Saturday, October 31, 2009
പ്രിയദര്‍ശിനിയുടെ വേര്‍പാട് : The Killing of Mother India ...
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകള്‍. അന്ന്, അച്ഛന്‍റെ കൈ പിടിച്ചു സ്കുളില്‍ പോയിരുന്നപ്പോള്‍, തെരഞ്ഞെടുപ്പിന്‍റെ സമയമായിരുന്നു. എല്ലായിടത്തും തെരഞ്ഞെടുപ്പിന്‍റെ പോസ്റ്ററുകള്‍. എന്‍റെ ഓര്‍മ്മയില്‍, അന്നാണ് ആദ്യമായി ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മുഖം കാണുന്നത്. ഞാന്‍ അന്ന് പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്നു. നീണ്ട മുക്കുള്ള, നല്ല സ്റ്റൈല്‍ ആയി മുടി വെട്ടിയൊതുക്കിയ ഒരു അമ്മുമ്മയെ കണ്ടത് ആദ്യമൊക്കെ കൌതുകത്തോടെ മാത്രമായിരുന്നു. അന്നൊക്കെ മുടി ബോബ് ചെയ്യന്നത് വളരെയൊന്നും പ്രചാരത്തിലുണ്ടയിരുന്നുല്ലല്ലോ. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ രസകരമായിരുന്നു. മുടിയില്ലാത്ത മുത്തശി എന്ന് വരെ ആവേശത്തോടെ വിളികള്‍ ഉണ്ടായിരുന്നു. സ്കുള്‍ കുട്ടിയായിരുന്നതുകൊണ്ട് അത്രയൊക്കെയേ അറിയാന്‍ അവസരവും താത്പര്യവും ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു, 1984- ല്‍, ഇന്ദിരാ ഗാന്ധിയുടെ വേര്‍പാട്. ഒക്ടോബര്‍ 31, എന്‍റെ സ്കുള്‍ എന്തോ കാരണത്താല്‍ അന്ന് അവധിയായിരുന്നു. ഏതാണ്ട് പതിനൊന്നു മണിയോടെ, പെട്ടെന്ന് വീട്ടിനു മുന്നിലുള്ള റോഡില്‍ വലിയ ആള്‍ക്കുട്ടം. സ്ത്രികളായിരുന്നു അധികവും. ഒരു അവ്യക്തതയോടെ, ഇന്ദിരാഗാന്ധി മരിച്ചു എന്ന് പറഞ്ഞു കരഞ്ഞും, തേങ്ങിയും, നിലവിളിച്ചും ഒക്കെ സ്ത്രീകള്‍. അച്ഛനും അമ്മയും ഉച്ച കഴിഞ്ഞു ഓഫീസ്സില്‍ നിന്നും എത്തിയപ്പോഴാണ് സംഗതിയുടെ ഗൌരവം മനസിലായത്. ഒരു രാജ്യം മുഴുവന്‍ തേങ്ങുന്നതു, ചെറിയ കുട്ടിയായിരുന്നിട്ടും, ഞാന്‍ മനസ്സിലാക്കി.
പിന്നീട്, പത്രങ്ങളിലെയും, മാസികകളിലെയും പ്രത്യേക പതിപ്പുകള്‍ ഇന്ദിര ഗാന്ധിയെ കുറിച്ച് കുടുതല്‍ അറിയാന്‍ സഹായിച്ചു. ഒരുപാടൊരുപാട് കാര്യങ്ങള്‍, വിമര്‍ശനവും, അനുസ്മരണവും, ഒക്കെ..... ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള ലേഖനങ്ങളും, ചിത്രങ്ങളും ഒക്കെ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി.
അങ്ങനെ, ഇന്ദിര ഗാന്ധി, ഇന്ദിര പ്രിയദര്‍ശിനിയായും, ചാച്ചാ നെഹ്‌റുവിന്‍റെ പുത്രിയായും, ഭാരതത്തിന്‍റെ കരുത്തുറ്റ നേതാവായും, സ്നേഹസ്വരൂപിണിയായ അമ്മയായിട്ടും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്ന്. ആ പ്രതിരുപങ്ങള്‍ക്ക് ഇന്നും എന്‍റെ മനസ്സില്‍ അതേ വ്യക്തതയും തേജസും ഉണ്ട്. കൌതുകകരമായ രണ്ടു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ,
ഒന്ന്, ഇന്ദിര ഗാന്ധിയുടെ വായനാശീലം. എത്ര തിരക്ക് പിടിച്ച ദിവസമായാലും, യാത്രാ പരിപാടിയായാലും, വായന മുടക്കാരില്ലായിരുന്നത്രേ. ഇന്ദിര ഗാന്ധിയുടെ വായന ഒരു കല തന്നെയായിരുന്നു. ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം, ഏറ്റവും പുതിയ ഒരു പുസ്തകം വായിക്കുക അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഊണു കഴിഞ്ഞുള്ള കുറച്ചു സമയത്തില്‍ പുസ്തകത്തിന്‍റെ ഒരുപാട് താളുകള്‍ വായിച്ചു അതിന്റെ രത്നച്ചുരുക്കം രേഖപ്പെടുത്തുമായിരുന്നു. അത്ര വേഗതയിലായിരുന്നു വായനയും. ( കൊച്ചു പ്രായത്തില്‍ അക്ഷരങ്ങള്‍ കുട്ടി വാക്കുകളും, വാക്കുകള്‍ വായിച്ചു ഖണ്ടികകളും, പിന്നിട് ഒറ്റ നിരീക്ഷണത്തില്‍ താളുകളും വായിക്കുന്നവര്‍ നമുക്കിടയിലും ഉണ്ട്. കൃത്യമായ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാകുന്നത്.) വലിയ വലിയ പുസ്തകങ്ങള്‍ ഇതുപോലെ വായിച്ചു തീര്‍ത്തിട്ടുണ്ടത്രേ. വായന എത്രമാത്രം പ്രാധന്യമുള്ളതാനെന്നു ഇതില്‍ നിന്നൊക്കെയാണ് മനസ്സിലാക്കിയത്.
പിന്നൊന്ന് , ഇന്ദിര ഗാന്ധിയുടെ വേര്‍പാട്, മകന്‍ രാജീവ് അറിഞ്ഞത് ബി ബി സി റേഡിയോയിലൂടെ ആണത്രേ. കല്‍കട്ടയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍, വീട്ടില്‍ ഒരു അത്യാഹിതം ഉണ്ടായി, ഉടനെ വരണം എന്ന അറിയിപ്പ് മാത്രമാണ് കൊടുത്തത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യം ഇല്ലായിരുന്ന ആ കാലത്ത്, ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ബി ബി സി വാര്‍ത്തയില്‍ നിന്നായിരുന്നു. ലോകം വിങ്ങിയ ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടതും ബി ബി സി തന്നെ. ഇന്ദിര ഗാന്ധിയുടെ വധത്തെ ബി ബി സി വിശേഷിപ്പിച്ചത്, The Killing of Mother India എന്നായിരുന്നു.
ആ വാര്‍ത്താപ്രക്ഷേപണം ഒന്നുകുടി കേള്‍ക്കാം. BBC News 31.10.1984
Indira | Online recorder
download this audio clip from here :
ആശ്ചര്യത്തോടെയാണ് ഓര്‍മ്മിച്ചത്, പ്രിയദര്‍ശിനി ഇല്ലാത്ത കാല്‍ നുറ്റാണ്ട് നാം പിന്നിട്ടിരിക്കുന്നു. ഇന്ദിരാപ്രിയദര്‍ശിനി വിഭാവന ചെയ്ത വഴികളിലുടെ, അവര്‍ സമ്മാനിച്ച ധീരവും വിപ്ലവകരവുമായ പദ്ധതികളിളുടെ, ഇപ്പോഴും ആ അദൃശ്യസാന്നിധ്യത്തിന്‍റെ കരുത്തില്‍ നാം കുതിച്ചുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശിനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തൊന്നൂറ്റിരണ്ട് വയസ്സ് ഉണ്ടായിരുന്നേനെ. പക്ഷെ, ഉര്‍ജ്ജസ്വലമായ ആ വ്യക്തിപ്രഭാവം, എന്നും ചുറുചുറുക്കോടെ മാത്രമേ നമ്മുടെ മനസ്സില്‍ വരുകയുള്ളു.
ഇന്ദിര പ്രിയദര്‍ശിനിയെ കുറിച്ച് പറയാന്‍ ഒരുപാടൊരുപാട് രസകരമായ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ വേറെ ഒരവസരത്തില്‍ ആകാം.
എല്ലാപേര്‍ക്കും നന്ദി.
------------------------------------------
"I am not interested in a long life. I am not afraid of these things. I don't mind if my life goes in the service of this nation. If I die today, every drop of my blood will invigorate the nation" Indira Gandhi's last speech, Bhubaneswar, India (October 30, 1984), one day before her assassination.
------------------------------------------
ഈ പോസ്റ്റിലെ വിവരങ്ങള്‍ പറഞ്ഞുതന്ന എന്‍റെ സ്നേഹിതന്‍ ടി. എന്‍. മുഹമ്മദ് ഷെഫീക്കിന് പ്രത്യേകം നന്ദി.
Thursday, October 15, 2009
സ്വപ്ന സിംഹാസനം
കുഞ്ഞു നാള്‍ മുതല്‍ കണ്ടു തുടങ്ങിയതാണ് ഞാന്‍ അച്ഛന്‍റെ ചാരുകസേര. വായനക്കായി അച്ഛന്‍ എപ്പോഴും ഉപയോഗിച്ചിരുന്നത് ഈ ചാരുകസേരയാണ്. അത്ര ആഡ്യത്വമൊന്നും കാഴ്ചയില്‍ അതിനില്ലായിരുന്നു. ഒരു സാധാരണ ചാരുകസേര. അതിനു കൈത്താങ്ങുപോലുമില്ല, ചൂരല് വരിഞ്ഞതുമല്ല. തികച്ചും സാധാരണമായ ഒരു കീറ് തുണിയാണ് ഇരിപ്പിടം. മുന്‍പൊക്കെ തുണിക്കടയില്‍ തുണി ചുറ്റി വന്നിരുന്ന രണ്ടു കമ്പുകളാണ് അതിന്‍റെ താങ്ങുകള്‍. എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഇന്ന് വരെയും അതിനു ഒരേ നിറം തന്നെയാണ്. ഒരിക്കല്‍ പോലും അത് ചായം പൂശി മിനുക്കിയിട്ടില്ല. എങ്കിലും, ഞാനെന്നും ആ ചാരുകസേരയെ ബഹുമാനത്തോടെ നോക്കി. കുഞ്ഞുനാളില്‍, അച്ഛന്‍ വിട്ടിലില്ലാതപ്പോഴോക്കെ ഞാനോടിചെന്നു അതില്‍ ചാടിക്കയറി കിടക്കുമായിരുന്നു. പേടി കൊണ്ടല്ല, ആ ചാരു കസേരയോട് എനിക്ക് ഒരു പ്രതേക ബഹുമാനമായിരുന്നു. വലിയ കുഴിവോന്നും അതിനില്ല; നീണ്ടു നിവര്‍ന്നുതന്നെ ഇരിക്കാം. മുന്‍പിലൊരു സ്റ്റുള്‍ ഇട്ടു, അതില്‍ കാല്‍ കയറ്റി വച്ച്, ഞാനും വായന അഭിനയിച്ചു; ഉച്ചക്ക് 12.30 നുള്ള പ്രാദേശിക വാര്‍ത്തകള്‍ രാമചന്ദ്രന്‍റെ ശബ്ദത്തില്‍ സഗൌരവം കേള്‍ക്കുന്നതും, തലയ്ക്കു പിന്നില്‍ കൈകള്‍ വച്ച് കണ്ണുകളടച്ചു വിശ്രമിക്കുന്നതും ഒക്കെ വീണ്ടും വീണ്ടും അഭിനയിച്ചു ആസ്വദിച്ചു.
അന്ന് മുതല്‍ക്കേ ഉള്ള വലിയൊരു ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ സ്വന്തമായി ഒരു ചാരുകസേര; അതിനു കൈത്താങ്ങും വേണം. അതിലുരുന്ന് ഒരുപാട് വലിയ വലിയ കാര്യങ്ങള്‍ വായിച്ചു കൂട്ടണം, ഗംഭീരമായി ചിന്തിക്കണം, പിന്നെ ഒരുപാട് എഴുതണം..... എന്തിനും ഏതിനും ഒരു മുടന്തന്‍ ന്യായം കണ്ടെത്തുന്ന ശീലം, ഓര്‍മ്മ വച്ച നാള്‍ മുതല്‍ എനിക്ക് ഓര്‍മ്മയുണ്ട്. ചാരുകസേര ഇല്ലാത്തതാണത്രേ വായന ഗൌരവകരമാക്കാത്തതിനും ചിന്ത വളരാത്തതിനും കാരണം - ഓരോ കാരണങ്ങളേ!!!! ദോഷം പറയരുതല്ലോ, എന്തായാലും ഇക്കാലത്തിനിടയില്‍ ഞാന്‍ കുറച്ചൊക്കെ വായിച്ചുകൂട്ടി. പുരാണം മുതല്‍ പൈങ്കിളി വരെ, തത്വശാസ്ത്രം മുതല്‍ കാമശാസ്ത്രം വരെ! കോട്ടയം പുഷ്പനാഥും ബാറ്റന്‍ ബോസും, പമ്മനും, ശോഭാടെയും വെളുര്‍ കൃഷ്ണന്‍ കുട്ടിയും ഒക്കെ ഒരുകാലത്ത് എന്‍റെ ആവേശമായിരുന്നു. മാധവിക്കുട്ടിയും, ചങ്ങമ്പുഴയും, ഖലില്‍ ജിബ്രാനും, മനുവും, തിരുവള്ളുവരും, സ്വാമി രാമയും* ടാഗോറും, ജിദ്ദു കൃഷ്ണമൂര്‍ത്തിയും പിന്നെ മഹാനായ ഓഷോയും എന്‍റെ ഇരകളായിരുന്നു. പക്ഷെ ചേമ്പിലയിലെ മഴത്തുള്ളിയുടെ ഗതികേടായിരുന്നു എന്‍റെ വായനക്ക്; അധിക കാലമൊന്നും അവ മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. അല്ല, ഗതികേടല്ല, ചേമ്പിലയിലെ വെള്ളം പോലെ അത് നിലത്തു വീണു ഒഴുകിയൊഴുകി, വളരെ ചെറുതായെങ്കിലും അത് പലരുമായും പങ്കുവച്ചു - കളിയായും കാര്യമായും. ഞാനങ്ങനെയാണ്, എനിക്ക് ഗൌരവക്കാരനാകാന്‍ പറ്റില്ല. പല തവണ ഗൌരവം അഭിനയിച്ചു നോക്കിയെങ്കിലും ചിരി വന്നു. ഹോ, എന്‍റെ ഒരു കാര്യം! ഇതാണ് ഞാന്‍ പറഞ്ഞത്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ലെന്ന്. ഒരു പാവം ചാരുകസേരയെപ്പറ്റി പറഞ്ഞു വന്നത് ചെന്നെത്തിയത് ചേമ്പിലയില്‍ !!!!
എനിക്കും ഒരു ചാരുകസേര എന്ന എന്‍റെ മോഹം വളരെ നാള്‍ മനസ്സില്‍ കൊണ്ട് നടന്നു. പിന്നെ, കുറെ നാള്‍ മുന്‍പെപ്പോഴോ മറ്റെന്തൊക്കെയോ കൈമോശം വന്നകൂട്ടത്തില്‍ വായിക്കാനും, എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള ആഗ്രഹങ്ങളും എന്‍റെ മനസ്സിന്‍റെ കൂട്ടില്‍ നിന്നും പറന്നു പോയി. ചരട് പൊട്ടിയ പട്ടം പോലെ, ഒരുതുണ്ട് മേഘം പോലെ, മനസ്സ് എവിടൊക്കെയോ അലഞ്ഞു. ഓ, പിന്നെയും ചേമ്പില - പറഞ്ഞു വന്നതെന്തോ, പറയുന്നതെന്തോ.
ഗൌരവമായി വായിക്കാനും എഴുതനുമോക്കെയണല്ലോ ചാര് കസേര വേണമെന്ന് ആഗ്രഹിച്ചത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ ആ മനസ്സ് തിരിച്ചുകിട്ടിയ പോലെ, ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ എന്‍റെ ചെവിക്കു പിടിച്ചു. ദൈവം ആദ്യം ദുതായും, പിന്നെ സ്വന്തം പ്രതിരൂപമായും എനിക്ക് അനുഭവേദ്യമായി. കൂടുതല്‍ പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് എല്ലാപേരും അറിയും. വേണ്ട, ഇത് ഞാനും എന്‍റെ മാത്രം ദൈവവും തമ്മിലുള്ള സ്വകാര്യം.
ഏതായാലും വായിക്കാനും എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള മോഹങ്ങല്‍ക്കൊപ്പം ചാരുകസേരയും പൊടിതട്ടി ചിരിതുകി. അങ്ങനെ, ഇന്നലെ ഞാനും ഒരു ചാരുകസേര വാങ്ങി; കയ്യുള്ളത് തന്നെ. ഒരുപാട് സ്വപ്നം കണ്ടു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ - വായിക്കുന്നതും എഴുതുന്നതും ഒക്കെ. പ്രചോദനം ദൈവം നേരിട്ടാണേ... ചാരുകസേര, വീട്ടിലെത്തിയപ്പോള്‍ നഗ്നനായിരുന്നു, എന്നെപ്പോലെ. അതിലൊന്ന് ഇരിക്കാന്‍ തിടുക്കമായി. ഇന്ന് വൈകിട്ട് ഓഫിസില്‍ നിന്ന് വന്നപ്പോള്‍ നല്ല ഒരു തുണിയും വാങ്ങി. വന്നയുടനെതന്നെ അത് ഫിറ്റ് ചെയ്തു. തൃപ്തിയായില്ല; വീണ്ടും വീണ്ടും അഴിച്ചു ഉറപ്പിച്ചു. ഒടുവില്‍, കുളിച്ചു കുട്ടപ്പനായി വന്ന്, വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം എനിക്ക് കിട്ടിയ സിംഹാസനത്തില്‍ അമര്‍ന്നിരുന്നു. അപ്പോഴല്ലേ, മനസ്സിലെ കുരങ്ങന്‍ കുരുത്തകെട്ടവന്‍ ആയത്. ഈ ഇരിക്കുന്ന ഞാന്‍, അച്ഛനില്ലാത്ത തക്കം നോക്കി ഓടിവന്ന് ചാടിക്കയറുന്ന ആ പഴയ മുന്നു വയസ്സുകാരന്‍ കുഞ്ഞാണോ, ചാരിക്കിടന്ന് ക്രിക്കറ്റ് കാണുന്ന 15 വയസ്സുകാരന്‍ പയ്യനാണോ, കാര്യമായി വായിക്കുന്ന, എഴുതുന്ന, ചിന്തിക്കുന്ന, എന്‍റെ മനോരാജ്യത്തിലെ ഗോപനാണോ എന്നൊക്കെ സംശയിച്ചു. പിന്നെ, ഇടക്ക്, ഒരു വയസ്സനാണോ എന്നുപോലും സംശയിച്ചു, അച്ഛന്‍റെ ചാരുകസേരയില്‍ ഇല്ലാതിരുന്ന കൈത്താങ്ങ് എന്‍റെ കസേരയിലുള്ളതിന്‍റെ വ്യത്യാസം തന്നെ. ചിന്തിച്ചിട്ട് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. മനസ്സ് ഒരു കുരുത്തംകെട്ട കുരങ്ങന്‍ തന്നെ, ഷുവര്‍.... അത് കൊണ്ട് ഇന്നിനി ചിന്തിച്ചു വിഷമിക്കുന്നില്ല. രാത്രി ഒരുപാട് നേരമായി. നാളെ രാവിലെ നേരത്തെ ഓഫിസില്‍ പോകണമേ, ഒരുപാട് ജോലിയുണ്ട് . എന്തിനും ഏതിനും എപ്പോഴും എനിക്ക് പറയാന്‍ ഒരു കാരണമുണ്ടാവുമല്ലോ. ഹി ഹി ഹി....... പക്ഷെ, എനിക്ക് പിടി കിട്ടാത്ത കാര്യം, ഞാന്‍ ആ ചാരുകസേരയില്‍ ഇരുന്നപ്പോള്‍ തോന്നിയ വികാരം, അത് എന്നെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരിക്കും.
===================================
അക്ഷരതെറ്റുകള്‍ പൊറുക്കണം
* സ്വാമി രാമ : Living With Himalayan Masters എന്ന പുസ്തകമെഴുതിയ മഹാന്‍.
Subscribe to:
Posts (Atom)