണ്ടല്ലോ… എന്നെങ്കിലും എന്റെ ദിവസവും വരും, ഷുവർ, പ്രതീക്ഷയോടെ ഞാനും കാത്തിരുന്നു.
അന്ന് വൈകിട്ട് എന്നെ കൂട്ടികൊണ്ട് പോകാൻ വന്ന അച്ഛനോടും ടീച്ചർ എന്റെ കണ്ടുപിടുത്തത്തെപ്പറ്റി പറഞ്ഞു. അന്ന് അച്ഛന്റെ കൈയ്യിൽ നിന്നും കിട്ടി സമ്മാനം. പക്ഷേ, ടീച്ചറിനെ പോലെയല്ല, അച്ഛൻ അത് ശരിക്കു പറഞ്ഞു തന്നു. ഞാൻ മനഃപൂർവ്വം കുറുമ്പൊപ്പിച്ചതെന്നു കരുതിയാവണം ടീച്ചർ അതു പറഞ്ഞു തരാതിരുന്നത്, അല്ലാതെ ദേഷ്യം കൊണ്ടാവില്ല. പരീക്ഷക്ക് വേണ്ടത് ഒഴികെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാമെന്ന ഒരു കോംപ്ലിമെന്റും, പരീക്ഷക്ക് വേണ്ടതൊന്നും അറിയില്ലെന്നുള്ള ഒരു ‘ഇൻസൾട്ടും’ ഒരേസമയം എനിക്ക് അന്ന് കിട്ടി. എങ്ങനെ നടന്നാലും പരീക്ഷക്ക് അവസാനം മാർക്ക് ഒപ്പിക്കും എന്ന ഒരു കമന്റും കിട്ടി.
എങ്കിലും എല്ലാ ദിവസവും ഞാൻ ഉറക്കമുണർന്നത് ടീച്ചറിന്റെ അടിയെക്കുറിച്ചുള്ള പേടിയോടെയായിരുന്നു, പലപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരുന്നതും……. ‘ഇതിനൊരു പരിഹാരമില്ലേ’… ഞാൻ ദൈവത്തോടും, പിന്നെ എന്റെ പ്രിയപ്പെട്ട മരത്തിനോടും വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു.
ഓണപ്പരീക്ഷ വന്നെത്തി. സാമൂഹ്യപാഠം പരീക്ഷ… ചോദ്യം മൂന്ന്… പൂരിപ്പിക്കുക…. ഭഗവാൻ ശ്രീബുദ്ധന്റെ ഒരു ടീച്ചിംഗ് ആയിരുന്നു ചോദ്യം…
“__________________ ആണ് സകല ദുഃഖങ്ങൾക്കും കാരണം…”
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം” ഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നു. അതെ, അറിയാവുന്നത് എഴുതുക….അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ…. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല…. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി…. “….തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം…” ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം …ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി…. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി….
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം” ഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നു. അതെ, അറിയാവുന്നത് എഴുതുക….അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ…. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല…. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി…. “….തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം…” ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം …ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി…. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി….
ഓണം അവധി അവസാനിച്ചു. പരീക്ഷയുടെ മാർക്ക് വരുന്ന ദിവസങ്ങൾ… ഹേമാംബികടീച്ചറിന്റെ ക്ലാസ്…. എനിക്ക് തെറ്റില്ലാത്ത മാർക്ക് കിട്ടിയത് കൊണ്ട് അന്ന് ആശ്വാസമായിരുന്നു. ഞാൻ എപ്പോഴും കരുതുന്ന പോലെ, അശ്വാസം അൽപ്പായുസ്സാണ്. സാമൂഹ്യപാഠം പഠിപ്പിക്കുന്ന വിലാസിനി ടീച്ചർ ക്ലാസിനു വെളിയിൽ നിന്ന് ഹേമാംബികടീച്ചറിനെ അടുത്തേക്ക് വിളിച്ചു…. ഒരു കടലാസ് കാണിച്ച് എന്തൊക്കെയോ പറയുന്നു. പെട്ടെന്ന് അവരുടെ നോട്ടം എന്റെ നേർക്കായി…. എന്റെ ആശ്വാസമൊക്കെ എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു…. ടീച്ചർ എന്നെ ഒരു ഗർജ്ജത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു ചൂരൽ പോലത്തെ ആ ശരീരത്തിൽ നിന്ന് ഇത്ര ശക്തമായ ശബ്ദമോ… “എന്താ ഈ എഴുതി വച്ചിരിക്കുന്നത്?” ആ കടലാസ് കാണിച്ചുകൊണ്ട് ചോദിച്ചു…. അപ്പോഴാണ്, അത് സാമൂഹ്യപാഠം ഉത്തരക്കടലാസാണെന്ന് എനിക്ക് മനസ്സിലായത്…. ടീച്ചറിന്റെ നഖം കൂർപ്പിച്ച നീണ്ട ചൂണ്ടുവിരൽ ചെന്നു കുത്തിയ ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ…. എനിക്ക് ഉത്തരം ഓർമ്മ വന്നു….. “ആഗ്രഹം ആണ് സകല ദുഃഖങ്ങൾക്കും കാരണം” ഗൌതമ ബുദ്ധന്റെ ഉപദേശം…… എന്തു ചെയ്യാം….മഹാന്മാരൊക്കെ ഇങ്ങനെ തന്നെ, സമയത്ത് ഓർമ്മ വരില്ല…. കർണ്ണൻ പോലും, എല്ലാം അറിയാമായിരുന്നുട്ടും ആവശ്യത്തിന് മറന്നു പോകുന്ന പ്രശ്നമുള്ള ആളായിരുന്നല്ലോ…. “എന്താ ഇത്?” ടീച്ചറിന്റെ ഗർജ്ജനം വീണ്ടും….അപ്പോഴാണ് ഞാൻ വീണ്ടും ഉത്തരക്കടലാസിലേക്ക് നോക്കിയത്….എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ പറ്റിയില്ല….. ഞാൻ നിഷ്കളങ്കമായി ഉത്തരം എഴുതിയിരിക്കുന്നു….”ഹേമാംബിക ടീച്ചർ അണ് സകല ദുഃഖങ്ങൾക്കും കാരണം”. ടീച്ചറിന്റെ ചൂരൽ എന്റെ തുടയിൽ പതിഞ്ഞത് പെട്ടെന്നായിരുന്നു. അന്ന് മൂന്ന് അടിയിൽ നിർത്തി… അതെ, മഹാന്മാർക്ക് എല്ലാം മൂന്നാണല്ലോ കണക്ക്…. വാമനൻ ചോദിച്ചത് മൂന്നടി മണ്ണല്ലേ…. ടീച്ചർ കൈ ഉയർത്തി വിരൽ ചൂണ്ടിയതും, ബാക്കി കേൾക്കാൻ നില്ക്കാതെ ഞാൻ എന്റെ പതിവു മരച്ചുവട്ടിൽ എത്തിയിരുന്നു…..
കണ്ണുകളടച്ച് ആ മരത്തോട് ദയനീയമായി യാചിച്ചു….. “എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”… പെട്ടെന്ന്, അതൊരു പ്ലാവാണല്ലോ എന്ന ബോധോദയം ഉണ്ടായി ഞെട്ടിയതും, എന്റെ തോളിൽ ഒരു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു… എന്റെ തോളിൽ കൈ വച്ചുകൊണ്ട് എന്തോ പറയാൻ ഭാവിച്ച ഹേമാംബികടീച്ചറുടെ ആ വലിയ കണ്ണടക്കിടയിലൂടെ, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു….