Sunday, January 10, 2010

കുഞ്ഞുവിന്റെ കുർക്കുബിറ്റ പെപ്പൊ കോഫ്ത



                   “കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത”, അതായിരുന്നു കുഞ്ഞു അതിനിട്ട പേര്. കുര്‍ക്കുബിറ്റ പെപ്പൊ എന്നും കുഞ്ഞുവിനൊരു വീക്ക്നെസ്സ് ആയിരുന്നു. കുമാരേട്ടന്റെ പ്രിയപത്നിക്ക് എന്നും എല്ലാപേരെയും രുചിയായി ഊട്ടാന്‍ വലിയ ഉത്സാഹമായിരുന്നു. നല്ല കൈപ്പുണ്യവും, സ്നേഹവും, ഉത്സാഹവും ഒക്കെ കുഞ്ഞുവിനു അലങ്കാരമായിരുന്നു. ഒട്ടുമുക്കാല്‍ ആണുങ്ങളെപ്പോലെ, കുമാരേട്ടന്റെയും ഹൃദയത്തിലേയ്ക്കുള്ള വഴി, നാവിലൂടെ, വയറിലൂടെയായിരുന്നു.
                    പെണ്ണുകാണല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ കുമാരേട്ടന് മിക്കവാറും ഒന്നിനെയും പിടിച്ചില്ല, പ്രത്യേകിച്ച് സ്ലിം ബ്യൂട്ടികളെ. ആഹാരം വെറുത്ത അവരെയങ്ങാനും കെട്ടിയാല്‍ തന്റെ വയര്‍ തന്നോട് പൊറുക്കില്ല എന്ന് അദ്ദേഹത്തിന് അന്നേ അറിയാമായിരുന്നു. അങ്ങനെ ഒരു പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ്, ഉണ്ടക്കുട്ടിയായി നമ്മുടെ കുഞ്ഞുവിനെ അപ്രത്തെ വീട്ടില്‍ കണ്ടത്. കുമാരേട്ടന്റെ കണ്ണുകള്‍ വിടര്‍ന്നു. “ദേ, ഇതു പോലത്തെ ഒരാളെയാണ് എനിക്കു വേണ്ടത്”, കുമാരേട്ടന്റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിലായിപ്പോയി. ഇതു പോലത്തേതാക്കുന്നതെന്തിന്? ഇതു തന്നെയായാലോ? കൂടെയുണ്ടായിരുന്ന കാരണവന്മാര്‍ മഴകാത്തിരുന്ന വേഴാമ്പലിനെപ്പോലെ ഉത്സാഹികളായി. എത്രയെത്ര കുട്ടികളെയാണ് കാണാന്‍ പോയത്, ആകെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞത് ഇതാ ഇവിടെ, വളരെ അടുത്ത്. ഇങ്ങനെയൊരാള്‍ അടുത്തുണ്ടായിട്ടാണോ പലയിടത്തും തപ്പി നടന്നത്. പിന്നെ താമസിച്ചില്ല. കാരണവന്മാര്‍ കര്‍മ്മനിരതരായി, കാര്യങ്ങള്‍ ഹൈസ്പീഡിലായി… അങ്ങനെ കുഞ്ഞു കുമാരേട്ടനു സ്വന്തമായി.
                           കുഞ്ഞു ‘പ്ലസ് റ്റു’ കാരിയായിരുന്നു. കുഞ്ഞു എന്നത് കുമാരേട്ടന്‍ വിളിക്കുന്ന പേരാണ്. ശരിയായ പേര് കുഞ്ഞു തന്നെ മറന്നു പോയിരിക്കുന്നു. കൂടുതല്‍ പഠിക്കാന്‍ പറ്റും മുന്‍പേ കുമാരേട്ടന്‍ പിടികൂടിയില്ലേ. പ്ലസ് റ്റു വിനു സയന്‍സ് ഗ്രൂപ്പായിരുന്നു; അതില്‍ തന്നെ സസ്യശാസ്ത്രമായിരുന്നു കുഞ്ഞുവിന്റെ പ്രിയപ്പെട്ട വിഷയം. സസ്യങ്ങളെ അവയുടെ ശാസ്ത്രനാമം കൊണ്ട് ഓമനിക്കുന്നതായിരുന്നു കുഞ്ഞുവിന് ഇഷ്ടം. ഉരുളക്കിഴങ്ങിനെയും സവാളയെയും വഴുതനങ്ങയെയും ഒക്കെ ബൊട്ടാണിക്കല്‍ പേരുകളിലാണ് കുഞ്ഞു കൊഞ്ചിച്ചിരുന്നത്. അതായിരുന്നു കുഞ്ഞുവിന്റെ സ്റ്റൈല്‍!!!
                       ഇന്നു കുമാരേട്ടനു വേണ്ടി ഉണ്ടാക്കി വച്ച കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത, കുഞ്ഞുവിനേറ്റവും പ്രിയപ്പെട്ട മത്തങ്ങാക്കറിയായിരുന്നു. പക്ഷെ, സാധാരണ മത്തങ്ങക്കറിയാണിതെന്ന് കുഞ്ഞു സമ്മതിച്ചു തരില്ല; അതില്‍ കുഞ്ഞുവിന്റെതായ പല മിക്സിംഗുകളും ഉണ്ടാവും. പിന്നെ, അത് അതിമനോഹരമായി വിളമ്പി വയ്ക്കുകയും ചെയ്യും. “ഭക്ഷണം വിളമ്പുന്നതും പാത്രങ്ങള്‍ അടുക്കിവയ്ക്കുന്നതും ഒരു ചിത്രം വരച്ചപോലെ ഇരിക്കണം”, കുഞ്ഞു എപ്പോഴും മനസ്സില്‍ പറയുന്ന മന്ത്രമാണത്. വെറും പറച്ചില്‍ മാത്രമല്ല, ശരിക്കും അത് ഒരു മനോഹരചിത്രം പോലെ തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യല്‍ ഭഗവാനുള്ള നിവേദ്യമായി കാണുന്ന കുഞ്ഞുവിന്റെ സ്നേഹ സ്പര്‍ശം കൂടിയാകുമ്പോള്‍ പിന്നെ പറയുകേം വേണ്ട. അഹാരം റെഡിയായിക്കഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു ലേശമെടുത്ത് സ്വാദുനോക്കി, കണ്ണുകളടച്ച്, തലകുലുക്കി “ഓഹൊഹൊ!!!’ എന്നൊരു ആസ്വദിക്കലുണ്ട്. അതു കാണുന്നവരുടെ വായിലും കപ്പലോടിക്കും…
                       കുമാരേട്ടന്‍ തന്റെ കുഞ്ഞുവിന്റെ കൈപുണ്യത്തില്‍ വളരെയേറെ അഭിമാനിച്ചിരുന്നു. അവരുടെ മക്കള്‍ പോലും വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ അമ്മ ഉണ്ടാക്കിയതെന്ന് പറഞ്ഞ് ഓരോന്ന് എടുത്ത് വിളമ്പാന്‍ മത്സരമായിരുന്നു. എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞുങ്ങള്‍ അമ്മയുടെ കലാസൃഷ്ടികള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കല്‍ ഒരു അതിഥി കുടുംബത്തിലെ ഒരു കുഞ്ഞ് ഈ ടേസ്റ്റ് നുകര്‍ന്ന് നിര്‍ദ്ദോഷമായി ചോദിച്ചു, “ഈ അമ്മയെ എനിക്ക് തരുമോ?” പെട്ടെന്നാണ് കുഞ്ഞുവിന്റെ കുഞ്ഞുങ്ങളുടെ മുഖം മാറിയത്; അവര്‍ വയലന്റായി, “ഞങ്ങളുടെ അമ്മയെ ഒഴികെ വേറെ എന്തും തരാം”, അവര്‍ അമ്മയ്ക്ക് കരവലയം കൊണ്ട് സംരക്ഷണം തീര്‍ത്തു…കൊള്ളാം, അച്ഛന്റെ പൊന്നു മക്കള്‍ തന്നെ, അമ്മയുടെ സ്നേഹവും, കൈപ്പുണ്യവും അങ്ങനെ കൈവിടാന്‍ പറ്റുമോ…
                    കാലം കടന്നു പോയി…. കുഞ്ഞുവിന്റെ പാചകപരീക്ഷണം കുമാരേട്ടന്റെ വയറിനെയും മനസ്സിനെയും വളരെയേറെ സുഖിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന നിത്യോപയോഗസാധനങ്ങളുടെ വില അദ്ദേഹത്തിന്റെ പോക്കറ്റിനെ ദുര്‍ബ്ബലമാക്കി. പലചരക്കു കടയിലെ മാസാവസാന കണക്ക് സകല സാമ്പത്ത്യമാന്ദ്യത്തിനെയും തോല്‍പ്പിക്കുന്നതായിരുന്നു. ദിവസവും ഓരോ പുതിയ ഐറ്റം! പുതിയ പേരുകള്‍….ഇങ്ങനെ പോയാല്‍ കുമാരേട്ടന്‍ ഇനി രാത്രി വല്ല സെക്യൂരിറ്റി പണിക്കു കൂടി പോകേണ്ടിവരും, നിന്നു പിഴക്കാന്‍…. കുഞ്ഞുവിനോട് ചിലവ് കുറക്കാന്‍ പറയാനുള്ള മടി കാരണം അതിനും കഴിയുന്നില്ല, കുഞ്ഞുവിനു വിഷമമായാലോ… എങ്ങനെ ഇതൊന്ന് പരിഹരിക്കും? കുമാരേട്ടന്‍ തലകുത്തിയും, താടിക്ക് കൈകൊടുത്തും, കണ്ണടച്ചും, തലപുകച്ചും ഒക്കെ ആലോചിച്ചു. ഒടുവില്‍…..യുറേക്കാ!!!!……ദിവസങ്ങളുടെ തപസ്യക്ക് ഗുണമുണ്ടായി….. തങ്ങളുടെ വിവാഹം കഴിഞ്ഞ് ഇന്നേവരെ കുഞ്ഞുവിന് സ്വന്തമായി ഇഷ്ടം എന്നൊന്നില്ല…. കുമാരേട്ടന്റെയും മക്കളുടെയും ഇഷ്ടം തന്നെ കുഞ്ഞുവിന്റെയും ഇഷ്ടം…. കുമാരേട്ടന്റെ ഇഷ്ടപ്പെട്ട “സൊളാനം ലൈകൊപെര്‍സിക്കം കുര്‍മ” – ഓ നമ്മുടെ തക്കാളിക്കറി – എല്ലാ ദിവസവും ഒരു മടിയുമില്ലാതെ ആ വീട്ടില്‍ ഉണ്ടാക്കുന്നത് തന്നെ നല്ല ഉദാഹരണം…. പലചരക്ക് കടയിലെ അക്കൌണ്ട് ഗണ്യമായി കുറക്കണം….ഇല്ലെങ്കില്‍ നമ്മുടെ കേരളത്തെപ്പോലെ കടക്കെണിയിലാവും, ഷുവര്‍!!!
                   കുമാരേട്ടന്റെ ബുദ്ധി ചെറുതായി, അല്ല വലുതായിത്തന്നെ വര്‍ക്ക് ചെയ്ത് തുടങ്ങി…. അടുത്ത ദിവസം പതിവിലും താമസിച്ചാണ് അദ്ദേഹം ഓഫീസ്സില്‍ നിന്നും വീട്ടിലെത്തിയത്…. പരവശനായി അഭിനയിക്കാന്‍ വേണ്ടി അദ്ദേഹം അന്ന് ഉച്ചയൂണ് പോലും ഉപേക്ഷിച്ചു. ദുഃഖത്തോടെയുള്ള കുമാരേട്ടന്റെ ആ അവസ്ഥ കുഞ്ഞുവിനെ അമ്പരപ്പിച്ചു. തന്റെ പുതിയ സൃഷ്ടിയായ അനാനസ് കോമൊസസ് ക്രഷ് വിത്ത് സിട്രസ് ലിമോന്‍ (പൈനാപ്പിള്‍ - നാരങ്ങ ജ്യൂസ്) ഒരു കുഞ്ഞു ടച്ചോടെ കുമാരേട്ടനു സേര്‍വ്വ് ചെയ്യാന്‍ കുതിച്ചെത്തിയപ്പോഴേക്കും, വളരെ അവശനായ അദ്ദേഹത്തിന്റെ മുഖം….. കുഞ്ഞുവിന് വിഷമമായി…. “എന്താ ചേട്ടാ, എന്തു പറ്റി, വളരെ ക്ഷീണം ഉണ്ടല്ലോ…” ആദ്യമായി തന്റെ കുഞ്ഞുവിനോട് കള്ളം പറയുകയാണെന്നുള്ള കുറ്റബോധത്തോടെ കുമാരേട്ടന്‍ പറഞ്ഞു, “ഒന്നും പറയണ്ട…ഇന്നു ഓഫീസ്സില്‍ വച്ച് പെട്ടെന്ന് ഒരു തലകറക്കം വന്നു. ആശുപത്രിയില്‍ പോയി എല്ലാം ഒന്നു ടെസ്റ്റ് ചെയ്തു…. എന്റെ കുഞ്ഞുവേ, എനിക്ക് ഷുഗറും, കൊളസ്ട്രോളും, പ്രഷറും ഒക്കെയുണ്ടെന്നാ റിസല്‍റ്റ്….. ഇനി….ഇനി….ആഹാരകാര്യത്തിലൊക്ക വലിയ നിയന്ത്രണം കൂടിയേ തീരൂ…അല്ലെങ്കില്‍….” അതു മുഴുവിപ്പിക്കാന്‍ കുഞ്ഞു സമ്മതിച്ചില്ല…”അയ്യോ, ചേട്ടാ അതെങ്ങനെ പറ്റി? ഞാന്‍ വളരെ സൂക്ഷിച്ചല്ലേ ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരുന്നത്? എന്നിട്ടും…..!!!” കുമാരേട്ടന്‍ ഇടപെട്ടു “അത് കൊണ്ടാണത്രേ ഞാന്‍ ഇത്രേം കാലമെങ്കിലും ജീവിച്ചത്, പക്ഷെ ഇനി സൂക്ഷിച്ചില്ലെങ്കില്‍….” ഇവിടെയും കുഞ്ഞു ചാടിവീണു “ വേണ്ട ചേട്ടാ….ഇനി നമുക്ക് എല്ലാം നിയന്ത്രിക്കാം… ഇനി ഈ വീട്ടില്‍ ആഹാരം നമുക്ക് വളരെ സൂക്ഷിച്ച് പ്ലാന്‍ ചെയ്യാം….. മധുരവും, കൊഴുപ്പും ഒക്കെ ഇനി പടിക്ക് പുറത്ത്…”. “അയ്യോ അതു വേണ്ട…എനിക്കല്ലേ കുഴപ്പമുള്ളു, നീയും മക്കളും ഒരു കുറവും വരുത്തണ്ട…” കുമാരേട്ടന്‍ നല്ലപിള്ളയായി….. കുഞ്ഞുവിന്റെ മുഖത്ത് പരിഭവം സുനാമിയായി, “എന്താ ചേട്ടാ എന്നെ അങ്ങനെയാണോ കരുതിയത്? എന്റെ ചേട്ടനു കഴിക്കാന്‍ പറ്റാത്തതൊന്നും എനിക്കും വേണ്ട”…. പുറമേ ദുഃഖം അഭിനയിച്ചെങ്കിലും കുമാരേട്ടന്റെ മനസ്സ് ചിരിച്ചു, “കൊച്ചു കള്ളന്‍, ഒപ്പിച്ചു കളഞ്ഞല്ലോ ശ്ശൊ, എന്റെ ഒരു കാര്യം…” മനസ്സ് മനസ്സിനെ അഭിനന്ദിച്ചു. പാവം കുഞ്ഞുവിനെ സങ്കടപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷമവും തോന്നി.
               പിറ്റേന്ന് മുതല്‍ ആ വീട്ടില്‍ ഡയറ്റ് കുക്കിംഗ് ആരംഭിച്ചു. പച്ചിലകളും, ഉപ്പുമാവും, ചെറുപയര്‍ പുഴുങ്ങിയതും ഒക്കെയായി ആഹാരം…. ദിവസങ്ങള്‍ കടന്നു പോയി…. ഒന്നാം തീയതി വന്നു….ശമ്പള ദിവസം….പലചരക്ക് കടയില്‍ കണക്ക് സെറ്റില്‍ ചെയ്യേണ്ട സുദിനം…. ഒരു കള്ളച്ചിരിയുമായി കുമാരേട്ടന്‍ ഉത്സാഹത്തോടെ പലചരക്ക് കടയിലേക്ക് നടന്നു….ആ മാസം കിട്ടുന്ന ഭീമമായ സേവിംഗ്സ് എങ്ങനെയൊക്കെ ചിലവാക്കും എന്നൊക്കെ പ്ലാനിംഗ് നടത്തി… കടയിലെ തിരക്ക് കുറയുന്നതും കാത്ത് അഞ്ച് മിനിട്ട് നിന്നു. ഒരു ചെറു പുഞ്ചിരിയോടെ കടയ്ക്കുള്ളിലേയ്ക്ക് കയറി. കടക്കാരന് പതിവിലും വിനയം, ഇരിക്കാല്‍ ഒരു കസേരയൊക്കെ ഇട്ടുകൊടുത്തു. കുമാരേട്ടന്റെ കണക്ക് പുസ്തകം എടുത്ത്, ഒന്നുകൂടി കണക്ക് ഉറപ്പ് വരുത്തി…..
                    കണക്ക് പുസ്തകം കണ്ടതും കുമാരേട്ടന് പെട്ടെന്ന്, കണ്ണില്‍ ഇരുട്ട് പടര്‍ന്നു…തൊണ്ട വരണ്ടു…ശബ്ദം പുറത്ത് വരുന്നില്ല… കസേര കിട്ടിയത് കൊണ്ട് മറിഞ്ഞു വീണില്ല എന്നേ ഉള്ളൂ. കുമാരേട്ടന്‍ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഒരു സോഡ തന്നെ കിട്ടി… അത് കുടിക്കുന്നതിനൊപ്പം, കുറച്ചെടുത്ത് മുഖവും തുടച്ചു…. കണ്ണുകള്‍ നന്നായി തുറന്ന് തന്റെ കണക്കുശീട്ട് വ്യക്തമായി ഒന്നു നോക്കി. ഒന്നുകൂടി അത് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു….ഓക്കെ…. എന്നിട്ടും രക്ഷയില്ല…. കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിയില്‍ കൂടുതലായിരിക്കുന്നു ഈ മാസത്തെ ബില്ല്…ഇതെങ്ങനെ സംഭവിച്ചു? എല്ലാ സാധനങ്ങളും പലവ്യഞ്ജനങ്ങള്‍ തന്നെ…. സ്ഥിരമായി വീട്ടില്‍ വാങ്ങിയിരുന്നവ മാത്രം…. പക്ഷെ അതിന്റെ അളവില്‍ വന്‍ വര്‍ദ്ധന!!! ഇവിടെ നിന്ന് സംശയം പ്രകടിപ്പിച്ചാല്‍ അത് തന്റെ കുഞ്ഞുവിന് മോശമല്ലേ....അതുകൊണ്ട് കറണ്ട് ബില്ലിനുള്ളതും, പത്രക്കാരനുള്ളതും എല്ലാം കൂടി എടുത്ത് തികച്ച് കണക്ക് സെറ്റില്‍ ചെയ്ത് വീട്ടിലെത്തി.
                      “കുഞ്ഞുവേ…” കാണുന്നില്ലല്ലോ…മക്കളൊക്കെ അവിടെ ഉണ്ട്….”അമ്മയെവിടെ മക്കളേ?”…. കുമാരേട്ടന്‍ നേരത്തേ അഭിനയിച്ച പരവേശം ശരിക്കും അനുഭവിച്ചുകൊണ്ട് ചോദിച്ചു. അമ്മയെപ്പോലെ തന്നെ, ചെയ്യുന്ന കാര്യത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയുള്ള മകന്‍ ഹോംവര്‍ക്ക് ചെയ്യുന്നതിനിടയില്‍ അച്ഛന്റെ ചോദ്യം കേട്ടതേയില്ല….ടി വി കണ്ടുകൊണ്ടിരുന്ന മകള്‍ അതില്‍ നിന്നു കണ്ണെടുക്കാതെ തന്നെ പറഞ്ഞു, “അമ്പലത്തില്‍ പോയതാ”…. സമയം നീങ്ങുന്നില്ല… ഒടുവില്‍ കുമാരേട്ടന്റെ കുഞ്ഞു ഒരു ഐശ്വര്യലക്ഷ്മിയായി വന്നെത്തി….. ശരിക്കും ക്ഷീണിതനായ കുമാരേട്ടനെ കണ്ട് കുഞ്ഞുവിന് സങ്കടം സഹിച്ചില്ല…. “എന്താ ചേട്ടാ….ഇന്നെന്താ തീരെ വയ്യായ്കയാണല്ലോ”….. കുമാരേട്ടന് എവിടെ തുടങ്ങണം എന്നറിയാത്ത പോലെ…. എങ്കിലും പലചരക്ക് കടയിലെ കണക്കിന്റെ കാര്യം എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
                           “ഇത്രയേ ആയൊള്ളോ? ഞാന്‍ വിചാരിച്ചു ഇതിന്റെ ഇരട്ടിയെങ്കിലും ആകുമെന്ന്…. വാങ്ങിയ എല്ലാ സാധനവും വന്നിട്ടില്ലേ ചേട്ടാ..?” കുഞ്ഞു ആ കണക്ക് പുസ്തകം ഒന്നുകൂടി സ്കാന്‍ ചെയ്തു… അവിശ്വനീയതയോടെ പറഞ്ഞു “ഭഗവാനേ, ഇത്ര രൂപയല്ലേ ആയുള്ളൂ….ഭാഗ്യം….” എത്ര നിസ്സാരമായാണ് കുഞ്ഞു അത് പറഞ്ഞത്…കുമാരേട്ടന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല…
                            കുറച്ച് സമയമെടുത്തു അദ്ദേഹത്തിന് സ്വബോധവും, മനസ്സാന്നിദ്ധ്യവും തിരികെ കിട്ടാന്‍…. അടുക്കളയില്‍ നിവേദ്യമൊരുക്കുന്ന കുഞ്ഞുവിന്റെ അടുത്ത് ചെന്ന് മടിച്ച് മടിച്ച് അദ്ദേഹം ഈ അധികച്ചിലവിനെക്കുറിച്ച് ചോദിച്ചു. “അതേ, ചേട്ടന്റെ ഈ പഞ്ചസാരയുടെ അസുഖം മാറുന്നതിനുവേണ്ടി ഞാന്‍ കൃഷ്ണന്റെ അമ്പലത്തില്‍ നാല്പ്പത്തിയൊന്നു ദിവസം പാല്‍പായസം നേര്‍ന്നിട്ടുണ്ട്… പിന്നെ അനാഥാലയത്തില്‍ 101 കുട്ടികള്‍ക്ക് വീതം ഒരു മാസം സദ്യ….ദേവീക്ഷേത്രത്തില്‍ തുലാഭാരം…ഗണപതി ഭഗവാന് പാലഭിഷേകം….” “അയ്യോ അതിനുള്ള സാധനങ്ങളൊക്ക നമ്മുടെ പലചരക്കു കടയില്‍ നിന്നാണോ?” കുമാരേട്ടന്റെ ഉള്ളില്‍ നിന്ന് പെട്ടെന്നൊരേങ്ങല്‍….. “പിന്നല്ലാതെ, എല്ലാം എന്റെ കുമാരേട്ടനു വേണ്ടിയല്ലേ…. ഭഗവാനേ…എന്റെ ചേട്ടന്റെ അസുഖമെല്ലാം വേഗം മാറണേ…. എന്നിട്ട് വേണം എനിക്ക് എന്റെ ചേട്ടന് ബ്രാസിക്കാ ഒലേറസ്യ ഗോബി ഉണ്ടാക്കിക്കോടുക്കാന്‍….” പ്രാര്‍ത്ഥനയോടെ കുഞ്ഞു മുന്‍വശത്തെ മുറിയില്‍ കൃഷ്ണന്റെ പടത്തിനു മുന്നില്‍ വിളക്ക് വയ്ക്കാന്‍ പോയി…
                     കുമാരേട്ടന്റെ കണ്ണില്‍ വീണ്ടും ഇരുട്ട് തുളച്ചുകയറി…തൊണ്ട വരണ്ടു…. തന്നെ മാത്രം സ്നേഹിക്കുന്ന, തന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടം മാത്രം നോക്കുന്ന പാവം കുഞ്ഞുവിനെ ഇങ്ങനെ പറ്റിച്ചതിന് ദൈവം തന്ന ശിക്ഷ തന്നെ…..ഇതില്‍ നിന്ന് എങ്ങനെ ഒന്ന് തലയൂരും എന്ന് കണ്ണടച്ചിരുന്ന് ധ്യാനിച്ചപ്പോള്‍, ഹോം വര്‍ക്ക് ചെയ്യുകയായിരുന്ന നാലാം ക്ലാസ്സുകാരന്‍ കുട്ടന്‍ അച്ഛനെ കുലുക്കിയിണര്‍ത്തി..”അച്ഛാ, വാക്യത്തില്‍ പ്രയോഗിക്കുക – വെളുക്കാന്‍ തേച്ചത് പാണ്ടായി – ഒരു സെന്റന്‍സ് പറഞ്ഞുതാ അച്ഛാ…..”

30 comments:

  1. "...അച്ഛാ, വാക്യത്തിൽ പ്രയോഗിക്കുക – വെളുക്കാൻ തേച്ചത് പാണ്ഡായി – ഒരു സെന്റൻസ് പറഞ്ഞുതാ അച്ഛാ...”

    ReplyDelete
  2. അത് തന്നെ. വെളുക്കാന്‍ തേച്ചത് പാണ്ടായി
    പാവം കുമാരേട്ടന്‍!
    (പാണ്ട് എന്നല്ലേ ശരി?)

    ReplyDelete
  3. വളരെ നന്ദി, ശ്രീ....
    പാണ്ട് തന്നെയാണ് ശരി...ഞാൻ തിരുത്തി... വളരെ നന്ദി


    മലയാള ശബ്ദതാരാവലിയിൽ, പാണ്ട് എന്നതിനൊപ്പം തന്നെ, പാണ്ഡു എന്നും ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്, പാണ്ഡ് ഉള്ളവൻ പാണ്ഡു എന്ന അർത്ഥത്തിൽ... പക്ഷെ, സാധാരണ പ്രയോഗം പാണ്ട് തന്നെ)

    ReplyDelete
  4. അമിതമായ ഈ സ്നേഹം അപകടമാണേ...
    നല്ല പോസ്റ്റ്. അവതരണവും കോള്ളാം.

    ReplyDelete
  5. അടിപൊളി പോസ്റ്റ് , വളരെ നന്നായിട്ടുണ്ട് :)

    ReplyDelete
  6. കൊള്ളാം നല്ല പോസ്റ്റ്‌ ..വെളുക്കാന്‍ തേച്ചത് പാണ്ടായി

    ReplyDelete
  7. "വെളുക്കാന്‍ തേച്ചത് പാണ്ടായി" അതിലും നന്നായി ചേരുന്നത്
    "പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും "എന്നാണെന്ന് തോന്നുന്നു.....

    ഗോപാ ഗുണപാഠം
    1.പന്ത്രണ്ടില്‍ പഠിക്കുന്ന പുള്ളാരെ ഒന്നും കെട്ടരുത്.ലേശം ഇക്കോണൊമിക്സും ബഡ്‌ജറ്റിങ്ങും പ്ലാനിങ്ങും ഒക്കെ അറിയുന്ന പെണ്ണ് ആകണം..
    2.പിന്നെ ഭര്‍ത്താവിന്റെ വരുമാനം എത്ര ആണെന്ന് കൃത്യമായി ഭാര്യ അറിയണം.
    3.വരവറിഞ്ഞ് ചിലവിടുക...

    എന്തായാലും കഥകൊള്ളാം !:)
    'എന്തെങ്കിലും മനസ്സില്‍ കാണാതെ നമ്പൂരിച്ചന്‍ പൊതി അഴിക്കില്ലല്ലോ'..അല്ലേ?:) :)

    ReplyDelete
  8. നന്നായിരിക്കുന്നു.

    ReplyDelete
  9. അച്ഛാ, വാക്യത്തിൽ പ്രയോഗിക്കുക – വെളുക്കാൻ തേച്ചത് പാണ്ടായി – ഒരു സെന്റൻസ് പറഞ്ഞുതാ അച്ഛാ…..”

    Oru sentence akunnathenthinu? Oru valiya kadha thanne paranju tharam.....

    Ha haa haaa..... good one...keep it up...

    ReplyDelete
  10. ഇതിവൃത്തം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നല്ല ഒഴുക്കുണ്ട്. അഭിനന്ദനങ്ങള്‍!

    ReplyDelete
  11. ബ്ളോഗിലെ വായനക്കാരു മാത്രമല്ലേ ഇത് വായിക്കുന്നുള്ളൂ എന്നതാണ് വിഷമം.... അടിപൊളി.....

    ReplyDelete
  12. nalla rasamundu ketto .gopan valare sookshikkane selection nadathumbol.nalla ozhukku

    ReplyDelete
  13. വെളിക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി......!

    ഈ പോസ്റ്റ് പക്ഷേ ഉഷാറായി... പ്രഷറും ഷുഗറും കൊളസ്ട്രോളും കെമിസ്ട്രിയും എല്ലാം കൂടി നല്ല ഒന്നാംതരം സദ്യയാക്കിയിരിയ്ക്കുന്നു...!

    ReplyDelete
  14. വേണം കുമാരേട്ടനിതുതന്നെ വേണം ! സ്നേഹമയിയായ, നിഷ്കളങ്കയായ ഭാര്യയെ പറ്റിച്ചില്ലേ? അതും അസുഖമെന്നു പറഞ്ഞ്. ഭാര്യയുടെ മനസ്സ് എത്ര വേദനിക്കും എന്നൊന്ന് ഓര്‍ത്തില്ലല്ലോ ഇങ്ങനെ അസുഖങ്ങളാണ് എന്ന് പുളുവടിക്കുമ്പോള്‍. അനുഭവിക്കട്ടേ അനുഭവിക്കട്ടേ...

    ഗോപാ അടിപൊളി കഥ. കഥയായാല്‍ ഇങ്ങനെവേണം.

    ReplyDelete
  15. നല്ല ഭാഷ . കഥാ കാരനാകാന്‍ യോഗ മുണ്ട് . ഇവിടെ തുടങ്ങുക ...........

    ReplyDelete
  16. നല്ല കഥ..പിന്നെ എഴുത്തിന്റെ ശൈലിക്കു മുഴുവൻ മാർക്ക്

    ReplyDelete
  17. അടിപൊളി മാഷെ. കുമാരേട്ടന്റെ ഒരു ഭാഗ്യം. കുഞ്ഞുവിനെപ്പോലെ ഒരാളെ കിട്ടിയല്ലോ.

    ReplyDelete
  18. അടിപൊളി എഴുത്ത്. :) നല്ല ശൈലി.

    ഇതുപോലുള്ള ഞെരിപ്പ് കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

    എല്ലാവിധ ആശംസകളും

    ReplyDelete
  19. വെളുക്കാൻ തേച്ചത് പാണ്ടായി -:)

    ReplyDelete
  20. ഹ..ഹ...വളരെ ഇഷ്ടായി...:)

    ശരിക്കും ...വെളുക്കാൻ തേച്ചത് പാണ്ടല്ല. പാണ്ടൻ പൂച്ചയായി...ഹി. ഹി

    വളരെ രസകരം. ഈ കുർക്കുബിറ്റ

    ReplyDelete
  21. നന്നായിട്ടുണ്ട്...

    ReplyDelete
  22. ശ്രീ : വളരെ നന്ദി...കൃത്യമായ അഭിപ്രായത്തിനും, തെറ്റ് ചൂണ്ടിക്കാട്ടിയതിനും...

    ഉഷാമ്മേ : ശരിയാണ്, അമിതമായ സ്നേഹം ചില ചെറിയ ഗുലുമാലുകൾ ഉണ്ടാക്കും...ഒരുപാട് നന്ദി, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും...

    വേദവ്യാസൻ: വളരെ നന്ദി....

    ലക്ഷ്മീ : നന്ദി, ഇനിയും വരണം...

    മാണിക്യം ചേച്ചിയേ : ഈ കമന്റ് തന്നെ ഒരു നല്ല പോസ്റ്റാണല്ലോ...വളരെ നന്ദി...എപ്പോഴും തരുന്ന പ്രൊത്സാഹനത്തിന്...

    മിനിടീച്ചറേ : നന്ദി....

    മാലതീ : അതെ, ഒരു വാക്യമാക്കുന്നതെന്തിന്, ഒരു കഥതന്നെയാവട്ടേ...

    ഖാദർ : വളരെ നന്ദി, വായിച്ചതിനും, അഭിപ്രായത്തിനും...

    പ്രമീള : ഇത്രയും പേരുടെ പ്രോത്സാഹനം തന്നെ വളരെ വലുതാണ്... വളരെ നന്ദി...

    മഴമേഘങ്ങൾ : വളരെ നന്ദി (തീർച്ചയായും ഞാൻ ശ്രദ്ധിക്കും, തെരഞ്ഞെടുക്കുമ്പോൾ..ഹ ഹാ ഹാ...)

    കൊട്ടോട്ടിക്കാരൻ : വളരെ നന്ദി, സ്ഥിരമായ പ്രോത്സാഹനത്തിന്....

    ഗീതേച്ചീ : പാവമല്ലേ ഈ കുമാരേട്ടനും, കുഞ്ഞുവിനോടുള്ള സ്നേഹം കൊണ്ടല്ലേ നേരിട്ട് പറയാത്തത്...എന്നാലും, അതു കുറച്ച് കടുത്തുപോയി, അല്ലേ...
    വളരെ നന്ദി, ഈ പ്രോത്സാഹനത്തിനും, സ്നേഹത്തിനും...

    അൻബൂ : നന്ദി...ഇനിയും വരണം...

    ഉമേഷ് : വളരെ നന്ദി...

    പ്രവീൺ : വളരെ നന്ദി...പ്രോത്സാഹനത്തിന്...

    എഴുത്തുകാരീ : അതെ, കുമാരേട്ടനോട് അസൂയ തോന്നുന്നു... വളരെ നന്ദി....

    സാജൻ : വളരെ നന്ദി...

    Té la mà Maria - Reus : Thank You very much...

    ബഷീർ : വളരെ നന്ദി....ഇനിയും വരണം...

    ബിജു ജോർജ് : വളരെ നന്ദി...വീണ്ടും വരണം...

    ReplyDelete
  23. നല്ല വായന തന്നു. രസകരമായ അവതരണം. ഇനിയും എഴുതുക. എല്ലാ ആശംസകലും നേരുന്നു

    ഓഹരിനിലവാരം പോയ വാരം

    ReplyDelete
  24. അക്ബർ: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും...

    ReplyDelete
  25. ഈ അവതരണത്തിനാണ് കാശ് ഗോപാ..
    കുഞ്ഞൂനെ പറ്റിച്ചത് കുമാരേട്ടന് ഭീമൻപറ്റായി മാറിയത് കലക്കി!
    അതെ,‘കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു !‘

    ReplyDelete
  26. Hai Gopan, very nice. It could go as a best seller for some time. keep it up.
    S Kumar

    ReplyDelete
  27. ബിലാത്തിപട്ടണം / Bilatthipattanam : വളരെ നന്ദി... ഈ പ്രോത്സാഹനത്തിനു...

    ReplyDelete
  28. ശ്രീചേട്ടാ: വളരെ വളരെ സന്തോഷം...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും, പിന്നെ പ്രോത്സാഹനത്തിനും....

    ReplyDelete