അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകള്‍. അന്ന്, അച്ഛന്‍റെ കൈ പിടിച്ചു സ്കുളില്‍ പോയിരുന്നപ്പോള്‍, തെരഞ്ഞെടുപ്പിന്‍റെ സമയമായിരുന്നു. എല്ലായിടത്തും തെരഞ്ഞെടുപ്പിന്‍റെ പോസ്റ്ററുകള്‍. എന്‍റെ ഓര്‍മ്മയില്‍, അന്നാണ് ആദ്യമായി ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മുഖം കാണുന്നത്. ഞാന്‍ അന്ന് പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്നു. നീണ്ട മുക്കുള്ള, നല്ല സ്റ്റൈല്‍ ആയി മുടി വെട്ടിയൊതുക്കിയ ഒരു അമ്മുമ്മയെ കണ്ടത് ആദ്യമൊക്കെ കൌതുകത്തോടെ മാത്രമായിരുന്നു. അന്നൊക്കെ മുടി ബോബ് ചെയ്യന്നത് വളരെയൊന്നും പ്രചാരത്തിലുണ്ടയിരുന്നുല്ലല്ലോ. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ രസകരമായിരുന്നു. മുടിയില്ലാത്ത മുത്തശി എന്ന് വരെ ആവേശത്തോടെ വിളികള്‍ ഉണ്ടായിരുന്നു. സ്കുള്‍ കുട്ടിയായിരുന്നതുകൊണ്ട് അത്രയൊക്കെയേ അറിയാന്‍ അവസരവും താത്പര്യവും ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു, 1984- ല്‍, ഇന്ദിരാ ഗാന്ധിയുടെ വേര്‍പാട്. ഒക്ടോബര്‍ 31, എന്‍റെ സ്കുള്‍ എന്തോ കാരണത്താല്‍ അന്ന് അവധിയായിരുന്നു. ഏതാണ്ട് പതിനൊന്നു മണിയോടെ, പെട്ടെന്ന് വീട്ടിനു മുന്നിലുള്ള റോഡില്‍ വലിയ ആള്‍ക്കുട്ടം. സ്ത്രികളായിരുന്നു അധികവും. ഒരു അവ്യക്തതയോടെ, ഇന്ദിരാഗാന്ധി മരിച്ചു എന്ന് പറഞ്ഞു കരഞ്ഞും, തേങ്ങിയും, നിലവിളിച്ചും ഒക്കെ സ്ത്രീകള്‍. അച്ഛനും അമ്മയും ഉച്ച കഴിഞ്ഞു ഓഫീസ്സില്‍ നിന്നും എത്തിയപ്പോഴാണ് സംഗതിയുടെ ഗൌരവം മനസിലായത്. ഒരു രാജ്യം മുഴുവന്‍ തേങ്ങുന്നതു, ചെറിയ കുട്ടിയായിരുന്നിട്ടും, ഞാന്‍ മനസ്സിലാക്കി.
പിന്നീട്, പത്രങ്ങളിലെയും, മാസികകളിലെയും പ്രത്യേക പതിപ്പുകള്‍ ഇന്ദിര ഗാന്ധിയെ കുറിച്ച് കുടുതല്‍ അറിയാന്‍ സഹായിച്ചു. ഒരുപാടൊരുപാട് കാര്യങ്ങള്‍, വിമര്‍ശനവും, അനുസ്മരണവും, ഒക്കെ..... ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള ലേഖനങ്ങളും, ചിത്രങ്ങളും ഒക്കെ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി.
അങ്ങനെ, ഇന്ദിര ഗാന്ധി, ഇന്ദിര പ്രിയദര്‍ശിനിയായും, ചാച്ചാ നെഹ്‌റുവിന്‍റെ പുത്രിയായും, ഭാരതത്തിന്‍റെ കരുത്തുറ്റ നേതാവായും, സ്നേഹസ്വരൂപിണിയായ അമ്മയായിട്ടും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്ന്. ആ പ്രതിരുപങ്ങള്‍ക്ക് ഇന്നും എന്‍റെ മനസ്സില്‍ അതേ വ്യക്തതയും തേജസും ഉണ്ട്. കൌതുകകരമായ രണ്ടു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ,
ഒന്ന്, ഇന്ദിര ഗാന്ധിയുടെ വായനാശീലം. എത്ര തിരക്ക് പിടിച്ച ദിവസമായാലും, യാത്രാ പരിപാടിയായാലും, വായന മുടക്കാരില്ലായിരുന്നത്രേ. ഇന്ദിര ഗാന്ധിയുടെ വായന ഒരു കല തന്നെയായിരുന്നു. ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം, ഏറ്റവും പുതിയ ഒരു പുസ്തകം വായിക്കുക അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഊണു കഴിഞ്ഞുള്ള കുറച്ചു സമയത്തില്‍ പുസ്തകത്തിന്‍റെ ഒരുപാട് താളുകള്‍ വായിച്ചു അതിന്റെ രത്നച്ചുരുക്കം രേഖപ്പെടുത്തുമായിരുന്നു. അത്ര വേഗതയിലായിരുന്നു വായനയും. ( കൊച്ചു പ്രായത്തില്‍ അക്ഷരങ്ങള്‍ കുട്ടി വാക്കുകളും, വാക്കുകള്‍ വായിച്ചു ഖണ്ടികകളും, പിന്നിട് ഒറ്റ നിരീക്ഷണത്തില്‍ താളുകളും വായിക്കുന്നവര്‍ നമുക്കിടയിലും ഉണ്ട്. കൃത്യമായ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാകുന്നത്.) വലിയ വലിയ പുസ്തകങ്ങള്‍ ഇതുപോലെ വായിച്ചു തീര്‍ത്തിട്ടുണ്ടത്രേ. വായന എത്രമാത്രം പ്രാധന്യമുള്ളതാനെന്നു ഇതില്‍ നിന്നൊക്കെയാണ് മനസ്സിലാക്കിയത്.
പിന്നൊന്ന് , ഇന്ദിര ഗാന്ധിയുടെ വേര്‍പാട്, മകന്‍ രാജീവ് അറിഞ്ഞത് ബി ബി സി റേഡിയോയിലൂടെ ആണത്രേ. കല്‍കട്ടയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍, വീട്ടില്‍ ഒരു അത്യാഹിതം ഉണ്ടായി, ഉടനെ വരണം എന്ന അറിയിപ്പ് മാത്രമാണ് കൊടുത്തത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യം ഇല്ലായിരുന്ന ആ കാലത്ത്, ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ബി ബി സി വാര്‍ത്തയില്‍ നിന്നായിരുന്നു. ലോകം വിങ്ങിയ ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടതും ബി ബി സി തന്നെ. ഇന്ദിര ഗാന്ധിയുടെ വധത്തെ ബി ബി സി വിശേഷിപ്പിച്ചത്,
The Killing of Mother India എന്നായിരുന്നു.
ആ വാര്‍ത്താപ്രക്ഷേപണം ഒന്നുകുടി കേള്‍ക്കാം. BBC News 31.10.1984
Indira | Online recorderdownload this audio clip from here :
ആശ്ചര്യത്തോടെയാണ് ഓര്‍മ്മിച്ചത്, പ്രിയദര്‍ശിനി ഇല്ലാത്ത കാല്‍ നുറ്റാണ്ട് നാം പിന്നിട്ടിരിക്കുന്നു. ഇന്ദിരാപ്രിയദര്‍ശിനി വിഭാവന ചെയ്ത വഴികളിലുടെ, അവര്‍ സമ്മാനിച്ച ധീരവും വിപ്ലവകരവുമായ പദ്ധതികളിളുടെ, ഇപ്പോഴും ആ അദൃശ്യസാന്നിധ്യത്തിന്‍റെ കരുത്തില്‍ നാം കുതിച്ചുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശിനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തൊന്നൂറ്റിരണ്ട് വയസ്സ് ഉണ്ടായിരുന്നേനെ. പക്ഷെ, ഉര്‍ജ്ജസ്വലമായ ആ വ്യക്തിപ്രഭാവം, എന്നും ചുറുചുറുക്കോടെ മാത്രമേ നമ്മുടെ മനസ്സില്‍ വരുകയുള്ളു.
ഇന്ദിര പ്രിയദര്‍ശിനിയെ കുറിച്ച് പറയാന്‍ ഒരുപാടൊരുപാട് രസകരമായ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ വേറെ ഒരവസരത്തില്‍ ആകാം.
എല്ലാപേര്‍ക്കും നന്ദി.
------------------------------------------
"I am not interested in a long life. I am not afraid of these things. I don't mind if my life goes in the service of this nation. If I die today, every drop of my blood will invigorate the nation" Indira Gandhi's last speech, Bhubaneswar, India
(October 30, 1984), one day before her assassination.
------------------------------------------
ഈ പോസ്റ്റിലെ വിവരങ്ങള്‍ പറഞ്ഞുതന്ന എന്‍റെ സ്നേഹിതന്‍ ടി. എന്‍. മുഹമ്മദ് ഷെഫീക്കിന് പ്രത്യേകം നന്ദി.