Thursday, November 19, 2009

പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....


പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....



         പ്രിയദര്‍ശിനിയുടെ വേര്‍പാടിന്റെ   കാൽ  നൂറ്റാണ്ട് പിന്നിട്ട കഴിഞ്ഞ മാസം ഞാന്‍ ഒരു പോസ്റ് ശ്രമിച്ചിരുന്നു. അതിന് കിട്ടിയ അഭിപ്രായങ്ങളിൽ, ഇന്ദിര ഗാന്ധിയെ കുറിച്ചു കൌതുകകരങ്ങളായ കാര്യങ്ങൾ, അവരുടെ പിറന്നാൾ ദിനത്തിൽ ഒരു പോസ്റ്റിലൂടെ പങ്കു വയ്ക്കാന്‍ , ബ്ലോഗിൽ ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന  കിലുക്കാംപെട്ടി  നിര്‍ദ്ദേശിച്ചിരുന്നുഅതിനുള്ള ഒരു ശ്രമം ആണ് പോസ്റ്.


പ്രക്ഷുബ്ദതയുടെയും  വിപ്ലവത്തിന്റെയും വിജയത്തിന്റെയും റഷ്യന്‍  വിപ്ലവം നടന്ന മാസത്തിലായിരുന്നു (1917 നവംബര്‍ 19) പ്രിയദര്‍ശിനിയുടെ ജനനംഅതു പോലെ തന്നെ, പ്രക്ഷുബ്ദതയുടെയും വിപ്ലവത്തിന്റെയും വിജയത്തിന്റെയും   മാറിമറിചിലുകൾ ആയിരുന്നു അവരുടെ ജീവിതകാലം മുഴുവനും. വീട് നിറയെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു അവരുടെ കുഞ്ഞുകാലം. പല തരത്തിലുള്ള പാവകളായിരുന്നു പ്രധാന കൂട്ടുകാർ. ഈ പാവകളെ വച്ച് യുദ്ധങ്ങളും, സമരങ്ങളും ഒക്കെ കളിച്ച് രസിക്കുമായിരുന്നത്രേ കൊച്ച് ഇന്ദു. ഭാരതതിന്റെ സ്വാതന്ത്ര്യസമരം ആയിരുന്നു പ്രധാന ഇനം. ഈ കൌതുകം ആണത്രേ പിന്നീട് കുട്ടികളെ സംഘടിപ്പിച്ച്, സ്വാതന്ത്ര്യസമരസേനാനികളെ സഹായിക്കാനായി ‘വാനരസേന’ ഉണ്ടാക്കാൻ പ്രചോദനമായതു. ആ സംഘടനയ്ക്ക്, തമാശരൂപത്തിൽ ‘വാനരസേന’ എന്ന് തന്റെ മാതാവ് പേരു നല്കിയത് ഇന്ദുവിനെ നിരാശയാക്കിയില്ല. സീതാദേവിയെ മോചിപ്പിക്കാൻ ശ്രീരാമനെ സഹായിച്ച വാനരസേനയെപ്പോലെ, ഭാരതത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പൊരുതുന്ന സേനാനികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തന്നെ ഈ കുട്ടിസംഘം തീരുമാനിച്ചു.
പ്രിയദർശിനിയുടെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങൾ നോക്കാം.
സ്വദേശി പ്രസ്ഥാനത്തിന്റെ സമയത്ത് ഒരിക്കൽ കൊച്ച് ഇന്ദു തന്റെ പ്രിയപ്പെട്ട പാവയെ കത്തിച്ച് കളഞ്ഞു, കാരണം അത് വിദേശനിർമ്മിതമായിരുന്നത്രേ. അത് ചെയ്യുന്നതിനു മുൻപ് അവൾ വളരെ അസ്വസ്തയായി പനി പോലും പിടിച്ചത്രേ. ഫ്രഞ്ച് നിർമ്മിതമായതിനാൽ ഒരിക്കൽ ഒരു നല്ല ഫ്രോക്ക് ഉപേക്ഷിക്കുകയും ചെയ്തു.
ജോൻ ഒഫ് ആർക്ക് ആയിരുന്നു ഇന്ദുവിന്റെ പ്രിയ ഹീറോ. ഒരിക്കൽ ക്ളാസ്സിൽ  ഭാവിയിൽ ആരാകണം എന്ന അദ്ധ്യാപികയുടെ ചോദ്യത്തിനു ജോൻ ഒഫ് ആർക്ക് ആകണം എന്നായിരുന്നു ഇന്ദുവിന്റെ മറുപടി. ഡോക്ടറോ എൻ ജിനിയറോ ആകണമെന്ന് പറയുമെന്ന് പ്രതീക്ഷിച്ച അദ്ധ്യാപിക അമ്പരന്നു പോയത്രേ.
1930 ലാണു ആദ്യമായി ഇന്ദിര ഫിറോസിനെ കാണുന്നതു. അലഹബാദിൽ, ബ്രിട്ടിഷ്കാർ നടത്തുന്ന ഒരു കോളേജ് പിക്കറ്റ് ചെയ്ത മഹിള കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇന്ദിരയും മാതാവ് കമലയും ഉണ്ടായിരുന്നു. വെയിലത്ത് കുഴഞ്ഞു വീണ കമലയെ താങ്ങിയെഴുന്നേല്പ്പിച്ച് വീട്ടിലെത്തിച്ചത് അന്ന് 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഫിറോസ് ആയിരുന്നു. അന്നു തുടങ്ങിയ പരിചയം പിന്നീട് അടുപ്പവും പ്രണയവും ആയിത്തീരുകയായിരുന്നു.
1944 ആഗസ്റ്റ് 20 നു പിറന്ന ആദ്യകുഞ്ഞിന്റെ മുഴുവൻ പേർ, “രാജീവരത്ന ബിർജീസ് നെഹ്രു ഗാന്ധി” എന്നായിരുന്നത്രേ. നവംബർ മാസം വരെ പേരു സ്ഥിരീകരിക്കാത്തതിനാൽ ജവഹർലാൽ നെഹ്രു അന്ത്യശാസനം നല്കിയത്രേ “ ഒന്നുകിൽ ഒരു പേരു സ്ഥിരപ്പെടുത്തുക, അല്ലെങ്കിൽ ഈ കുഞ്ഞിനെ പേരില്ലാത്തവൻ എന്നോ അനേകം പേരുള്ളവൻ എന്നോ ഞാൻ വിളിക്കും”. ഭീഷണി ഫലിച്ചു, അങ്ങനെ രാജീവ് ഗാന്ധി ജന്മമെടുത്തു.
തന്റെ വിശ്വസ്തനായിരുന്ന നട് വർ സിങ്ങ് ഒരിക്കൽ രാഷ്ടീയം ഗൌരവമായി കണ്ട് ഗോദയിലിറങ്ങുവാൻ തീരുമാനിച്ച കാര്യം പറയുകയായിരുന്നു. “രാഷ്ട്രീയത്തിന് പറ്റിയ വേഷം തന്നെ വേണം, ഒരു ഖാദി കുർത്ത, പൈജാമ, നെഹ്രു ജാക്കറ്റ്....” ഇന്ദിര കൂട്ടിച്ചേർത്തു “..... നല്ല കട്ടിയുള്ള തൊലിയും കൂടിയായാൽ ഭേഷായി....”


സിം ലാ കരാറിന്റെ സമയത്ത്, പാകിസ്ഥാൻ പ്രധാനമന്ത്രി സുൽ_ഫിക്കർ അലി ഭൂട്ടോക്കും മകൾക്കുമുള്ള താമസസൌകര്യം ഒരുക്കിയപ്പോൾ അതിനു ഇന്ദിര നേരിട്ട് മേൽനോട്ടം വഹിച്ചു. ആ മുറിയിൽ വച്ചിരുന്ന തന്റെ ചിത്രം എടുത്തു മാറ്റാൻ നിർദ്ദേശിച്ചു കൊണ്ട് അവർ ഫലിതരൂപേണ പറഞ്ഞു, “ഈ ചിത്രം ഇവിടെ വേണ്ട, അദ്ദേഹം (ഭൂട്ടോ) എന്റെ ജാഗ്രതയുള്ള കണ്മുന്നിൽ നിന്ന് വിഷമിക്കണ്ട”.
1970 കളുടെ ആദ്യത്തിൽ ഇന്ദിരഗാന്ധിയെ ഭാരതത്തിന്റെ മന്ത്രിസഭയിലെ “പൌരുഷമുള്ള ഒരേയൊരംഗം” എന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മന്ത്രിസഭയിൽ പ്രമുഖരായ പല തലമുതിർന്ന  നേതാക്കളും ഉണ്ടായിരുന്നപ്പോഴാണു ഇതെന്ന് കാണുക.
ബംഗ്ളാദേശ് യുദ്ധത്തിൽ വിജയിച്ച് പാർലമെണ്ടിൽ വന്ന ഇന്ദിരയെ അദൽ ബിഹാരി വാജ്പയി പോലും വിശേഷിപ്പിച്ചത് ദുർഗ്ഗാ ദേവിയെന്നായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബരേലി മണ്ഡലത്തിൽ ഇന്ദിര പരാജയപ്പെട്ടത് 55,200 വോട്ടുകൾക്കായിരുന്നു. എന്നാൽ, 1978 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചിക്കമംഗളൂരിൻ നിന്ന് 70,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇന്ദിര വൻ തിരിച്ച് വരവ് നടത്തി.
തന്റെ മേക്കപ്പിലും, സാരി, മുടി തുടങ്ങിയവയിലും ഒക്കെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു ഇന്ദിര.  തന്റെ അവസാനത്തെ ദിവസം ബ്രിട്ടീഷ് സംവിധായകനായ പീറ്റർ ഉസ്തിനോവിനുള്ള അഭിമുഖത്തിനായി പോകുമ്പോൾ, തന്റെ സാരിയും ഹെയർ സ്റ്റൈലും ചേരുന്നുണ്ടോയെന്ന് സഹായികളോട് ചോദിച്ചതാകാമത്രെ അവരുടെ അവസാന വാക്കുകൾ.


(ഇന്ദിര ഗാന്ധി മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ)

അടിയന്തരാവസ്ഥകാലത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ ദേവ്കാന്ത് ബറുവയാണു പ്രസിദ്ധമായ “ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ” എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത്. ഇന്ദിരയുടെ മരണത്തിനു 13 ദിവസങ്ങൾക്ക് ശേഷം മകൻ രാജീവ് അവരുടെ ചിതാഭസ്മം, ഇന്ദിരാഗാന്ധി വളരെയേറെ സ്നേഹിച്ചിരുന്ന കാശ്മീർ കുന്നുകളിൽ വിതറി. ശരിക്കും, ഇന്ദിര ഇന്ത്യയായ നിമിഷം....... ഒരു വേദനയോടെ മാത്രമേ നമുക്ക് മനസ്സിൽ വരുകയുള്ളു.
ഇനിയും ഒരുപാട് രസകരവും കൌതുകകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ പറയാനുണ്ട്. സ്ഥലപരിമിതിമുലം തല്‍ക്കാലം നിര്‍ത്തട്ടെ. 
            ഈ പോസ്റ്റ്, ഇതിനു പ്രചോദനം നല്കിയ എന്റെ പ്രിയപ്പെട്ട   കിലുക്കാമ്പെട്ടിയ്ക്കു സമർപ്പിക്കട്ടേ... നന്ദി....